CLOSE

മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയ ജില്ലാ ജയില്‍ സുപ്രണ്ട് കണ്ട് വായിച്ചറിയുവാന്‍…

നേര്‍ക്കാഴ്ച്ചകള്‍…..

2021ലെ ജയില്‍ സേവന പുരസ്‌ക്കാരം ഹോസ്ദുര്‍ഗ് ജില്ലാ ജയില്‍ സുപ്രണ്ട് കെ. വേണുവിനാണ്.
പ്രഖ്യാപനം വന്നു കഴിഞ്ഞു. നാട് ഇത് ആഘോഷിക്കുന്നു.

ഹോസ്ദൂര്‍ഗ് സബ് ജയില്‍ സൂപ്രണ്ടായിരിക്കെത്തന്നെ ജയില്‍ ജീവനക്കാരിലും തടവുകാരിലും പരീക്ഷിച്ചു വിജയിച്ച സേവനസന്നദ്ധതക്കു ലഭിച്ച പാരിതോഷികമാണ് ഈ പുരസ്‌ക്കാരം. 2019ല്‍ കാഞ്ഞങ്ങാട് വെച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ വിജയത്തില്‍ വരെ വേണുവിന്റെ കൈയ്യൊപ്പു കാണാം. കലോല്‍സവത്തിലേക്ക് ആയിരക്കണക്കിനു പേപ്പര്‍ പേനകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ സാധിച്ചത് തടവുകാരുടേയും, ജീവനക്കാരുടെയും കൈയ്യ്മെയ് വഴക്കത്തില്‍ നിന്നുമായിരുന്നു. ഹരിത കേരളത്തെ പ്രസ്ഥാനത്തിനൊപ്പം നടക്കാനും, ഈ പരിസ്ഥിതി പ്രവര്‍ത്തകന്‍ മടി കാണിച്ചില്ല. ജയില്‍ പരിസരം ഹരിതാഭമാക്കാനായി. പിരിഞ്ഞു പോകുന്ന തടവു പുള്ളികള്‍ക്ക് വൃക്ഷത്തൈ സമ്മാനിച്ചും, പാരിസ്ഥിതി അവബോധം വളര്‍ത്തിയും അദ്ദേഹം ജയില്‍ സാഹചര്യങ്ങളെ പ്രസരിപ്പിന്റേയും ആഹ്ലാദത്തിന്റെയും വേദിയായി മാറ്റി. പ്രിസണ്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലകന്‍ കൂടിയാണ് ഇദ്ദേഹം.

വായനയുടെ ശക്തി എന്നത് അതിനകത്തെ വാക്കുകളുടെ ശക്തിയേക്കാള്‍, അവ സൃഷ്ടിക്കുന്ന ആശയത്തിന്റെ ശക്തിയേക്കാള്‍ വീര്യം കൂടിയതാണ്. വിക്റ്റര്‍ യൂഗോയുടെ ‘പാവങ്ങള്‍’ എന്ന നോവലിലെ മെത്രാനുണ്ടല്ലോ ആ ക്യാപാത്രം ആ നോവല്‍ വായിച്ചവരില്‍ ചെലുത്തുന്ന സ്വാധീനശക്തി എന്നത് ഇന്ത്യന്‍ സ്വാതന്ത്യ സമര ചരിത്രം ഇന്ത്യന്‍ പൗരനു മേല്‍ ചെലുത്തുന്ന സ്വാധീനശക്തിയെക്കാള്‍ മഹനീയമാണ് എന്ന് തോന്നിയിട്ടുണ്ട്. മഹാഭാരതത്തിലെ യുധിഷ്ഠിരനും, കര്‍ണനും ഭാരതീയരില്‍ ഉണ്ടാക്കി ഉത്തേജനം ഒരു ജനാധിപത്യ നേതാവിനു ലോകത്തിനു സമ്മാനിക്കാന്‍ കഴിഞ്ഞിട്ടില്ല. സാങ്കല്‍പ്പികമാണെങ്കില്‍പ്പോലും വായനയില്‍ നിന്നും ഉരുത്തിരിഞ്ഞു വരുന്ന ശക്തി എന്നത് തടയിടാനാകാത്ത വധം പ്രഹരശേഷിയുള്ളതായിരിക്കും. മിക്കപ്പോഴും.

വായനയുടെ നാടാണ് കാഞ്ഞങ്ങാട്. കാഞ്ഞന്റെ നാടാണത്. കോലത്തു നാട്ടിലെ ഇടപ്രഭുവായ കാഞ്ഞന്‍ മുതല്‍ എഴുത്തിന്റേയും വായന, നാടകം, ഇത്യാദി സാംസ്‌കാരിക സമ്പത്തിന്റെ കേളീ അരങ്ങായിരുന്നു പണ്ടു മുതല്‍ക്കേ കാഞ്ഞങ്ങാട്. എ.സി. കണ്ണന്‍ നായരും, പി. കുഞ്ഞിരാമന്‍ നായര്‍ തുടങ്ങി അബൂക്ക എന്ന സുബൈദ, കാഞ്ഞങ്ങാട് രാമചന്ദ്രന്‍ വരെ ഈ നാടിന്റെ സാംസ്‌കാരിക കലാശില്‍പ്പങ്ങളാണ്. എ.സി. കണ്ണന്‍ നായരുടെ പേരില്‍ ഹോസ്ദൂര്‍ഗില്‍ മനഹോരമായ ലൈബ്രറി ഇന്നും സജീവം.

മറ്റു പലയിടത്തുമെന്നതു പോലെ, ഹോസ്ദൂര്‍ഗ് സബ് ജയിലിലുമുണ്ട് ഒരു ലൈബ്രറി. വെറുതെയിരുന്ന് മുഷിയുന്ന വിചാരണത്തടവുകാര്‍ക്ക് ആശ്വാസം പകരാന്‍ ഉദകുന്ന ഇടം. അവിടുത്തെ ജീവനക്കാര്‍ തടവുകാര്‍ക്കാവശ്യമായ പുസ്തകങ്ങള്‍ സെല്ലില്‍ എത്തിച്ചു നല്‍കുന്നു. വായനയെ പ്രോല്‍സാഹിപ്പിക്കുന്നു. ഏറെ പരിമിതികളുടെ തടുവിലൂടെയെങ്കില്‍പ്പോലും. കോവിഡ് കാലത്തും കടുത്ത നിബന്ധനകളോടെ ഇതു തുടരുന്നു.

കാലം മാറി.
വായനയുടെ മട്ടു മാറി.
ഇന്ന് ഇ. വായനയുടെ കാലമാണല്ലോ. സംസ്ഥാനത്തെ ജയിലുകള്‍ മിക്കതും ഇ.വായനയെ പുല്‍കിത്തുടങ്ങിയിരിക്കുകയാണല്ലോ. പഴയതില്‍ നിന്നും വ്യത്യസ്തമായി പുതിയ കാലത്തെ തടവുകാരില്‍ മിക്കവരും സാക്ഷരരും, വായനയെ പ്രണയിക്കുന്നവരുമാണെന്ന് കാഞ്ഞങ്ങാട്ടെ ജയില്‍ മേധാവി കൂടിയായ കെ. വേണു പറയുന്നു. ജയിലിലെ അന്തേവാസികളെ വായനയുടെ ലോകത്തേക്ക് നയിക്കുവാന്‍ ഈ രംഗത്ത് ഇനിയും പരിഷ്‌ക്കാരങ്ങള്‍ വേണ്ടതുണ്ടെന്ന് അദ്ദേഹം കരുതുന്നു. അതുവഴി തടവുകാര്‍ക്ക് ജീവിതത്തോടും, സമൂഹത്തോടുള്ള കാഴ്ച്ചപ്പാടുകളോടും പ്രതീക്ഷയുണ്ടാകുന്നു. ജയില്‍ ജീവിതം വിരസമാക്കുന്നതിനു പകരം അറിവു പകരാനും പുതിയ ജീവിതാനുഭവത്തിനു സാക്ഷ്യം വഹിക്കാനുമുള്ള വേദിയായി മാറ്റപ്പെടാന്‍ ഉദ്യോഗസ്ഥരുടെ ഏതാനും ചി ഇടപെടലുകള്‍ കൊണ്ടു മാത്രം സാധ്യമാകും. അതിനുള്ള ഒരു ഉദാഹരണമായി നമുക്ക് ജയില്‍ സേവന പരസ്‌ക്കാര ജേതാവായ കെ. വേണുവിനെ നോക്കിക്കാണാം.

നമ്മുക്കുള്ള ജയിലുകളിലേക്കും ഡിജിറ്റലൈസ് ലൈബ്രറിയുടെ സേവനം കടന്നു വരേണ്ടതുണ്ട്. പുസ്തകങ്ങള്‍ മാത്രമല്ല ആമസോണ്‍ കിന്റില്‍ റീഡര്‍ എന്ന ആപ്ലിക്കേഷന്‍ വഴിയും ധാരാളം വായനാ സാധ്യതകള്‍ ഇന്നു ലഭ്യമാണ്.

ജയിലില്‍ ലൈബ്രറികളിലെ സുരക്ഷ കണക്കിലെടുത്ത് ഒരേസമയം വളരെയധികം പേരെ ലൈബ്രറിയിലെ പുസ്തകങ്ങള്‍ ഒരുമിച്ച് ഉപയോഗിക്കാന്‍ അനുവദിക്കാനാവാത്ത സ്ഥിതി നിലവിലുണ്ട്. ഇ-വായനക്ക് ഈ പരിമിതി പരിഹരിക്കാനാകും. ഓരോ സെല്ലിലേക്കും പുസ്തകങ്ങള്‍ എത്തിച്ചു നല്‍കുന്ന രീതി മാറ്റി ഇ-ലൈബ്രറി വഴി എല്ലാവര്‍ക്കും വായന പ്രാപ്യമാക്കന്ന പുതിയ രീതികള്‍ കൈവരിക്കാന്‍ കഴിയണം. അതിനായി അന്തേവാസികള്‍ക്ക് ഇ-വായനയില്‍ പരിശീലനവും ഉപകരണങ്ങളുടെ ലഭ്യതയും ഉറപ്പു വരുത്താന്‍ സര്‍ക്കാരിനു കഴിയണമെന്നു മാത്രം. ഇ.വായനമാത്രമല്ല, അതുവഴി ഇ-സാക്ഷരതയും യഥേഷ്ടം ലഭ്യമാകും.

ഇ-ലൈബ്രറി ഉപയോഗിക്കാന്‍ താല്‍പര്യമുള്ള അന്തേവാസികള്‍ക്ക് ബാര്‍ കോഡ് ഉള്‍പ്പെടെയുള്ള തിരിച്ചറിയില്‍ സൗകര്യങ്ങള്‍ ഒരുക്കി കമ്പ്യൂട്ടര്‍ സ്ഥാപിച്ച ലൈബ്രറി മുറിയിലെത്തി അവിടെയുള്ള കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങളും ഇതര വായനകളും സാധ്യമാക്കാവുന്നതാണ്.

ജില്ലയിലെ ജയില്‍ തടവുകാര്‍ക്ക് ശാസ്ത്രവും സാഹിത്യവുമെല്ലാം യഥേഷ്ടം ലഭ്യമാകുന്ന പരിധിയില്ലാത്ത വായനാ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ പോലീസ് മെഡലിന് അര്‍ഹത നേടിയ കെ. വേണുവിന് സാധിക്കുമെന്ന് ജനം പ്രത്യാശിക്കുന്നു. കൂട്ടത്തില്‍ നിലവിലുള്ള പുസ്‌ക വായനയുമാവാമല്ലോ.

ഉല്ലാസത്തിനും വിനോദത്തിനും മറ്റ് മാര്‍ഗങ്ങളില്ലാതെ വിരസത തിന്നു ജീവിക്കുന്നവരെ പുതിയ നൂതന ലക്ഷ്യത്തിലെത്തിക്കാന്‍ വായന കൊണ്ട് സാധിക്കുമെന്ന തിരിച്ചറിയല്‍ ജില്ലാ ജയില്‍ മേധാവിക്കുണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

വായനയുടെ കരുത്തില്‍ നിന്നും അജ്ഞതയുടെ ഇരുമ്പഴികള്‍ ഭേദിക്കാനുള്ള ജീവിത സമരായുധമായി ജയില്‍ വായനക്ക് രൂപമാറ്റമുണ്ടാകട്ടെ. അക്ഷരങ്ങളെ ചങ്ങാതിമാരാക്കി, അറിവിന്റെയും സര്‍ഗാത്മകതയുടെയും പുതുലോകത്തിലേക്ക് തടവുകാരെ കൂട്ടിക്കൊണ്ടു പോകാന്‍ വേണുവിനേപ്പോലെ കഴിവും സാംസ്‌കാരിക കരുത്തുമുള്ള ഉദ്യോഗസ്ഥര്‍ ഉണ്ടായിത്തീരേണ്ടതുണ്ട്.
നമ്മുടെ ജയില്‍ മതിലുകള്‍ക്കുള്ളിലും പുതിയ സാംസ്‌കാരിക ലോകം ഉയര്‍ന്നു പൊങ്ങട്ടെ.

-പ്രതിഭാരാജന്‍

Spread the love

Leave a Reply

Your email address will not be published. Required fields are marked *