ചെന്നൈ: തമിഴ്നാട്ടില്‍ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതിന് ഭര്‍ത്താവിനെ ഗര്‍ഭിണി കൊലപ്പെടുത്തി.സംഭവത്തിന് പിന്നാലെ പൊലീസിന് മുന്പില് 21കാരി കീഴടങ്ങി. ഭക്ഷണത്തില്‍ കീടനാശിനി കലര്‍ത്തിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇറോഡിലാണ് സംഭവം. എന്‍ നന്ദകുമാറിനെ കൊലപ്പെടുത്തിയ മൈഥിലിയാണ് പൊലീസിന് മുന്പില് കീഴടങ്ങിയത്. എട്ടുമാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം.
നന്ദകുമാര്‍ കര്‍ഷകനാണ്. അഞ്ചുമാസം മുന്‍പാണ് മൈഥിലി ഗര്‍ഭിണിയായത്. ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഇതിന്റെ പേരില്‍ ഉപദ്രവിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
ജനുവരി 28നാണ് സംഭവം. ഭക്ഷണത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജനുവരി 31ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫെബ്രുവരി 15നാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കുമാര്‍ മരിച്ചത്.
ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. അതിനിടെയാണ് മൈഥിലി പൊലീസിന് മുന്‍പാകെ കുറ്റസമ്മതം നടത്തുകയും കീഴടങ്ങുകയും ചെയ്തത്.