CLOSE

കലയിലും ക്യാമറയിലും കരവിരുത് കാട്ടി സനുഷ് കൃഷ്ണ എന്ന കൊച്ചുമിടുക്കന്‍

പാലക്കുന്നില്‍ കുട്ടി

നമുക്ക് ചുറ്റും പലപ്പോഴായി നാം കണ്ടുമുട്ടുന്ന ഒട്ടനേകം പേരില്‍, അസാധാരണ അസ്വഭാവികത്വം, പൈതൃകമായോ ദൈവികമായോ സ്വായത്തമാക്കിയ ചിലരുണ്ടെന്നത് നാം അറിയാറില്ല. പ്രത്യക്ഷത്തില്‍ അവര്‍ ഏതെങ്കിലും വിഷയത്തില്‍ പ്രത്യേക കഴിവുള്ളവരാണോ എന്നത് നമ്മുടെ വിഷയമേ അല്ലല്ലൊ. ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ
സനുഷ്‌കൃഷ്ണയെന്ന കൊച്ചു മിടുക്കനെ പരിചയപ്പെടുത്താനാണ് ആമുഖമായി ഇത്രയും കുറിച്ചത്.
പാലക്കുന്നില്‍ അച്ഛന്റെ പീവീസ് ഫൂട്ട് വെയര്‍ ഷോപ്പില്‍ ഇവനെ പലപ്പോഴായി അതിലൂടെ പോകുന്നവര്‍ കണ്ടുകാണും.വെളുത്ത് സൂസ്‌മേരവദനനായ കൃശഗാത്രന്‍.
ആരോടും അധികം സംസാരിക്കാറില്ല. എല്ലാവരോടും നിഷ്‌കളങ്കമായ ചിരി.
തൊട്ടപ്പുറ വീട്ടിലെ പാപ്പന്റെ മകള്‍ കൊച്ചനിയത്തി ശിഖയാണ് അവന്റെ കൂട്ട്. ഓണ്‍ലൈന്‍ പഠനത്തിന്റെ ഒഴിവു നേരങ്ങളില്‍ രണ്ടുപേരും മറ്റ് കുട്ടികളോടൊപ്പം ചങ്ങാത്തം കൂടും.
തൃക്കണ്ണാട് കടപ്പുറത്ത് മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്ത് അത് പൂഴിയില്‍ ഉറപ്പിച്ച് ആകാശ ശൂന്യതയിലേക്ക് പൊങ്ങുമ്പോള്‍ സനുഷ് എടുത്ത സെല്‍ഫി നാട്ടില്‍ വൈറലായത് മാസങ്ങള്‍ക്ക് മുന്‍പ്. അവനെ പറ്റി കൂടുതല്‍ അറിയാന്‍ ഞാന്‍ അവനുമായി ചങ്ങാത്തം കൂടി.
ആരെയും കാണിക്കാത്ത ആരോടും പറയാത്ത കുറേ സവിശേഷ ‘കാഴ്ചകള്‍’ അവന്റെ മൊബൈലില്‍ പ്രത്യേക ഫോള്‍ഡറില്‍ സൂക്ഷിച്ചു വെച്ചത് അവന്‍ കാണിച്ചു തന്നു. പരസഹായമില്ലാതെ വരച്ച കുറേ ചിത്രങ്ങള്‍, മൊബൈലില്‍ പകര്‍ത്തിയ ആകര്‍ഷമായ കുറേ ഫോട്ടോകളും സെല്‍ഫികളും. ഉത്സവ പറമ്പിലെ ആരുടെയും ശ്രദ്ധയില്‍ പെടാത്ത കുറേ കാഴ്ച്ചകള്‍ ക്ലിക്ക് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലെ വേഷമിട്ട് ഉമ്മറത്തെ ചാരുകസേരയില്‍ പുസ്തകങ്ങള്‍ക്ക് മുന്നില്‍ ഒരു കാല്‍ മടക്കിവെച്ചുള്ള സെല്‍ഫിയും അക്കൂട്ടത്തില്‍ ശ്രദ്ധേയമായി തോന്നി. ലോക്ഡൗണില്‍ ഓണ്‍ ലൈന്‍ പഠനത്തിനായി അച്ഛന്‍ വാങ്ങികൊടുത്ത മൊബൈലിലാണ് സനുഷ് ഈവിധ ‘വികൃതി’കളെല്ലാം ഒപ്പിച്ചത്. ഫോട്ടോഗ്രാഫിയില്‍ സനുഷിന്റെ മികവ് കണ്ട് പ്രോല്‍സാഹനമായി അച്ഛന്‍ അവന് ട്രൈപ്പോഡ് വാങ്ങികൊടുത്തു. ചിത്ര രചനയിലാണ് ഏറെ കമ്പം. പ്രകൃതി ഭംഗി ഒപ്പിയെടുത്ത
ഒട്ടേറെ ചിത്രങ്ങള്‍ സനുഷ് വരച്ചിട്ടുണ്ട്. ജൂലൈ 11ന് ലോകജനസംഖ്യ ദിനവും, ഓഗസ്റ്റ് 6 ലെ ഹിരോഷിമ ദിനവും അവന്റെ ഭാവനക്കനുസൃതമായി വരച്ചു . വരച്ചതെല്ലാം സ്വയംനോക്കി ആസ്വദിക്കുന്നതാണ് സനുഷിന്റെ രീതി. അച്ഛന്‍ സുകേഷ് (ബാബു) നാട്ടിലെ അറിയപ്പെടുന്ന ഡാന്‍സ് മാസ്റ്ററും കൊരിയോഗ്രാഫറുമാണ്. അമ്മ സിന്ധു നന്നായി ചിത്രം വരക്കും. ലോക്ഡൗണ്‍ കാലത്ത് മുഷിപ്പകറ്റാന്‍ ഒട്ടേറെ ചിത്രങ്ങള്‍ വരച്ചു. മ്യൂറല്‍ പെയിന്റിംഗിലാണ് താല്പര്യം.
സംഗീതപ്രേമികളുടെയും വിവിധ കലാകാരന്‍മാരുടെയും എഴുത്തുകാരുടെയും നര്‍ത്തകരുടെയും തട്ടകമാണ് നമ്മുടെ കൊച്ചു ജില്ല. സനുഷിപ്പോലെയോ അതിലും മികവുറ്റതോ ആയ ഒട്ടനേകം വളര്‍ന്നു വരേണ്ട പ്രതിഭകള്‍ നമുക്ക് ചുറ്റുമുണ്ടെങ്കിലും പ്രോല്‍സാഹനം കിട്ടാതെ ഈ ബാല്യ പ്രതിഭകള്‍ അവരിലേക്ക് തന്നെ ഒതുങ്ങിപ്പോവുകയാണ്. ഇവരെ കണ്ടെത്തി അവരുടേതായ വഴിയിലേക്ക് നയിക്കാന്‍ പ്രാപ്തമായ ഒട്ടേറെ സാംസ്‌കാരിക കൂട്ടായ്മകളുള്ള നാടാണ് നമ്മുടേത്. ഒട്ടേറെ സനുഷുമാര്‍ നമ്മുടെ ചുറ്റുവട്ടത്ത് തന്നെയുണ്ട്. കണ്ടെത്തണം അവരെ നമ്മള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *