CLOSE

പള്ളിക്കും ക്ഷേത്രത്തിനും നേരെ ആക്രമണം; പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ടുപിടിച്ചു

കല്ലമ്ബലം: നാവായിക്കുളത്തും സമീപ പ്രദേശങ്ങളിലും രണ്ട് ആരാധനാലയങ്ങള്‍ക്ക് നേരെ സാമൂഹിക വിരുദ്ധ ആക്രമണം. സംഭവത്തില്‍ ഒരാളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. വെള്ളൂര്‍കോണം മുസ്‌ലിം പള്ളിക്ക് നേരയും ഇടമണ്‍നില കൈപ്പള്ളി നാഗരുകാവിന് നേരയുമാണ് ഒന്നിടവിട്ട ദിവസങ്ങളില്‍ രാത്രിയില്‍ ആക്രമണം നടന്നത്.

ഞായറാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു നാവായികുളം വെള്ളൂര്‍ക്കോണം മുസ്‌ലിം പള്ളിക്ക് നേരെ കല്ലെറിഞ്ഞത്. കല്ലേറില്‍ പള്ളിയുടെ ഡിജിറ്റല്‍ ബോര്‍ഡ് തകര്‍ന്നു. ശബ്ദം കേട്ടെത്തിയ അയല്‍ വാസികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കിളിമാനൂര്‍ സ്വദേശിയായ സുധീരനെ പിന്തുടര്‍ന്ന് നാവായിക്കുളം സ്‌കൂളിന് സമീപത്ത് നിന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാളെ അറസ്റ്റ് ചെയ്ത ശേഷം ക്ഷേത്ര ആക്രമണ കേസില്‍ പള്ളിക്കല്‍ പൊലീസിന് കൈമാറി. രണ്ട് സംഭവങ്ങള്‍ക്ക് പിന്നിലും സുധീരനാണെന്ന് പൊലീസ് പറഞ്ഞു. ആരാധനാലയങ്ങളില്‍ മോഷണം നടത്തിയതിന് മുമ്ബും ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ടായിരുന്നു.

രണ്ട് ദിവസം മുന്‍പാണ് നാവായിക്കുളം മുക്കുകട ഇടമണ്‍നില കൈപ്പള്ളിയില്‍ നാഗരുകാവ്-മാടന്‍ നടയിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. വൈകീട്ട് ക്ഷേത്രത്തില്‍ വിളക്ക് കൊളുത്താന്‍ എത്തിയവരാണ് പ്രതിഷ്ഠകള്‍ അപ്രത്യക്ഷമായ വിവരമറിഞ്ഞത്. തുടര്‍ന്ന് പരിസരങ്ങളില്‍ ചിതറിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും കുത്തിപൊളിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. കാവ് ഭാരവാഹികള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തി അന്വേഷണം നടത്തി വരവെയാണ് പള്ളിക്കുനേരെയും ആക്രമണം നടന്നത്. പള്ളി അക്രമണവുമായി ബന്ധപെട്ട് ജമാഅത്ത് ജനറല്‍ സെക്രട്ടറി എസ്. നിസാര്‍ കല്ലമ്ബലം പൊലീസില്‍ പരാതി നല്‍കി.

രണ്ടാഴ്ച മുമ്ബ് മരുതിക്കുന്ന് മുസ്‌ലിം ജമാഅത്ത് പ്രസിഡന്റിന്റെ വീടിന് നേരെയും സാമൂഹ്യ വിരുദ്ധര്‍ ഒഴിഞ്ഞ മദ്യ കുപ്പിയെറിഞ്ഞിരുന്നു. നാട്ടിലെ മത സൗഹാര്‍ദം തകര്‍ക്കാനുള്ള ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *