CLOSE

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 2.09 കോടി രൂപയുടെ സ്വര്‍ണം പിടികൂടി; കാസര്‍കോട് സ്വദേശി അടക്കം 5 പേര്‍ അറസ്റ്റില്‍

കരിപ്പൂര്‍: കാസര്‍കോട് സ്വദേശി അടക്കം അഞ്ച് പേരില്‍ നിന്നായി 2.09 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. കോഴിക്കോട് കരിപ്പൂരിലെ അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് 4.377 കിലോ സ്വര്‍ണം ഡയരക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, കസ്റ്റംസ് വിഭാഗങ്ങള്‍ പിടികൂടിയത്.

ദുബൈയില്‍ നിന്നും എത്തിയ കാസര്‍കോട് സ്വദേശി നിശാദ് ഇബ്രാഹിം (45) കടത്താന്‍ ശ്രമിച്ച 856 ഗ്രാം മിശ്രിതത്തില്‍ നിന്ന് 37.07 ലക്ഷം രൂപയുടെ 775.5 ഗ്രാം സ്വര്‍ണം പിടികൂടിയത്. ഷാര്‍ജയില്‍നിന്ന് എത്തിയ നാദാപുരം സ്വദേശി എന്‍ മുസ്തഫ (45) കടത്താന്‍ ശ്രമിച്ച 1.067 കിലോഗ്രാം സ്വര്‍ണമിശ്രിതം കണ്ടെടുത്തു. ഇതില്‍നിന്നു വേര്‍തിരിച്ചെടുത്ത 959.8 ഗ്രാം സ്വര്‍ണത്തിന് 45.88 ലക്ഷം രൂപ വിലവരും.

ഇതേ വിമാനത്തില്‍ എത്തിയ കോഴിക്കോട് സ്വദേശി ദിലുലാല്‍ (33) കൊണ്ടുവന്ന 799 ഗ്രാം മിശ്രിതത്തില്‍നിന്ന് 35.28 ലക്ഷം രൂപയുടെ 738.2 ഗ്രാം സ്വര്‍ണവും, മലപ്പുറം സ്വദേശി കെ റിയാസ് (32) കൊണ്ടുവന്ന 1.069 കിലോഗ്രാം മിശ്രിതത്തില്‍നിന്ന് 45.61 ലക്ഷം രൂപയുടെ 954.2 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു.

മറ്റൊരു വിമാനത്തില്‍ ദുബായില്‍നിന്നു കരിപ്പൂരിലെത്തിയ കോഴിക്കോട് സ്വദേശി പി നിജാല്‍ (25) കൊണ്ടുവന്ന 1.056 കിലോഗ്രാം മിശ്രിതത്തില്‍നിന്ന് 45.41 ലക്ഷം രൂപയുടെ 950 ഗ്രാം സ്വര്‍ണം കസ്റ്റംസാണ് പിടിച്ചെടുത്തത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ ടി എ കിരണ്‍, സൂപ്രണ്ടുമാരായ കെ സുധീര്‍, ഐസക് വര്‍ഗീസ്, എം ഉമാദേവി, ഇന്‍സ്‌പെക്ടര്‍മാരായ ജി അരവിന്ദ്, എന്‍ റഹീസ്, രോഹിത് ഖത്രി, ഹെഡ് ഹവില്‍ദാര്‍, കെ സി മാത്യു എന്നിവരാണ് സ്വര്‍ണം പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *