CLOSE

ഒന്നരവര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണം എങ്ങുമെത്താത്ത കിളിയളം ബാനം റോഡിനായി ജനപ്രതിനിധികളുടെ അന്തിമസമരത്തുടക്കം തന്നെ വിജയം; പണി ഉടന്‍ പുനരാരംഭിക്കാന്‍ നവംബര്‍ 10 ന് കാഞ്ഞങ്ങാട്ട് ഉന്നതതല ആലോചനാ യോഗം

നീലേശ്വരം: കിനാനൂര്‍ കരിന്തളം കോടോം ബേളൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കിളിയളം വരഞ്ഞൂര്‍ ബാനം റോഡ് നിര്‍മാണം ഒന്നര വര്‍ഷത്തില്‍ അധികമായി സ്തംഭിച്ചു കിടക്കുന്നതിനെതിരെ ജനപ്രതിനിധികളുടെ അന്തിമസമരം തുടക്കത്തില്‍ തന്നെ വിജയം കണ്ടു. ഇരു പഞ്ചായത്തുകളിലെയും ജനപ്രതിനിധികള്‍ കാസര്‍കോട് പുലിക്കുന്നിലെ പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ ഓഫിസ് ഉപരോധിക്കുകയായിരുന്നു.

തുടര്‍ന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ വിനോദ് കുമാറുമായി നടത്തിയ ചര്‍ച്ചയില്‍ പണി ഉടന്‍ പുനരാരംഭിക്കുമെന്ന ഉറപ്പു കിട്ടി. ഇതിനു മുന്നോടിയായി നവംബര്‍ 10 ന് രാവിലെ കാഞ്ഞങ്ങാട് ഗെസ്റ്റ് ഹൗസില്‍ ഉന്നതതല ആലോചനാ യോഗം നടക്കും. കരാറുകാരന്‍, പിഡബ്ല്യുഡി, കെഎസ്ഇബി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍മാര്‍, റോഡ് കര്‍മസമിതി ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിക്കും.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എ.വിധുബാല അധ്യക്ഷത വഹിച്ചു. കോടോം ബേളൂര്‍ പഞ്ചായത്ത് അംഗം കെ.ഭൂപേഷ്, ബാനം കൃഷ്ണന്‍, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വ. ബാലകൃഷ്ണന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *