CLOSE

എല്ലാ ജില്ലകളിലും സെറോ പ്രിവലന്‍സ് പഠനം നടക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സെറൊ പ്രിവലന്‍സ് പഠനം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എത്ര പേര്‍ക്ക് രോഗം വന്നു മാറി എന്നു മനസ്സിലാക്കാനാണ് പഠനം. കുട്ടികളിലും സെറോ പ്രിവലന്‍സ് പഠനം നടത്തുന്നുണ്ട്. രോഗവ്യാപനത്തിന്റെ തോതും സ്വഭാവവും മനസ്സിലാക്കാനും അതനുസരിച്ച് വാക്സിന്‍ വിതരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ കൃത്യതയോടെ നടപ്പിലാക്കാനും പഠനം സഹായകമാകും. ഈ മാസം അവസാനത്തോടെ പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനായി പോലീസിന്റെ 16,575 സംഘങ്ങളെയാണ് കഴിഞ്ഞ ഒരാഴ്ച മാത്രം നിയോഗിച്ചത്. 1,45,308 വീടുകളില്‍ കഴിഞ്ഞയാഴ്ച പോലീസ് സന്ദര്‍ശനം നടത്തി. ക്വാറന്റീനില്‍ കഴിയുന്ന 3,40,781 പേരെയാണ് പോലീസിന്റെ മോട്ടോര്‍ സൈക്കിള്‍ സംഘം സന്ദര്‍ശിച്ച് വിവരങ്ങള്‍ അരാഞ്ഞത്. കഴിഞ്ഞയാഴ്ച ക്വാറന്റീനില്‍ കഴിഞ്ഞ 3,47,990 പേരെ ഫോണില്‍ ബന്ധപ്പെട്ട് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. ക്വാറന്റീന്‍ ലംഘിച്ച 1239 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 18 വയസിന് മുകളിലുള്ള ബാക്കിയുള്ളവര്‍ക്ക് കൂടി ഈ മാസം തന്നെ വാക്സിന്‍ നല്‍കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. രണ്ടു മൂന്നു മാസങ്ങള്‍ക്കകം രണ്ടാം ഡോസ് വാക്സിനേഷനും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. സെപ്റ്റംബര്‍ എട്ട് മുതല്‍ 14 വരെയുള്ള കാലയളവില്‍, ശരാശരി കോവിഡ് ആക്ടീവ് കേസുകള്‍ 1,53,067 ആണ്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 42,998 കേസുകളും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ ടിപിആറിന്റെയും പുതുതായി ഉണ്ടായ കേസുകളുടെയും വളര്‍ച്ചാ നിരക്ക് യഥാക്രമം ആറ് ശതമാനവും 21 ശതമാനവും കുറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *