CLOSE

സാംസ്‌കാരിക വിശപ്പ് തീര്‍ക്കാനുളള പാഥേയമാണ് സാഹിത്യം: വി.വി ഭാസ്‌കരന്‍

കാഞ്ഞങ്ങാട്: ആദ്യ കാലമനുഷ്യന്റെ പരിഗണന വിശപ്പടക്കാനായിരുന്നെങ്കില്‍ ആധുനിക മനുഷ്യന്റെ സാംസ്‌കാരിക വിശപ്പടക്കാനുളള പാഥേയം അഥവാ പൊതിച്ചോറാണ് സാഹിത്യമെന്ന് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.വി.ഭാസ്‌കരന്‍ അഭിപ്രായപ്പെട്ടു. സപര്യ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് പ്രസ് ഫാറത്തില്‍ വെച്ച് നടന്ന പ്രേമചന്ദ്രന്‍ ചോമ്പാലയുടെ കവിതാസമാഹാരമായ മരംകൊത്തികളും മറ്റു ചിലതും പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നന്മയും മാനവിക മൂല്യങ്ങളും സമൂഹത്തില്‍ സന്നിവേശിപ്പിക്കാനാണ് രാമായണ കര്‍ത്താവ് വാത്മീകിയും മഹാഭാരതരചയിതാവ് വ്യാസനും പരിശ്രമിച്ചത്. കുഞ്ചന്‍ നമ്പ്യാരുടെ സാമൂഹ്യ വിമര്‍ശനം സമൂഹത്തെ ശുദ്ധീകരിക്കാന്‍ സഹായിച്ചു. എഴുത്തുകാരന്‍ നന്മയുടെ പ്രവാചകനാവുമ്പോഴാണ് സാഹിത്യം മൂല്യങ്ങളുടെ പ്രഭവകേന്ദ്രമായി മാറുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കണ്ണൂര്‍ സര്‍വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ.എ.എം ശ്രീധരന്‍ അകം മാസിക എഡിറ്റര്‍ സുകുമാരന്‍ പെരിയച്ചൂരിനു നല്‍കി പുസ്തകം പ്രകാശനം ചെയ്തു.

കാഞ്ഞങ്ങാട് നെഹ്റു കോളേജ് ചരിത്രാധ്യാപകന്‍ സി.പി.രാജീവന്‍, പ്രേമചന്ദ്രന്‍ ചോമ്പാല എന്നിവര്‍ക്ക് മുന്‍ ഡി വൈ എസ് പി ഹസൈനാര്‍ ഉപഹാരസമര്‍പ്പണം നടത്തി. സപര്യ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രാപ്പൊയില്‍ നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. ആനന്ദകൃഷ്ണന്‍ എടച്ചേരി, പ്രസ്‌ഫോറം പ്രസിഡന്റ് പി.പ്രവീണ്‍ കുമാര്‍, രമേശന്‍ പുതിയകണ്ടം, കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍, ശ്യാംബാബു വെളളിക്കോത്ത്,രാജു കരിപ്പാടക്കന്‍,ശങ്കരന്‍ തൃക്കരിപ്പൂര്‍, അനില്‍കുമാര്‍ പട്ടേന എന്നിവര്‍ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *