CLOSE

സാലിഹ് മുണ്ടോള്‍ : വേറിട്ട നൈതിക വിശേഷങ്ങളിലൂടെ വ്യത്യസ്തനായ ഭിഷഗ്വരന്‍

പാലക്കുന്നില്‍ കുട്ടി

ആധുനിക വൈദ്യശാസ്ത്രത്തില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട പദമാണ് മെഡിക്കല്‍ എത്തിക്‌സ് (Medical Ethics). വൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കേണ്ടവര്‍ അനുഷ്ഠിക്കേണ്ട അടിസ്ഥാന മൂല്യങ്ങളും തത്ത്വങ്ങളും പ്രമാണമാക്കിയുള്ള പ്രതിജ്ഞയാണത്. പക്ഷേ ‘മെഡിക്കല്‍ എത്തിക്‌സ്’ എന്നത് കേവലം ഒരു ആലങ്കാരിക പദ പ്രയോഗം മാത്രമല്ലേയെന്ന് സംശയിച്ചു പോകുന്ന രീതിയിലാണ് അതിന്റെ ഇന്നത്തെ അവസ്ഥ. ഹൃദയ സ്പന്ദനമാപിനി കഴുത്തില്‍ ചുറ്റി ‘ആതുരസേവന’മെന്ന പുറംപൂച്ചില്‍ ജനങ്ങളെ ‘സേവിച്ചു’ തുടങ്ങുന്നതോടെ എത്തിക്‌സിന്റെ അര്‍ത്ഥവ്യാപ്തി വികൃതമാകുന്ന കാലഘട്ടത്തിലാണ് സാലിഹ് മുണ്ടോള്‍ എന്ന ഭിഷഗ്വരനെ പോലുള്ള ചുരുക്കം ചിലരെ നമ്മള്‍ ഓര്‍ക്കേണ്ടി വരുന്നത്. അതും അവര്‍ ഈ ലോകത്തോട് വിടപറയുമ്പോള്‍.

ജില്ലയില്‍ അത്രയേറെ അറിയപ്പെടുന്നില്ലെങ്കിലും ഉദുമയിലും പരിസര പഞ്ചായത്തുകളിലുമുള്ളവര്‍ക്ക് സാലിഹ് മുണ്ടോള്‍ ‘കൈപുണ്യ’മുള്ള ഒരു ഡോക്ടര്‍ എന്നതിനപ്പുറം മനുഷ്യ സ്‌നേഹിയും പ്രകൃതി സ്‌നേഹിയും, പറഞ്ഞാല്‍ ഒതുങ്ങാത്ത മറ്റെന്തൊക്കെയോ ആയ വ്യക്തിത്വത്തിനുടമയുമാണ്. വൈദ്യ ചികിത്സാരംഗം വാണിജ്യവല്‍ക്കരിക്കപ്പെട്ട കാലഘട്ടത്തില്‍ നൈതികമായ മൂല്യങ്ങള്‍ മുറുകെ പിടിച്ച് സേവന, സാന്ത്വനസ്പര്‍ശമായിരുന്ന സാലിഹ് ഡോക്ടറെ പുറം ലോകം കൂടുതല്‍ അറിയുന്നത് അദ്ദേഹം കഴിഞ്ഞ ദിവസം നമ്മെ വിട്ടുപിരിഞ്ഞപ്പോഴായിരുന്നു. വെറുമൊരു ചരമ കോളത്തില്‍ ഒതുങ്ങാതെ അദ്ദേഹത്തെ കുറിച്ച് പ്രത്യേകം തയ്യാറാക്കിയ അനുസ്മരണങ്ങള്‍ എഴുതിയ പത്രങ്ങളാണ് തിങ്കളാഴ്ച്ച പുലര്‍ച്ചെ നമ്മുടെ കൈയ്യിലെത്തിയത്. വാട്‌സ്ആപ്പിള്‍ പലരും പങ്കുവെച്ച വിഭിന്നമായ അനുഭവങ്ങള്‍, എന്നോ മറന്നുപോയ പലതിലേക്കുമുള്ള ഒരോര്‍മ പുതുക്കലുമായി.

കാലത്തിന് മുന്‍പേ സഞ്ചരിച്ച പ്രകൃതി സ്‌നേഹി

ഉദുമയുടെ പാതയോരങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചപ്പോള്‍ ‘ഡോക്ടര്‍ക്കെന്തിന് ഈ പണി’ എന്ന് പറഞ്ഞ് പരിഹസിച്ചവരുണ്ടായിരുന്നു അന്ന്. ആ മരങ്ങള്‍ ഇന്ന് നാടിന് തണലേകുകയാണ്. പരിസ്ഥിതി/പ്രകൃതി സംരക്ഷണം എന്നത് ഒരു വിഷയമേ അല്ലാത്ത നാളുകളിലാണ് സ്റ്റെതസ്‌കോപ്പിന് പകരം വിത്തും കൈക്കോട്ടുമായി ഈ ഭിഷഗ്വരന്‍ വഴിയോരങ്ങളിലിറങ്ങിയത്. കാലത്തിന് മുന്‍പേ സഞ്ചരിച്ച പ്രകൃതി സ്‌നേഹിയായ ഡോക്ടര്‍. അദ്ദേഹം അന്ന് നട്ടവൃക്ഷമര ചുവട്ടില്‍ തണല്‍ തേടി പോയ വഴിയാത്രികര്‍ ഏറെ. തീരദേശ പാതയോരത്ത് അദ്ദേഹത്തിന്റെ ആശുപത്രിയുടെ എതിര്‍ ഭാഗത്തെ വലിയ കുന്ന് ഇപ്പോള്‍ പച്ചപുതപ്പ്ചൂടി കാണുന്നില്ലേ. ആ പുതപ്പണിയിക്കാന്‍ പ്രയത്‌നിച്ച ഡോ. സാലിഹ് മുണ്ടോള്‍ ആണ് ഇക്കഴിഞ്ഞ ദിവസം നമ്മോട് വിടപറഞ്ഞത്. ഡോക്ടര്‍ക്ക് പ്രകൃതിയോടുള്ള അതിരറ്റ സ്‌നേഹത്തിന്റെ നേര്‍സാക്ഷ്യമാണ് നിറഞ്ഞു കാണുന്ന ആ പച്ചതുരുത്ത്. ചികിത്സതേടി എത്തുന്ന പാവപ്പെട്ടവരോട് ഫീസ് വാങ്ങാതെ, അടുത്ത തവണ വരുമ്പോള്‍ വീട്ടുപറമ്പിലുള്ള വൃക്ഷ തൈകളും വിത്തും പകരമായി കൊണ്ടുവരാന്‍ ആവശ്യപ്പെടുകയായിരുന്നു അദ്ദേഹം. ഉപയോഗശൂന്യകിടന്ന ഇടങ്ങളില്‍ അതെല്ലാം വിതറി. രോഗവിമുക്തരായി തന്നെ കാണാനെത്തുന്നവരെയും താന്‍ നട്ടുനനച്ചതെല്ലാം വളര്‍ന്നു വലുതായി പച്ചപ്പിടിച്ചു കാണുമ്പോഴും സാലിഹ് ഡോക്ടരുടെ നല്ല മനസും അതോടൊപ്പം വളരുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് നിറഞ്ഞ പണ സഞ്ചിയുമായി പോകുമ്പോഴുള്ള സന്തോഷം അദ്ദേഹം കാംക്ഷിച്ചില്ല. ഒപ്പം പഠിച്ചവര്‍ മെഡിക്കല്‍ ബിരുദമെടുത്ത് സമൃദ്ധമായ സൗഭാഗ്യങ്ങളുമായി ജീവിതം കെട്ടിപ്പടുത്തപ്പോള്‍ അതിനായുള്ള എല്ലാവിധ പ്രയോഗിക സാദ്ധ്യതകള്‍ ഉണ്ടായിട്ടും സാധാരണക്കാരില്‍ സാധാരണക്കാരനായി, ഒരു ജനകീയ സ്വഭാവം ജീവിതത്തിലുടനീളം കൊണ്ടുനടന്ന വ്യക്തിയായിരിക്കാനായിരുന്നു ഇഷ്ടം. ഉദുമയില്‍ ആദ്യമായി ലയണ്‍സ് ക്ലബ് നിലവില്‍ വന്നത് അദ്ദേഹത്തിന്റെ കൂടി ശ്രമഫലമായിരുന്നു. 1980തുകളില്‍ നാലാംവാതുക്കലിലെ ഹരിജന്‍ കോളനിയില്‍ ആവശ്യമായ ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കിയത് ഇവരുടെ ആ കൂട്ടായ്മയായിരുന്നു. അതിലെ സാരഥികള്‍ പലരും ജോലികിട്ടി പലവഴി പിരിഞ്ഞതോടെ ഉദുമയിലെ ലയണ്‍സ് ക്ലബ് പ്രവര്‍ത്തനവും നിലച്ചു.

അലോപ്പതിയോടൊപ്പം ആയുര്‍വേദവും

ആയുര്‍വേദത്തെ അടുപ്പിക്കാന്‍ വൈമുഖ്യം കാട്ടുന്ന അലോപ്പതിക്കാരില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനായിരുന്നു ഡോ. സാലിഹ്. ഫലപ്രാപ്തിയുള്ള ചില ആയുര്‍വേദ ചികിത്സാരീതികള്‍ ചില രോഗികളില്‍ പരീക്ഷിച്ച് ഫലം കണ്ടെത്തിയ കഥകള്‍ അദ്ദേഹം പറയുമായിരുന്നു. സ്വന്തം പറമ്പിലെ ചില പച്ചിലകളും ഫലങ്ങളും മെഡിക്കല്‍ ഷോപ്പുകളിലെ ‘ഇംഗ്ലീഷ് മരുന്നിനെക്കാള്‍ ഗുണം ചെയ്യുമെന്ന് പ്രകൃതി ചികിത്സകന്‍ കൂടിയായ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.

വാര്‍ദ്ധക്യകാല വിശ്രമം മകളോടൊപ്പം

ഉദുമക്കാരുടെ പ്രിയ ഡോക്ടറെ നാട്ടുകാര്‍ നേരിട്ട് കാണാതെ ആറേഴ് വര്‍ഷമായെന്ന് തോന്നുന്നു. അദ്ദേഹം അങ്ങ് മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ മകളോടൊപ്പം വിശ്രമജീവിതം ആസ്വദിക്കുകയായിരുന്നു. ഉദയമംഗലം റോഡിലേക്കുള്ള വളവില്‍ പുതിയനിരത്ത് അദ്ദേഹത്തിന്റെ ക്ലിനിക് ഇപ്പോള്‍ ഉദുമ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ എന്ന പേരില്‍ വേറൊരാളുടെ പേരില്‍ നാമമാറ്റം ചെയ്യപ്പെട്ട് വിപുലമാക്കിയിട്ടുണ്ടെങ്കിലും നാട്ടുകാര്‍ക്കിത് ഇപ്പോഴും ‘സാലിരെ ആശുപത്രി’യാണ്. അന്ന് ആഡംബര ആകര്‍ഷണമൊന്നുമില്ലെങ്കിലും ‘സാലിരെ ആശുപത്രി’യില്‍ തിരക്കൊഴിഞ്ഞ നേരമില്ലായിരുന്നു. കാണാനെത്തുന്ന രോഗിയോട് കുശലാന്വേഷണത്തിനിടെ രോഗ വിവരവും ചോദിച്ചറിയും. രോഗം അപ്പോള്‍ തന്നെ പകുതിയും പമ്പകടക്കുമെന്ന് പഴമക്കാരുടെ അനുഭവ സാക്ഷ്യവും. ഡോസ് കുറഞ്ഞ മരുന്നിന് കുറിപ്പെഴുതി ഫീസ് തന്നാലും തന്നില്ലെങ്കിലും എന്ന മട്ടില്‍ പൊക്കോളാന്‍ പറയുന്നതാണ് രീതി. അതാണ് സാലി എന്ന ഉദുമക്കാരുടെ ജനപ്രിയ ഡോക്ടര്‍.

ആര്‍ക്കും മനസിലാകാത്ത വിധം കുറിപ്പുകള്‍ എഴുതുകയും ചികിത്സയെകുറിച്ച് ചോദിച്ചാല്‍ കണ്ണുരുട്ടുകയും ചെയ്യുന്ന ആധുനിക ഭിഷഗ്വരന്മാരുടെ സ്‌റ്റൈലന്‍ ജീവിത രീതിയും നടപ്പും ഭാവവും കണ്ട ജനം സാലിഹ് മുണ്ടോളിനെപ്പോലുള്ളവരെ കാണുമ്പോള്‍ ഇതെന്ത് ഡോക്ടര്‍ എന്ന് സ്വയം ചിന്തിച്ചുപോവുക സ്വാഭാവികം. സമൂഹം അറിഞ്ഞു നല്‍കിയ സവിശേഷ പദവിയുടെ ആടയാഭരണങ്ങള്‍ ഒന്നുമില്ലാതെ അരനൂറ്റാണ്ടോളം സേവിച്ച ഒരു പച്ച മനുഷ്യന്‍. താന്‍ ധരിക്കുന്ന പാന്റ്‌സിന്റെ നീളം ചുരിട്ടി വെച്ച് നടന്നു പോകാറുള്ള കൃശഗാത്രനായ ഡോക്ടറെ ഉദുമയിലെയും പാലക്കുന്നിലെയും ജനങ്ങള്‍ കാണാതെ ഏറെ വര്‍ഷങ്ങളായെങ്കിലും ‘സാലിരെ ആശുപത്രി’ എന്ന ഓര്‍മ അവര്‍ ഇനിയും എത്രയൊ കാലം ഉരുവിട്ടുകൊണ്ടിരിക്കും. നേപ്പളില്‍ ഏഷ്യന്‍ പെയിന്റ്‌സ് കമ്പനിയുടെ എം.ഡി. ആയിരുന്ന എന്റെ ജേഷ്ഠന്‍ പി.വി. കെ. കണ്ണനും, കര്‍ണാടക ബാങ്കില്‍ നിന്ന് മാനേജരായി വിരമിച്ച കാപ്പിലെ മുഹമ്മദ് ഷറഫുദ്ദിനും ഡോ. സാലിഹും ബേക്കല്‍ ഗവ. ഹൈസ്‌കൂളിലെ അറിയപ്പെടുന്ന ‘ത്രിമൂര്‍ത്തി’ കൂട്ടായ്മയായിരുന്നു. സാലിഹിന്റെ സഹോദരന്‍ മുഹമ്മദ് ഇവരുടെ ക്ലാസ് മാഷുമായിരുന്നു. സ്‌കൂളില്‍ ഈ ത്രിമൂര്‍ത്തികളുടെ വികൃതികള്‍, കര്‍ക്കശക്കാരനായ മുഹമ്മദ് മാഷ് കാണാതെ നടിച്ചത് ഈ മൂവരും സ്‌കൂളില്‍ പഠനത്തില്‍ കേമര്‍ ആയതിനാലും. കാസര്‍കോട് കോളേജില്‍ പിയുസി പഠനം മൂവരും ഒന്നിച്ചായിരുന്നുവെങ്കിലും ബിരുദം തേടി വിവിധ കോളേജുകളിലെത്തി. അടുത്ത് നിന്നല്ലാതെ അറിഞ്ഞ ഒരാളുടെ ഓര്‍മയുടെ ചേര്‍ത്ത് വെയ്പ് മാത്രമാണ് ഈ കുറിപ്പ്. ഇതിനെല്ലാം എത്രയോ അപ്പുറത്താണ് നമ്മുടെ സാലി ഡോക്ടരുടെ നമ്മള്‍ അറിയാത്ത വിശേഷങ്ങള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *