CLOSE

യുപി പൊലീസിന്റെ കനത്ത സുരക്ഷയില്‍ സിദ്ദിഖ് കാപ്പന്‍ വീട്ടിലെത്തി

മലപ്പുറം: ഇടക്കാല ജാമ്യം അനുവദിച്ച് കിട്ടിയ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ യുപി പൊലീസിന്റെ കനത്ത സുരക്ഷയില്‍ മലപ്പുറം വേങ്ങരയിലെ വീട്ടിലെത്തി. അസുഖ ബാധിതയായ അമ്മയെ കാണുന്നതിന് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ഹര്‍ജി അംഗീകരിച്ചാണ് കേരളത്തിലേക്ക് വരാന്‍ സുപ്രീം കോടതി സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചത്. അഞ്ചുദിവസത്തേക്കാണ് ജാമ്യം.

സമൂഹ മാധ്യമമടക്കം ഒരു മാധ്യമവുമായും സംസാരിക്കാനോ പ്രതികരിക്കാനോ പാടില്ല. പൊതുജനങ്ങളെ കാണരുത്. ബന്ധുവല്ലാത്ത ഡോക്ടറെ കാണാം തുടങ്ങിയവയാണ് കോടതി മുന്നോട്ട് വച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍. ആവശ്യമെങ്കില്‍ ആശുപത്രിയില്‍ കഴിയുന്ന അമ്മയുടെ ചിത്രങ്ങള്‍ ഹാജരാക്കാമെന്ന് പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി കപില്‍ സിബല്‍ മറുപടി നല്‍കി.

സമാന സാഹചര്യത്തില്‍ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തില്‍ പോകാന്‍ അനുമതി നല്‍കിയത് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ ചൂണ്ടിക്കാട്ടിയിരുന്നു. ഹാഥ്‌റസില്‍ ബലാല്‍സംഗ കൊലപാത കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സിദ്ദിഖ് കാപ്പനെ ഒക്ടോബര്‍ 5 നാണ് യു പി പൊലീസ് അറസ്റ്റ് ചെയ്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *