CLOSE

കാഴ്ച നഷ്ടപ്പെട്ട് കാടിറങ്ങിയ കാട്ടുപോത്ത് മരണത്തിനു കീഴടങ്ങി

ബേത്തൂര്‍പ്പാറ: കാഴ്ചകള്‍ നഷ്ടപ്പെട്ട് കാടിറങ്ങിയ അവനെ നാടും കാത്തില്ല. കണ്ണുകളില്‍ വ്രണം ബാധിച്ച് ആഴ്ചകളോളമായി തീര്‍ഥക്കരയില്‍ നരകയാതന അനുഭവിച്ചുകൊണ്ടിരുന്ന കാട്ടുപോത്ത് ഒടുവില്‍ മരണത്തിനു കീഴടങ്ങി.നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും അതിനെ ഉള്‍ക്കാട്ടിലേക്ക് മാറ്റുവാനോ ചികിത്സ നല്‍കുവാനോ അധികൃതര്‍ തയാറായിരുന്നില്ല. സ്വന്തമായി തീറ്റ തേടാന്‍ കഴിയാതിരുന്ന കാട്ടുപോത്തിന് നാട്ടുകാര്‍ പുല്ലും മറ്റും നല്‍കിയാണ് ഇതുവരെ ജീവന്‍ നിലനിര്‍ത്തിയത്.

കഴിഞ്ഞ 16 നാണ് കാഴ്ചയില്ലാത്ത കാട്ടുപോത്ത് തീര്‍ഥക്കരയില്‍ എത്തിയത്. 2 തവണ കിണറ്റില്‍ വീണ പോത്തിനെ പുറത്തെടുത്ത് കാടിന്റെ അതിര്‍ത്തിയില്‍ എത്തിച്ചെങ്കിലും കാഴ്ചയില്ലാത്തതിനാല്‍ അത് പോയില്ല. തീര്‍ഥക്കര ചാലിന്റെ കരയില്‍ തന്നെ അലഞ്ഞു തിരിയുകയായിരുന്നു. കിണറ്റില്‍ വീഴുന്നതിനിടെ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരാഴ്ച മുന്‍പ് പൂര്‍ണമായും കിടപ്പിലായി. വനംവകുപ്പിന്റെ കേന്ദ്രത്തിലേക്ക് മാറ്റി ചികിത്സ നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും പ്രായം കൂടിയ കാട്ടുപോത്തിന് ചികിത്സ നല്‍കിയിട്ടു കാര്യമില്ലെന്നായിരുന്നു വനംവകുപ്പിന്റെ മറുപടി. കാട്ടുപോത്തിന്റെ ജഡം കാട്ടിലേക്ക് മാറ്റി. ഇന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തി കുഴിച്ചിടാനാണ് തീരുമാനം. ഒരു മാസത്തിനിടെ കാസര്‍കോട് വനത്തില്‍ ചത്തു വീഴുന്ന മൂന്നാമത്തെ കാട്ടു പോത്താണിത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *