കാഞ്ഞങ്ങാട് : മഞ്ഞംപൊതിക്കുന്നില്‍ ഒരുങ്ങുന്നത് സംസ്ഥാനത്തെ ആദ്യ വാന നിരീക്ഷണ വിനോദ സഞ്ചാര കേന്ദ്രം. പൈതൃക പട്ടികയില്‍ പെടുത്തി അഞ്ചുകോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നല്‍കിയത്. വാനനിരീക്ഷണകേന്ദ്രം, രാത്രിയിലെ ആകാശദൃശ്യം ആസ്വദിക്കാന്‍ ഭീമന് ടെലസ്കോപ്, സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ ജലധാര, ബേക്കല്‍ കോട്ട, തൈക്കടപ്പുറം അഴിമുഖം, അറബിക്കടല്‍ എന്നിവയുടെ ദൂരക്കാഴ്ച കുന്നിന് മുകളില്‍ നിന്ന് ആസ്വദിക്കാനുള്ള ബൈനാക്കുലര്‍ എന്നിവ ഇവിടെ സ്ഥാപിക്കും.
ഇരിപ്പിടം, സെല്‍ഫി പോയിന്റ്, ലഘുഭക്ഷണ ശാല, പാര്‍ക്കിങ് സൗകര്യം എന്നിവയും സജ്ജീകരിക്കും. ബല്ല വില്ലേജിലെ അജാനൂര്‍ ഭാഗമാണ് നിര്‍ദിഷ്ട പദ്ധതി പ്രദേശം. മന്ത്രി ഇ ചന്ദ്രശേഖരനാണ് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ മുഖാന്തരം പദ്ധതി സമര്‍പ്പിച്ചത്. കലക്ടര്‍ ഡോ. സജിത് ബാബു, ഡിടിപിസി സെക്രട്ടറി ബിജുരാഘവന്, മാനേജര്‍ പി സുനില്‍കുമാര്‍ എന്നിവരും ടൂറിസം വകുപ്പ് എം പാനല്‍സ് ആര്‍ക്കിടെക്ടുമാരായ പ്രമോദ് പാര്ഥന്, സി വി സുനില്‍ കുമാര്‍ എന്നിവരുമാണ് പദ്ധതി രൂപകല്പന ചെയ്തത്.