CLOSE

2020 ലെ അംബേദ്കര്‍ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഭരണഘടനാശില്‍പി ഡോ.ബി.ആര്‍. അംബേദ്കറുടെ സ്മരണയ്ക്കായി പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമവകുപ്പ് ഏര്‍പ്പെടുത്തിയ 2020 ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളെ സംബന്ധിച്ച ഏറ്റവും മികച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ഡോ.ബി.ആര്‍ അംബേദ്കറുടെ പരിനിര്‍വ്വാണദിനമായ ഡിസംബര്‍ 6 നാണ് എല്ലാ വര്‍ഷവും അവാര്‍ഡ് പ്രഖ്യാപിക്കുന്നത്.
അച്ചടിമാധ്യമ വിഭാഗം
മാധ്യമം ആഴ്ചപതിപ്പിന്റെ 2020 ജൂണ്‍ 22, 28 തിയതികളിലെ ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച ‘ദളിത് കോളനികള്‍- നൂറു വര്‍ഷത്തിന്റെ ചരിത്രവും വര്‍ത്തമാനവും’ എന്ന ആര്‍.കെ ബിജുരാജിന്റെ (ചീഫ് സബ്എഡിറ്റര്‍, മാധ്യമം) ലേഖനത്തിനാണ് അവാര്‍ഡ്. 30,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. കേരളത്തിലെ ദളിത് കോളനികളുടെ ആവിര്‍ഭാവത്തേയും വികാസത്തെയും തല്‍സ്ഥിതിയെയും അപഗ്രഥനം ചെയ്യുന്ന ഈ ലേഖനം ചരിത്രപഠനം കൊണ്ടും സമഗ്രതകൊണ്ടും അനന്യമാണ്. ആകെ ലഭിച്ച 17 എന്‍ട്രികളില്‍ നിന്നാണ് ആര്‍.കെ. ബിജുരാജിന്റെ ഗവേഷണസമ്പന്നമായ ഈ ലേഖനം പുരസ്‌കാരത്തിന് തെരഞ്ഞടുത്തത്.
2019 ഒക്ടോബര്‍ 14ന് സമകാലികമലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച ‘അയിത്തം പേറുന്ന ഒരു ജാതിസ്‌കൂള്‍’ എന്ന രേഖാചന്ദ്രയുടെ (സ്റ്റാഫ് കറസ്പോണ്ടന്റ്, സമകാലികമലയാളം വാരിക) റിപ്പോര്‍ട്ടും, ദേശാഭിമാനി ദിനപത്രത്തില്‍ 2019 സെപ്റ്റംബര്‍ 24 മുതല്‍ നാല് ദിവസങ്ങളിലായി പ്രസിദ്ധീകരിച്ച സതീഷ് ഗോപിയുടെ (സീനിയര്‍ ന്യൂസ് എഡിറ്റര്‍) ‘ജീവിതം മെടയുന്നവര്‍’ എന്ന ലേഖനപരമ്പരയും സ്പെഷ്യല്‍ ജൂറി അവാര്‍ഡിനായി തെരഞ്ഞെടുത്തു.
ദൃശ്യമാധ്യമ വിഭാഗം
മാതൃഭൂമി ചാനലില്‍ 2020 ഫെബ്രുവരി 29ന് സംപ്രേക്ഷണം ചെയ്ത ‘അട്ടപ്പാടിയിലെ ശിശുരോദനം’ എന്ന ജി. പ്രസാദ്കുമാറിന്റെ (സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍, മാതൃഭൂമി ന്യൂസ്, പാലക്കാട്) റിപ്പോര്‍ട്ടിനാണ് പുരസ്‌കാരം. 30,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. അട്ടപ്പാടിയിലെ ആദിവാസികോളനികളിലേക്ക് ഇനിയും വികസനവും വളര്‍ച്ചയും എത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്. ആകെ ലഭിച്ച 14 എന്‍ട്രികളില്‍ നിന്നാണ് ഈ റിപ്പോര്‍ട്ട് അവാര്‍ഡിനായി തെരഞ്ഞെടുത്തത്.
2020 മാര്‍ച്ച് 14ന് ജീവന്‍ ടി.വിയിലൂടെ സംപ്രേക്ഷണം ചെയ്ത സിജോ വര്‍ഗീസിന്റെ (റിപ്പോര്‍ട്ടര്‍, ജീവന്‍ ടി.വി, ഇടുക്കി) ‘മുളങ്കാടിനു മുകളിലെ ആദിവാസിജീവിതം’ എന്ന റിപ്പോര്‍ട്ടും, 2019 ഒക്ടോബര്‍ 7ന് ന്യൂസ് 18 കേരളയിലൂടെ സംപ്രേക്ഷണം ചെയ്ത എസ്. വിനേഷ്‌കുമാറിന്റെ (കോഴിക്കോട് സീനിയര്‍ കറസ്പോണ്ടന്റ്) ‘മലമടക്കിലെ പണിയജീവിതങ്ങള്‍’ എന്ന റിപ്പോര്‍ട്ടും സ്പെഷ്യല്‍ ജൂറി അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടു.
ശ്രവ്യമാധ്യമ വിഭാഗം
2020 മാര്‍ച്ച് 16, 18 തിയതികളില്‍ കമ്മ്യൂണിറ്റിറേഡിയോ ‘മാറ്റൊലി 90.4 എഫ്.എം’ റേഡിയോയില്‍ പ്രക്ഷേപണം ചെയ്ത അമൃത.കെയുടെ (കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി 90.4 എഫ്.എം) കുരങ്ങുപനി, പക്ഷിപ്പനി എന്നിവയെക്കുറിച്ച് ഗോത്ര ഭാഷയില്‍ തയ്യാറാക്കി പ്രക്ഷേപണം ചെയ്ത റിപ്പോര്‍ട്ടിനാണ് പുരസ്‌കാരം. 15,000 രൂപയും ഫലകവുമാണ് അവാര്‍ഡ്.
പി.ആര്‍.ഡി ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐ.എ.എസ് ചെയര്‍മാനും ടി.ചാമിയാര്‍, മുന്‍ ഡയറക്ടര്‍ ദൂരദര്‍ശന്‍, ഋഷി കെ മനോജ്, ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം, ജേക്കബ് ജോര്‍ജ്ജ്, സീനിയര്‍ ജേണലിസ്റ്റ്, എം. സരിതവര്‍മ്മ സീനിയര്‍ ജേണലിസ്റ്റ് എന്നിവര്‍ അംഗങ്ങളായുള്ള ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *