CLOSE

ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും; പുതിയ ഡിജിപിയെ ഇന്നറിയാം

സംസ്ഥാന പോലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും. തുടര്‍ഭരണം കിട്ടിയ സര്‍ക്കാരിനൊപ്പം രണ്ട് തവണയും തുടരാന്‍ സാധിച്ച പോലീസ് മേധാവിയാണ് ലോക്നാഥ് ബെഹ്റ. 5 വര്‍ഷത്തോളം പോലീസ് മേധാവി സ്ഥാനത്ത് ഇരിക്കാന്‍ കഴിഞ്ഞെന്ന അപൂര്‍വ്വ നേട്ടം.

ഡിജിപി പദവിയിലുള്ള സംസ്ഥാന പോലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി, ഫയര്‍ഫോഴ്സ് മേധാവി എന്നീ നാലു തസ്തികകളിലും വഹിച്ചിട്ടുള്ള ഏക വ്യക്തിയുമാണ് ലോക്നാഥ് ബെഹ്‌റ. കേരള പോലീസില്‍ സാങ്കേതികവിദ്യയും ആധുനികവത്ക്കരണവും നടപ്പാക്കുന്നതില്‍ ലോക്നാഥ് ബെഹ്റ പ്രമുഖ പങ്കുവഹിച്ചിട്ടുണ്ട്. കേസന്വേഷണം ഉള്‍പ്പെടെ പോലീസിലെ എല്ലാ മേഖലകളിലും ആധുനിക സാങ്കേതികവിദ്യ വിനിയോഗിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധപതിപ്പിച്ചിരുന്നു. ഓഖി, നിപ്പ, പ്രളയം, കോവിഡ്, ലോക്ഡൌണ്‍- ഇക്കാലയളവിലൊക്കെ പോലീസ് സേനയെ മുന്നില്‍ നിന്ന് നയിച്ചു. 16 ലക്ഷം ഫോളോവേഴ്സ് ഉള്ള കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് ലോകത്തിലെ പോലീസ് സേനകളില്‍ മുന്‍പന്തിയില്‍ എത്തിച്ചതും ബെഹ്റയുടെ നേതൃത്വത്തിലാണ്.

അതേസമയം പുതിയ ഡിജിപിയെയും ഇന്നറിയാം. സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയെ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിക്കും. യുപിഎസ്സി അംഗീകരിച്ച മൂന്ന് പേരില്‍ നിന്ന് ഒരാളെയാണ് പോലീസ് മേധാവിയായി തീരുമാനിക്കുക. റോഡ് സുരക്ഷാ കമ്മീഷണര്‍ അനില്‍കാന്തിനാണ് കൂടുതല്‍ സാധ്യത. അടുത്ത ജനുവരി മാസത്തിലാണ് അനില്‍കാന്ത് വിരമിക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ എസ് സുധേഷ് കുമാര്‍, അഗ്നിരക്ഷാ സേനാ മേധാവി ബി സന്ധ്യ എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് പേര്‍. പട്ടികയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് സുധേഷ്‌കുമാര്‍. ആദ്യ വനിതാ പോലീസ് മേധാവി എന്ന തലത്തില്‍ കാര്യങ്ങള്‍ പോയാല്‍ ബി സന്ധ്യയ്ക്കും സാധ്യതയുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *