CLOSE

നാം ഓരോരുത്തരും അധ്യാപകനും വിദ്യാര്‍ത്ഥിയുമാണ്… അധ്യാപകദിനത്തെ ഓര്‍ത്തെടുക്കുമ്പോള്‍….

എഴുത്തുപുര……..

ഇന്ന് സെപ്തമ്പര്‍ 5. ഇന്ത്യയിലെ അദ്ധ്യാപകര്‍ക്കു വേണ്ടിയുള്ള ദിനം കൂടിയാണ് സെപ്തമ്പര്‍ അഞ്ച്. അറിവ് സ്വായത്തമാക്കല്‍ എന്ന പ്രകൃയ്യക്ക് മനുഷ്യരാശിയോളം പഴക്കമുണ്ട്. ആദ്യമൊക്കെ ഇത് നിസ്വാര്‍ത്ഥ സേവനം മാത്രമായിരുന്നു. പിന്നീട് മാത്രമാണ് ഇതൊരു തൊഴിലായിത്തീരുന്നത്. അതു കൊണ്ടു തന്നെ തുടക്കത്തില്‍ ഗുരുക്കന്മാര്‍ അഥവാ അധ്യാപകര്‍ എന്ന പേരില്‍ ഒരു തൊഴില്‍ വര്‍ഗം ഉണ്ടായിരുന്നില്ല. പ്രതിഫലം ഗുരുദക്ഷിണ മാത്രമായിരുന്നു. സ്വന്തം ചുണ്ടു വിരല്‍ മുറിച്ചു ഗുരുദക്ഷിണ നല്‍കിയ ഏകലവ്യനെ ഓര്‍ക്കാം.

പ്രതിഫലം വാങ്ങിക്കൊണ്ട് ആദ്യമായി അധ്യാപനം നടത്തിയിരുന്നത് ആഥന്‍സിലാണ്. ബുദ്ധന്‍, ക്രിസ്തു, മുഹമ്മദ്നബി മുതലായ മഹാന്മാരായ അധ്യാപകര്‍ക്കു ശേഷം പതുക്കെ ഇതൊരു തൊഴില്‍ മേഖലയായി മാറിത്തുടങ്ങി. ഇന്ത്യയില്‍ ഇന്നും ഏതാനം ആദിമവര്‍ഗക്കാര്‍ക്ക് വിദ്യ അഭ്യസിക്കാന്‍ സൗകര്യമില്ല. മറ്റു ചിലയിടങ്ങളില്‍ ഗുരുകുല സമ്പ്രദായത്തിനപ്പുറം ഇന്നും എത്തിയിട്ടില്ല. ഇത്തരം തിരിച്ചറിവോടെയാണ് നാം അദ്ധ്യാപക ദിനം ആഘോഷിക്കുന്നത്.

ഇന്ത്യയില്‍ അധ്യാപക വൃത്തി ആരംഭിക്കുന്നതു ഗുരുകുല സമ്പാദായത്തിലൂടെയായിരുന്നുവല്ലോ. ഋഷികളും ഋഷിതുല്യരുമായിരുന്നു ഗുരുക്കള്‍. വിദ്യാഭ്യാസത്തിന്റെ പരമലക്ഷ്യം അധ്യാത്മജ്ഞാനമാണെന്നും വിജ്ഞാനം അതിലേക്കുള്ള മാര്‍ഗങ്ങളാണെന്നും വിശ്വസിക്കപ്പെട്ടിരുന്നതുകൊണ്ടാണ് ആധ്യാത്മികാചാര്യന്മാരെ അധ്യാപകരായി സമൂഹം അംഗീകരിച്ചത്. പിന്നീട് ആ സ്ഥിതിക്ക് മാറ്റം വന്നു. കാലം പിന്നിട്ടു ബൗദ്ധ-ജൈനകാലഘട്ടത്തിലെത്തിയതു മുതല്‍ ഭൗതിക, സാഹിത്യ, വിജ്ഞാന കാര്യങ്ങളെല്ലാം, ആയോധനയിലും ഗുരുകുലത്തിലും കളരിയിലും പഠിപ്പിക്കുന്ന സ്ഥിതിയുണ്ടായി. നളന്ദ, തക്ഷശില മുതലായവ ബൌദ്ധകാലഘട്ടത്തിലെ ഉദാഹരണങ്ങളും വടകരയിലെ പുതുപ്പണത്തുണ്ടായിരുന്ന കളരികള്‍ തുടങ്ങിയവ ഇതിനു ഉദാഹരണങ്ങളാണ്. മുഗള്‍ഭരണകാലത്ത് മദ്രസകളില്‍ മതപുരോഹിതന്മാരും മതപണ്ഡിതന്മാരും മത പഠന സമ്പദായം ആരംഭിച്ചു. ക്രമേണ ഒരു അധ്യാപകന്‍ മാത്രമുള്ള പാഠശാലകള്‍ ആവിര്‍ഭവിച്ചു. കുടിപ്പള്ളിക്കൂടങ്ങള്‍ അഥവാ എഴുത്തുപള്ളികള്‍ എന്നാണ് കേരളത്തില്‍ അവയെ വിളിച്ചിരുന്നത്. ആശാന്‍ അഥവാ എഴുത്തശ്ശന്‍ (എഴുത്തച്ഛന്‍) എന്ന പേരില്‍ അധ്യാപകന്‍ അറിയപ്പെട്ടു തുടങ്ങി. ലോകം മാറിയതോടെ വിദ്യാഭ്യാസത്തിനായി കുട്ടികള്‍ അധികം വന്നുതുടങ്ങിയതോടെ ബഹു അധ്യാപകവിദ്യാലയങ്ങള്‍ വേണ്ടി വന്നു. ഇതോടെ അധ്യാപകസമൂഹവും വികസിതമായി.

അദ്ധ്യാപകരുടെ എണ്ണം വര്‍ദ്ധിച്ച തോതില്‍ ആവശ്യമായി വന്നുതുടങ്ങി. അവ നികത്താന്‍ കുറഞ്ഞ വിദ്യാഭ്യാസയോഗ്യതയുള്ള വ്യക്തികളെ പ്രാഥമികാധ്യാപകരായി നിയമിക്കേണ്ടിവന്നു. തുച്ഛശമ്പളക്കാരായ തൊഴിലാളികളായി മാറി ഗുരുക്കന്മാര്‍.

1959 മുതലാണ് അധ്യാപന രംഗത്ത് സമൂലമായ മാറ്റം പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത്. രാഷ്ട്രത്തിലെ വിവിധഭാഗങ്ങളില്‍നിന്നും തിരഞ്ഞെടുത്ത അധ്യാപകര്‍ക്ക് ദേശീയ അവാര്‍ഡ് നല്കി ഈ രംഗത്തെ ആദരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമം ആരംഭിച്ചു. അതിന്നും തുടരുന്നു. സെപ്റ്റബര്‍ 5-ന് ദേശീയ അധ്യാപകദിനംമായി പ്രഖ്യാപനമുണ്ടാകുന്നതിനു കാരണവും 1959ലെ ഈ തീരുമാനമാണ്. അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ.സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്റെ പിറന്നാള്‍ ദിനം കൂടിയാണ് ഇത്.

പ്രതിഭാരാജന്‍

Spread the love

Leave a Reply

Your email address will not be published. Required fields are marked *