കാസര്‍ക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് നയിക്കുന്ന ‘ വിജയയാത്ര’ ഞായറാഴ്ച കാസര്‍ക്കോട് തുടങ്ങും. വിജയയാത്രയില്‍ ബി.ജെ.പിയുടെ എല്ലാ മേഖലയില്‍ നിന്നുമുള്ള പ്രമുഖര്‍ പങ്കെടുക്കും.
പരമാവധി നേതാക്കള്‍, കേന്ദ്രമന്ത്രിമാര്‍, ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, വിവിധ സംസ്ഥാന മന്ത്രിമാര്‍, നേതാക്കള്‍ എന്നിവരുള്‍പ്പെടെ വിജയയാത്രയില്‍ അണിചേരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, വിവിധ എന്‍.ഡി.എ നേതാക്കള്‍ എന്നിവരുള്‍പ്പെടെ ഒരു ഡസനിലധികം നേതാക്കള്‍ വിജയയാത്രയില്‍ പങ്കെടുക്കുമെന്നും സമൂഹത്തിലെ വിവിധ തുറകളിലുള്ള പ്രമുഖര്‍ ഉടന്‍ ബി.ജെ.പിയില്‍ അംഗത്വമെടുക്കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് കുര്യന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മെട്രോമാന് ഇ. ശ്രീധരന്, കായികതാരം പി.ടി. ഉഷ എന്നിവര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിലെ പ്രധാന പ്രമുഖരുടെ പട തന്നെ ബി.ജെ.പി. അംഗത്വമെടുക്കുന്ന വേദിയായി വിജയയാത്ര മാറും. പ്രമുഖ സിനിമാനടന്മാരായ മോഹന്‍ലാല്‍, വിനിത്, നടി മഞ്ജുവാര്യര്‍, ഊര്‍മ്മിള ഉണ്ണി തുടങ്ങി നടന്മാര്, കായികപ്രതിഭകള്‍, വിവിധരാഷ്ട്രീയപാര്ട്ടിയിലെ പ്രമുഖര്‍ എന്നിവര്‍ ബി.ജെ.പി വേദിയിലെത്തി അംഗത്വമെടുക്കുമെന്നാണ് കരുതുന്നത്. വടക്കന്‍ കേരളത്തിലെ ജില്ലകളില്‍ നിന്നും പ്രമുഖരായവരെ ബി.ജെ.പി പാളയത്തിലെത്തിക്കാന്‍ നടപടികള്‍ തുടരുകയാണ്. മധ്യകേരളത്തില്‍ റാലി എത്തുമ്ബോഴേക്കും പ്രമുഖ സാംസ്കാരിക, സാമൂഹ്യരംഗത്തുള്ളവരുടെ നീണ്ട നിര ബി.ജെ.പിയുടെ ഭാഗമാവുമെന്നും സൂചനയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്, ഇ.പി.ജയരാജന്, കെ.കെ.ശൈലജ, കെ. മൊയ്തീന്, എം.എം.മണി, കെ.ടി.ജലീല്‍ തുടങ്ങി സംസ്ഥാനത്തെ മന്ത്രിമാരുടെ മണ്ഡലങ്ങളില്‍ നിന്നായി വന്‍ രാഷ്ട്രീയപ്രവര്‍ത്തകരുടെ പട തന്നെ ബി.ജെ.പിയില്‍ ചേരാനെത്തുമെന്നും യു.ഡി.എഫ്- എല്‍.ഡി.എഫ് മുന്നണികളിലെ പ്രവര്‍ത്തകര്‍ കാവിക്കൊടി പിടിക്കുമെന്നുമാണ് കെ. സുരേന്ദ്രനുള്‍പ്പെടെയുള്ള നേതാക്കള്‍ സൂചിപ്പിക്കുന്നത്.
21ന് വൈകിട്ട് നാലുമണിക്ക് കാസര്‍ക്കോട് നടക്കുന്ന ചടങ്ങില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉദ്ഘാടനം ചെയ്യും. ഇതുള്‍പ്പെടെ 14 കേന്ദ്രങ്ങളില്‍ മഹാറാലികളും 80 വലിയ പൊതുസമ്മേളനങ്ങളും നടക്കും. മുന്‍ കരസേന മേധാവിയും കേന്ദ്രമന്ത്രിയുമായ വി.കെ. സിംഗ് 22ന് കണ്ണൂരിലും മുന്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് 24ന് കോഴിക്കോട്ടും ബി.ജെ.പി വക്താവും ബീഹാര്മന്ത്രിയുമായ ഷാനവാസ് ഹുസൈന് 25ന് മലപ്പുറത്തും നടിയും ബി.ജെ.പി വക്താവുമായ ഖുശ്ബുസുന്ദര്‍ 26ന് പാലക്കാട്ടും കെന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി 27ന് തൃശൂരിലും കേന്ദ്രമന്ത്രി നിര്മ്മലാസീതാരാമന് 28ന് കൊച്ചിയിലും മഹാറാലിയില്‍ പങ്കെടുക്കും.
മാര്‍ച്ച് രണ്ടിന് കേന്ദ്രമന്ത്രി സ്മൃതിഇറാനി കോട്ടയത്തും, മൂന്നിന് യുവമോര്‍ച്ച ദേശീയപ്രസിഡന്റ് തേജസ്വിസൂര്യ എം.പി ആലപ്പുഴയിലും നാലിന് മീനാക്ഷിലേഖി എം.പി പത്തനംതിട്ടയിലും അഞ്ചിന്, തമിഴ് നാട്ടില്‍ നിന്നും ഈയിടെ ബി.ജെ.പി.യില്‍ ചേര്‍ന്ന് ഐ.പി.എസ് ഉദ്യോഗസ്ഥന് അണ്ണാമലൈ കൊല്ലത്തും യാത്രയില്‍ പങ്കെടുത്ത് സംസാരിക്കും. അഴിമതി വിമുക്തകേരളം, പ്രീണനവിരുദ്ധ രാഷ്ട്രീയം, കേരളത്തിന്റെ സമഗ്രവികസനം എന്നിവയാണ് യാത്രയുടെ മുദ്രാവാക്യം.
പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍, അഴിമതികള്‍, ശബരിമലയിലെ യുവതിപ്രവേശനമെന്ന പേരില്‍ നടത്തിയ ആചാരലംഘനം, സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കുള്പ്പെടെയുള്ള പങ്ക്, ആരോഗ്യരംഗത്തെ പ്രശ്നങ്ങള്‍, വിദ്യാഭ്യാസ വികല നിയമങ്ങള്‍, തൊഴിലില്ലായ്മ ഉള്‍പ്പെടെ ജനരോഷമുയര്‍ത്തിയ വിവിധവിഷയങ്ങള്‍ ചര്‍ച്ച ചെയ്താണ് വിജയയാത്ര മുന്നേറുക. ഇക്കാര്യത്തില്‍ ഇടതുമുന്നണിക്ക് കൂഴലൂത്തുകാരായ വലതുമുന്നണിയേയും ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടിയാണ് യാത്ര തിരുവനന്തപുരത്ത് സമാപിക്കുകയെന്ന് ജോര്‍ജ്ജ് കുര്യന് പറഞ്ഞു.