CLOSE

രവി പിള്ളയുടെ മകന്റെ വിവാഹം കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന് ഹൈക്കോടതി

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹം നടത്തിയതില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ 12 പേര്‍ മാത്രമേ വിവാഹത്തില്‍ പങ്കെടുക്കാന്‍ പാടുള്ളൂ എന്ന നിര്‍ദ്ദേശം ഉണ്ടായിട്ടും നിരവധി പേര്‍ പങ്കെടുത്തുവെന്നും വിവാഹത്തിന്റെ ദൃശ്യങ്ങളില്‍ വലിയ ആള്‍ക്കൂട്ടം വ്യക്തമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ അലങ്കരിച്ചതിനെതിരെ സ്വമേധയ എടുത്ത കേസ് പരിഗണിക്കവേ കോടതി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. വിവാഹം നടത്തുന്നതിന് വേണ്ടി, ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ ഓഡിറ്റോറിയമാക്കി മാറ്റിയെന്നും കോടതി വിമര്‍ശിച്ചു. എല്ലാ വിശ്വാസികള്‍ക്കും ഗുരുവായൂരില്‍ ഒരേ പോലെ കല്യാണം നടത്താന്‍ അവകാശം ഉണ്ടെന്ന് കോടതി പറഞ്ഞു.

വിശ്വാസികളില്‍ ഭരണഘടനാ പദവി ഉള്ളവര്‍ എന്നോ കൂലി പണിക്കാര്‍ എന്നോ ഇല്ല. ഇക്കാര്യത്തില്‍ എന്തെങ്കിലും വിവേചനം ഉണ്ടായോ എന്ന് പരിശോധിക്കും. മൂന്ന് കല്യാണ മണ്ഡപത്തില്‍ ഒന്ന് ഈ കല്യാണത്തിന് മാത്രമായി മാറ്റി വെച്ചോ എന്ന് ആരാഞ്ഞ കോടതി, ആ ദിവസം എത്ര കല്യാണം ഉണ്ടായെന്ന് ചോദിച്ചു.

സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരെ നടപന്തലില്‍ കയറ്റിയോ എന്ന് ദൃശ്യങ്ങള്‍ പരിശോധിക്കവേ കോടതി ആരാഞ്ഞു. എന്നാല്‍ സുരക്ഷ ഡ്യൂട്ടി നോക്കിയത് ദേവസ്വം ജീവനക്കാര്‍ ആണെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കല്യാണ വീഡിയോ കോടതി പരിശോധിച്ച കോടതി, കല്യാണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റഡിയില്‍ സൂക്ഷിക്കാനും നിര്‍ദ്ദേശം നല്‍കി. കേസില്‍ രവി പിള്ള, തൃശൂര്‍ എസ്പി, സെക്ടറല്‍ മജിസ്‌ട്രേറ്റ് എന്നിവരെ കോടതി കക്ഷി ചേര്‍ത്തു. കേസ് ഒക്ടോബര്‍ 5ന് വീണ്ടും പരിഗണിക്കും.

സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രനും, കെ ബാബുവും അടങ്ങുന്ന ബെഞ്ച് സ്വമേധയാ കേസെടുത്തത്. വിവാഹത്തിന് നടപ്പന്തലില്‍ കട്ടൗട്ടുകളടക്കം ഉപയോഗിച്ച് അലങ്കരിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍. തുടര്‍ന്ന് നടപ്പന്തല്‍ ചട്ടം ലംഘിച്ചു അലങ്കരിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ച് അഡ്മിനിസ്ട്രേറ്ററുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. നടപ്പന്തലല്‍ പുഷ്പാലങ്കാരത്തിനുമാത്രമാണ് അനുമതിയെന്നും കട്ടൗട്ടുകളും ബോര്‍ഡുകളും വയ്ക്കാന്‍ അനുമതി നല്‍കിയിരുന്നില്ലെന്നുമാണ് അഡ്മിനിസ്ട്രേറ്റര്‍ വിശദീകരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *