CLOSE

പാലക്കുന്ന് ക്ഷേത്രത്തില്‍ വലിയ കലംകനിപ്പ് മഹാനിവേദ്യം വെള്ളിയാഴ്ച്ച ; ഘോഷയാത്രയും ആള്‍ക്കൂട്ടവും പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശം

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ വലിയ കലംകനിപ്പ് മഹാനിവേദ്യ സമര്‍പ്പണം വെള്ളിയാഴ്ച നടക്കും. രാവിലെ ഭണ്‍ഡാര വീട്ടില്‍ നിന്നുള്ള പണ്ടാരക്കലമായിരിക്കും ആദ്യം ക്ഷേത്രത്തില്‍ സമര്‍പ്പിക്കുക. നോറ്റുകുളിച്ചു വ്രതശുദ്ധിയോടെ തീയ്യ സ്ത്രീകളാണ് നേര്‍ച്ച സമര്‍പ്പിക്കാറെങ്കിലും പുരുഷന്മാര്‍ക്കും ഇതിന് വിലക്കില്ല. കുത്തിയെടുത്ത പച്ചരി, ശര്‍ക്കര, നാളികേരം, അടക്ക, വെറ്റില എന്നിവയാണ് ഓരോ കലത്തിലും ഉണ്ടാവുക. പച്ചരിയില്‍ നിന്ന് ഒരു നാഴി പൊടിച്ചത് വേറെയും വേണം. ഇവയെല്ലാം പുത്തന്‍ മണ്‍കലത്തില്‍ നിറച്ച് വാഴയില കൊണ്ട് മൂടികെട്ടി കൈയില്‍ കുരുത്തോലയുമായാണ് സ്ത്രീകള്‍ ക്ഷേത്രത്തിലെത്തുക. കലത്തിലെ വിഭവങ്ങള്‍ വേര്‍തിരിച്ച്, പാകം ചെയ്ത ചോറും ചുട്ടെടുത്ത അടയും നിവേദിച്ചശേഷം ശനിയാഴ്ച രാവിലെ തിരിച്ചു നല്‍കും.
കുംഭത്തിലെ ഭരണിയാണ് പ്രധാന ഉത്സവമെങ്കിലും അപൂര്‍വമായ ആചാര വൈവിധ്യം കൊണ്ട് ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ് മകര മാസത്തിലെ വലിയ കലംകനിപ്പ് മഹാനിവേദ്യ സമര്‍പ്പണം. ആറ്റുകാല്‍ പൊങ്കാലയ്ക്ക്, നിവേദ്യം സമര്‍പ്പിക്കുന്നവര്‍ തന്നെ അടുപ്പുണ്ടാക്കി പാകം ചെയ്യുമ്പോള്‍ പാലക്കുന്നില്‍ ഇത് ക്ഷേത്രത്തില്‍ വെച്ച് പാകം ചെയ്ത് നല്‍കി പ്രസാദിക്കുന്നതാണ് ആചാരം. ഇതിന് മുന്നോടിയായി ചെറിയ കലംകനിപ്പ് ഒരു മാസം മുന്‍പ് നടന്നു. പാലക്കുന്ന് കഴകത്തിലെ വിവിധ പ്രാദേശിക സമിതിയില്‍ നിന്ന് പ്രത്യേകം പ്രത്യേകം ഘോഷയാത്രയോടെ പുത്തന്‍ മണ്‍കലങ്ങള്‍ തലയിലേറ്റി സംഘം ചേര്‍ന്ന് ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നതാണ് പതിവെങ്കിലും കോവിഡ് 19 നിബന്ധനകള്‍ മാനിച്ച് ആ രീതിയും ആഘോഷങ്ങളും തീര്‍ത്തും ഒഴിവാക്കിയിട്ടുണ്ട്.
ക്ഷേത്രത്തിനകത്തും പുറത്തും ആള്‍ക്കൂട്ടം നിരോധിക്കും. ക്ഷേത്ര ഭരണ സമിതിയുടെയും സര്‍ക്കാരിന്റെയും കോവിഡ് വ്യാപന വിരുദ്ധ നിബന്ധനകള്‍ ക്ഷേത്രത്തില്‍ എത്തുന്നവര്‍ കര്‍ശനമായി പാലിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിപണി കണ്ടെത്താനാവാതെ പ്രതിസന്ധിയിലായ മണ്‍പാത്രനിര്‍മാണം ജീവിതമാര്‍ഗമായി സ്വീകരിച്ച നീലേശ്വരം എരിക്കുളം, പെരിയ കീക്കാന്‍ തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് തെല്ലൊരു ആശ്വാസമാണ് പാലക്കുന്നിലെ കലംകനിപ്പ്. ഒരു മാസം മുന്‍പ് തന്നെ പാലക്കുന്ന് ടൗണിലെ വിവിധ ഭാഗങ്ങളില്‍ കലവുമായി വില്‍പ്പനക്കാരെത്തും. നൂറു മുതല്‍ 120 രൂപ വരെയാണ് കലത്തിന്റെ വില.

Spread the love

Leave a Reply

Your email address will not be published. Required fields are marked *