എല്ലാ വര്‍ഷവും ഒക്ടോബര്‍ 15 ആഗോള കൈകഴുകല്‍ ദിനമായി ആചരിക്കുന്നു. സോപ്പുപയോഗിച്ച് സ്ഥിരമായി ഇടയ്ക്കിടെ കൈകഴുകുന്ന ശീലം വളര്‍ത്തിയെടുക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഈ ദിനം ആചരിക്കുന്നത്.
‘ഏവര്‍ക്കും കരശുദ്ധി’ എന്നതാണ് ഈ വര്‍ഷത്തെ വിഷയം. 2008 ലാണ് ആദ്യത്തെ ആഗോള കൈകഴുകല്‍ ദിനം ആചരിച്ചത്. അന്നു മുതല്‍ വിദ്യാലയങ്ങള്‍, സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവര്‍ ഈ ദിനാചരണത്തില്‍ പങ്കുചേരുന്നു. ലോകാരോഗ്യ സംഘടനയും യൂണിസെഫും സംയുക്തമായി നയിക്കുന്ന ‘ഹാന്‍ഡ് ഹൈജിന്‍ ഫോര്‍ ഓള് ഗ്ലോബല്‍ ഇനിഷ്യേറ്റീവ്’ രാഷ്ട്രീയ ഇടപെടലിലൂടെയും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിലൂടെയും കരങ്ങളുടെ ശുദ്ധി ഉറപ്പാക്കുന്നതിനായി പ്രയത്നിക്കുന്നു.
കൈകളുടെ ശുചിത്വം എങ്ങിനെ ഒരു വ്യക്തിയുടെ മുഴുവന്‍ ആരോഗ്യത്തേയും ബാധിയ്ക്കുന്നു എന്ന് കോവിഡ് 19 മഹാമാരി നമുക്ക് കാണിച്ചുതന്നു. പലപ്പോഴും കൈകഴുകുന്നതിന്റെ പ്രാധാന്യം തമസ്ക്കരിക്കപ്പെടുന്നത് പ്രധാന ഇടങ്ങളില്‍ അതിനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ട് കൂടിയാണ്. ആഗോളതലത്തില്‍ 300 കോടി ആളുകള്‍ക്ക് കൈ കഴുകുന്നതിനുള്ള സൗകര്യങ്ങള്‍ ലഭിയ്ക്കുന്നില്ല. അവികസിത രാജ്യങ്ങളിലെ 75% ആളുകള്‍ക്കും സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകഴുകുന്നതിനുള്ള സൗകര്യമില്ല.സ്ഥിരമായി യുദ്ധം നടന്നുകൊണ്ടിരിക്കുന്ന പ്രദേശങ്ങളില്‍ ഉള്ളവരും അഭയാര്ത്ഥിക്യാമ്പുകളില് കഴിയുന്നവരും ചേരി പ്രദേശങ്ങളിലും മറ്റും കഴിയുന്നവരുമായ ആളുകള്‍ക്കാണ് കൂടുതലായി ഈ സൗകര്യങ്ങള്‍ ലഭ്യമല്ലാത്തത്.
എന്തിന് കൈകള്‍ ശുചിയാക്കി വയ്ക്കണം?
സ്വയം അസുഖ ബാധിതരാകാത്തിരിക്കാനും മറ്റുള്ളവരിലേക്ക് രോഗാണുക്കള്‍ പകര്‍ന്നു കൊടുക്കാതിരിക്കാനുമുള്ള ഏറ്റവും നല്ല മാര്‍ഗമാണ് കൈകള്‍ ശുചിയാക്കി വയ്ക്കുക എന്നത്. കൈകള്‍ വൃത്തിയുള്ള വെള്ളത്തില്‍ സോപ്പ് ഉപയോഗിച്ചു കഴുകി വൃത്തിയാക്കുന്നതിലൂടെ പലരോഗങ്ങളും പ്രതിരോധിക്കാന്‍ സാധിക്കും. സാല്‍മൊണല്ല, ഇ കോളി, നോറോ വൈറസ് എന്നിവയുടെ പ്രധാന സ്രോതസ്സാണ് മനുഷ്യരുടെയും മൃഗങ്ങളുടെയും വിസര്‍ജ്യം. വിസര്‍ജ്യത്തിലുള്ള ഈ അണുക്കള്‍ കൈകള്‍ വഴി മനുഷ്യ ശരീരത്തില്‍ എത്തി വയറിളക്കം ശ്വാസകോശരോഗങ്ങള്‍ എന്നിവയ്ക്ക് പുറമേ ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് പോലുള്ള രോഗങ്ങളും ഉണ്ടാകുന്നതിനു കാരണമാകുന്നു. ശുചിമുറി ഉപയോഗിച്ചശേഷമോ, ഡയപ്പര്‍ മാറ്റിയതിനുശേഷമോ പച്ച മാംസം കൈകാര്യം ചെയ്തതിനു ശേഷമോ കൈകള്‍ വൃത്തിയാക്കാതിരുന്നാല്‍ ഇത്തരം രോഗാണുക്കള്‍ കൈകളില്‍നിന്നും മനുഷ്യരുടെ ഉള്ളില്‍ എത്താം.
ആളുകള്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും പൊത്തിപ്പിടിക്കാത്തതു മൂലം രോഗാണുക്കള്‍ പ്രവേശിച്ച ഏതെങ്കിലും വസ്തുക്കളില്‍ മറ്റാരെങ്കിലും തൊടുക വഴിയും രോഗാണുക്കള്‍ മനുഷ്യശരീരത്തില്‍ എത്താം. ഗോവണിയുടെ യുടെ കൈവരികള്‍, മേശ, കസേര, കളിപ്പാട്ടങ്ങള്‍, കമ്പ്യൂട്ടറുകള്‍, വാതിലിന്റെ പിടി, താക്കോല്‍ മുതലായവ വഴി രോഗാണുക്കള്‍ പകരുന്നതിനുള്ള സാധ്യത കൂടുതലാണ്. കണ്ണുകള്‍, മൂക്ക്, വായ് എന്നിവിടങ്ങളില്‍ സ്പര്‍ശിച്ചു കൊണ്ടിരിക്കുന്നു ശീലം പലര്‍ക്കുമുണ്ട്. ഇവ വഴിയും രോഗാണുക്കള്‍ ഉള്ളിലെത്താം. വൃത്തിയാക്കാതെ ഭക്ഷണം പാകം ചെയ്യുകയോ കഴിക്കുകയോ ചെയ്യുന്നതുമൂലം രോഗാണുക്കള്‍ ഭക്ഷണത്തില്‍ എത്തുകയും ആളുകളെ രോഗികള്‍ ആക്കുകയും ചെയ്യാം.
കൈകള്‍ സ്ഥിരമായി കഴുകുന്നതിലൂടെ
-വയറിളക്കം മൂലം രോഗബാധിതരാകുന്ന ആളുകളുടെ ശതമാനം 23 മുതല്‍ 40 ശതമാനം വരെ കുറയ്ക്കാം
-ശാസകോശ രോഗങ്ങള്‍ 16 മുതല്‍ 25 ശതമാനം വരെ കുറയ്ക്കാം
-കുട്ടികളിലെ ഉദരരോഗങ്ങള്‍ 29 മുതല്‍ 57 ശതമാനം വരെ കുറയ്ക്കാം
ലോകത്ത് ഏകദേശം 1.8 മില്യണ്‍ കുട്ടികള്‍ വയറിളക്കവും ന്യൂമോണിയയും മൂലം മരിക്കുന്നു. കൈകള്‍ ശുചിയാക്കുന്നത് മൂന്നിലൊന്ന് കുട്ടികളെ വയറിളക്കത്തില്‍ നിന്നും അഞ്ചിലൊന്ന് കുട്ടികളെ ന്യൂമോണിയ പോലുള്ള ശ്വാസകോശ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. സ്കൂളുകളില്‍ കുട്ടികളുടെ ഹാജര്‍ വര്‍ധിപ്പിക്കുന്നതിനു സഹായിക്കുന്നു.
നിര്‍ബന്ധമായും കൈകള്‍ കഴുകേണ്ടത് എപ്പോഴെല്ലാം ?
-ഭക്ഷണം പാകം ചെയ്യുന്നതിനു മുന്‍പും ശേഷവും
-ഭക്ഷണം കഴിക്കുന്നതിനു മുന്‍പും ശേഷവും
- രോഗികളെ പരിചരിക്കുന്നതിനു മുന്‍പും ശേഷവും
- മുറിവുണ്ടായാല്‍ അത് പരിചരിക്കുന്നതിനു മുന്‍പ്
-കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റിയ ശേഷം
-മൃഗങ്ങളെ പരിപാലിച്ച ശേഷം
-മാലിന്യങ്ങള്‍ കൈകാര്യം ചെയ്തതിന് ശേഷം
-തുമ്മിയതിനും ചുമച്ചതിനും ശേഷം
സോപ്പും വെള്ളവും ഉപയോഗിച്ചോ 60% എങ്കിലും ആല്‍ക്കഹോള്‍ ഉള്ള ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ ശുചിയാക്കുക.
സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക വഴി കോവിഡ് 19 മാത്രമല്ല ശ്വാസകോശരോഗങ്ങളെയും വയറിളക്ക രോഗങ്ങളെയും തടയാന്‍ സാധിക്കും. കൈ കഴുകുന്നത് ഒരു ശീലമാക്കുക….ഇപ്പോള്‍ മാത്രമല്ല എല്ലായ്പ്പോഴും.