CLOSE

കൊക്കാലിലെ വേണുഗോപാലന്‍: അനുഭവങ്ങളുടെ ആഴവും പരപ്പും അതിജീവനത്തിന്റെ പാഠമാക്കിയ ഭിന്നശേഷിക്കാരന്‍

പാലക്കുന്നില്‍ കുട്ടി

അമ്മയുടെ ഉദരത്തില്‍ നിന്ന് അരനൂറ്റാണ്ട് മുന്‍പ് പിറവിയെടുത്ത ഒരു ആണ്‍ കുഞ്ഞ്. എല്ലാവരെയും പോലെ ഒരു വര്‍ഷത്തിന് ശേഷമൊരു ആദ്യ ജന്മദിനം ആ കുഞ്ഞിനും അവകാശപെട്ടതാണ്. കേക്ക് മുറിച്ചോ സ്വാദിഷ്ട ഭക്ഷണം വിളമ്പിയോ സന്തോഷ നിമിഷങ്ങള്‍ പങ്കിടാത്ത ആ കാലം. തൊട്ടടുത്ത അമ്പലത്തില്‍ പോയി പ്രാര്‍ഥിക്കാന്‍ പോലും പക്ഷേ ആ കുഞ്ഞിനായില്ല. പോളിയോ ബാധിച്ച് അരയ്ക്ക് താഴെ ചലനശേഷി നഷ്ടമായെന്ന് അറിഞ്ഞ അച്ഛന്‍ കൃഷ്ണന്റെയും അമ്മ ജാനകിയുടെയും നൊമ്പരങ്ങള്‍ അന്ന് ആ കുടുംബത്തെ ആകെ തളര്‍ത്തി. എങ്കിലും പൊരുതി ജയിച്ചു മുന്നേറാനായിരുന്നു വിധി. പറഞ്ഞുവരുന്നത് ഉദുമ കൊക്കാലിലെ ഭിന്നശേഷിക്കാരനായ 52കാരന്‍ വേണുഗോപാലന്‍ എന്ന നാട്ടുകാരുടെ വേണുവേട്ടനെ കുറിച്ചാണ്. കാലുകള്‍ക്ക് ഉറപ്പില്ലെങ്കിലും കരളുറപ്പിന്റെ പിന്‍ബലത്തില്‍ ജീവിതം പിടിച്ചടക്കിയ വേണുവിന്റെ അതിജീവന പോരാട്ടം ഏവര്‍ക്കും മാതൃക.

ആ പോരാട്ടത്തിന്റെ ഫലം ഇപ്പോള്‍ എത്തിനില്‍ക്കുന്നത് കമ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കൊക്കാല്‍ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്കുള്ള ആരോഹണത്തിലും. ഓരോ അടി മുന്നേറ്റവും മുചക്രവാഹന സഹായതോടെയാണെങ്കിലും, ബ്രാഞ്ച് സെക്രട്ടറി എന്ന പ്രാരംഭ നേതൃസ്ഥാനം കൈയേല്‍ക്കാന്‍ ആളേറെ ഉണ്ടായിട്ടും കൊക്കാലിലെ സഖാക്കള്‍ വേണുവിന് നല്‍കിയത് പാര്‍ട്ടിയില്‍ രണ്ട് പതിറ്റാണ്ട് കാലമായുള്ള പ്രവര്‍ത്തന മികവിനുള്ള അംഗീകാരം തന്നെയാണ്. കാലുകൊണ്ട് നടന്നെത്തേണ്ട ദൂരം വേണുവിന് കൈപ്പിടിയില്‍ ഒതുക്കാനായത് മനക്കരുത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഇച്ഛാശക്തിയുടെയും പിന്‍ബലത്തിലും. ഇത്രയും കാലം ‘നീങ്ങി നിരങ്ങിയിട്ടും’ ബന്ധുക്കള്‍ക്കോ വേണ്ടപ്പെട്ടവര്‍ക്കോ വേണു ബാധ്യതയാവാതെ പിടിച്ചു നിന്നത് ചരിത്രം. അനുഭവങ്ങളുടെ കൈപ്പ്‌നീര്‍ അതിജീവനത്തിന്റെ പാഠമാക്കിയ ഭിന്നശേഷിക്കാരന്‍.

ഭിന്നശേഷിക്കാര്‍ക്ക് അര്‍ഹതപ്പെട്ടത് നേടിയെടുക്കാന്‍ ഒറ്റയാള്‍ പട്ടാളമായി വേണുഗോപാലന്‍ ഏതറ്റം വരെയും പോകും. പലരും പലകുറി പയറ്റിയിട്ടും കിട്ടാത്ത ആനുകൂല്യങ്ങള്‍ വേണുഗോപാലന്‍ ഇടപെട്ടാല്‍ ശരിയാകുമെന്നത് കേവലമൊരു പറച്ചില്‍ മാത്രമല്ല.അധികൃതരെ കാര്യങ്ങള്‍ പറഞ്ഞു ധരിപ്പിക്കാനുള്ള കഴിവാണ് അദ്ദേഹത്തിന്റെ മികവ്. പോയകാര്യം സാധിച്ചേയുള്ളൂ മടക്കയാത്ര. അതിനായി അങ്ങ് തലസ്ഥാനം വരെ പോകാനും മടിയില്ല. അര്‍ഹമായത് ചോദിച്ചു വാങ്ങേണ്ട വഴികള്‍ വേണുവിന് നന്നായറിയാം. രക്ഷയായത് വിവിധ വൈകല്യങ്ങളാല്‍ ജീവിതം വഴിമുട്ടിയ ഒട്ടനേകം പേര്‍ക്കും. അവരുടെ സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗമാണ്. ജീവിതം മുന്നോട്ട് നയിക്കാന്‍ ബീഡി തെറുപ്പും, കൊപ്രപണിയും എന്തിനേറെ, ഭിന്നശേഷിക്കാര്‍ ‘കുലത്തൊഴിലു’ പോലെ കൊണ്ടുനടക്കുന്ന ലോട്ടറിടിക്കറ്റ് വില്പനവരെ വേണു പരീക്ഷിച്ചു.

മരപ്പണിയില്‍ വിവിധ കാര്‍ഷിക- ഗാര്‍ഹിക ഉപകരണങ്ങള്‍ ഉണ്ടാക്കി വില്പനചെയ്താണ് കുടുംബം ഇപ്പോള്‍ മുന്നോട്ട് നീങ്ങുന്നത്. ഇതൊക്ക ജീവിതോപാധിയായിരുന്നുവെങ്കിലും ഒപ്പം സാമൂഹിക പ്രതിബദ്ധതയെന്നോണം നാട്ടുകാര്യങ്ങളിലും സക്രിയ സന്നിധ്യമാകാന്‍ സമയം കണ്ടെത്തുന്നതും വേണുവെന്ന ഭിന്നശേഷിക്കാരെന്റെ അപൂര്‍വതകളില്‍ പെടുന്നു. ഒരു പക്ഷേ സംസ്ഥാനത്ത് തന്നെ ആദ്യമാകാം വേണുവിനെ പോലെ ഭിന്നശേഷിക്കാരനായ ഒരാള്‍ സിപിഎമ്മില്‍ ബ്രാഞ്ച് സെക്രട്ടറിയാകുന്നത്. മോട്ടോര്‍ ഘടിപ്പിച്ച മുചക്ര ശകടത്തില്‍ എത്ര ദൂരവും വേണു യാത്ര ചെയ്യും.ആ യാത്രകള്‍ സാന്ത്വനത്തിന്റെയും സഹനത്തിന്റെയും തുറന്ന പുസ്തകമാണ്. യാത്ര ഇനിയും തുടര്‍ന്നേപറ്റൂ. ആ യാത്രയ്ക്കിപ്പോള്‍ താന്‍ വിശ്വസിക്കുന്ന പാര്‍ട്ടിയുടെ നേതൃത്വ ഗൗരവം കൂടിയുണ്ട്. ചീമേനി പൊതാവൂര്‍ സ്വദേശിനി സൗദാമിനിയാണ് ഭാര്യ. വിദ്യാര്‍ഥികളായ സൗരവും അഷിതയും മക്കള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *