മുക്കൂട് : നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് മനുഷ്യരുടെ ജീവൻ നില നിർത്തുന്നതിന് വേണ്ടി കുഴിച്ച പഞ്ചായത്ത് കിണർ ഇപ്പോൾ മനുഷ്യരുടെ ജീവൻ തന്നെ ഭീഷണി ആയി മാറിയിരിക്കുകയാണ്. മുക്കൂട് സർക്കാർ എൽ.പി സ്കൂളിന് സമീപം വർഷങ്ങൾക്ക് മുമ്പ് കുഴിച്ച സർക്കാർ കിണർ അന്നത്തെ പ്രദേശ വാസികളുടെ കുടിവെള്ളത്തിന് വേണ്ടിയുള്ള ഒരേയൊരു സ്രോതസ്സായിരുന്നു. എന്നാൽ ഇപ്പോൾ ആ കിണർ ഭൂമിക്കടിയിലേക്ക് താണ് അപകട മുന്നറിയിപ്പ് നൽകി കൊണ്ടിരിക്കുകയാണ്. കിണറുകളും കുഴൽ കിണറുകളും വ്യാപകമായതോടെ ഈ കിണർ ആരും ഉപയോഗിക്കാതെയായി. ഇതിനു മുമ്പ് ഒരു പ്രാവശ്യം സമാന ഗതിയിൽ കിണർ ഭൂമിക്കടിയിലേക്ക് താണപ്പോൾ കൈവരി പുനർ നിർമിച്ചു തടി തപ്പുക ആയിരുന്നു അധികാരികൾ എന്ന് നാട്ടുകാർ ആരോപിക്കുന്നു .
ദിവസവും നൂറു കണക്കിന് ആളുകളും മദ്രസയിലേക്കും സ്കൂളിലേക്കും പോകുന്ന കുട്ടികളും അടക്കം സഞ്ചരിക്കുന്ന റോഡിനോട് സമീപമാണ് കിണർ സ്ഥിതി ചെയ്യുന്നത്. അത്കൊണ്ട് തന്നെ ഏത് സമയത്തും അപകടം സംഭവിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ഇരുപത്തിആറു അടി ആഴം ഉണ്ട് കിണറിന് എന്നണ് പരിസര വാസികൾ പറയുന്നത്. അതുകൊണ്ട് തന്നെ പഞ്ചായത്ത് അധികാരികളുടെ ഭാഗത്ത് നിന്നും ഒരു ശാശ്വത പരിഹാരം ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷയിലാണ നാട്ടുകാർ. അജാനൂർ പഞ്ചായത്ത് അധികാരികൾ കിണർ സന്ദർശിക്കുകയും ഉടനെ പരിഹാരം ഉണ്ടാക്കാം എന്ന് സമ്മതിച്ചതായും അജാനൂർ പഞ്ചായത്തിലെ ഇരുപത്തി മൂന്നാം വാർഡ് മെമ്പർ എം.വി ബാലകൃഷ്ണൻ പറഞ്ഞു