CLOSE

ഒളിംപിക്‌സില്‍ ഇസ്രായേലിന് സ്വര്‍ണം; പുലിവാല് പിടിച്ച് ബോളിവുഡ് സംഗീത സംവിധായകന്‍ അനു മാലിക്

ഇസ്രാഈല്‍ ദേശീയഗാനം കോപിയടിച്ചുവെന്നാരോപിച്ച് ഗായകനും പ്രശസ്ത സംഗീത സംവിധായകനുമായ അനു മാലികിനെ കളിയാക്കി ട്രോളന്‍മാര്‍. അനു മാലികിനെതിരെ ട്രോള്‍ മഴയാണ് ട്വിറ്ററില്‍.

ജിംനാസ്റ്റായ ആര്‍ടെം ഡോല്‍ഗോപ്യാറ്റ് സ്വര്‍ണ മെഡല്‍ നേടിയ വേളയില്‍ ടോക്യോ ഒളിംപിക്സ് വേദിയില്‍ ഇസ്രാഈലി ദേശീയ ഗാനം മുഴങ്ങിയിരുന്നു. ഇത് നെറ്റിസണ്‍സിന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് 60കാരനായ സംഗീത സംവിധായകന്റെ ‘കോപിയടി’ പിടിക്കപ്പെട്ടത്.

1996ല്‍ പുറത്തിറങ്ങിയ അജയ് ദേവ്ഗന്‍ ചിത്രമായ ‘ദില്‍ജലേ’ എന്ന ചിത്രത്തിലേ ‘മേര മുല്‍ക് മേരാ ദേശ്’ എന്ന ഗാനത്തിന്റെ സംഗീതം ഇസ്രയേലിന്റെ ദേശീയ ഗാനമായ ‘ഹാതിക്വ’യുടെ കോപിയാണെന്നാണ് കണ്ടെത്തല്‍.
19-ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ‘ഹാത്വിക’ 1948ലാണ് ഇസ്രാഈലിന്റെ ദേശീയ ഗാനമായി അംഗീകരിച്ചത്. ഇതോടെ ഒളിംപിക് വേദിയിലെ ഇസ്രാഈലി ദേശീയ ഗാനത്തിന്റെ വിഡിയോ വൈറലായി. പാട്ട് മോഷണത്തിന് മുമ്ബും ട്രോളുകള്‍ ഏറ്റുവാങ്ങിയ അനു മാലിക് ഒരു രാജ്യത്തിന്റെ ദേശീയ ഗാനം വരെ അടിച്ചുമാറ്റിയെന്ന സത്യം ട്രോളന്‍മാര്‍ ഏറ്റുപിടിച്ചു.

40 വര്‍ഷമായി സംഗീത രംഗത്തുള്ള അനു മാലികിന് 2000ത്തില്‍ ‘റെഫ്യൂജി’ എന്ന ചിത്രത്തിന് മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. ഇതിന് മുമ്ബും മറ്റ് സംഗീതജ്ഞരുടെ ഗാനങ്ങള്‍ അടിച്ച് മാറ്റിയതിന് അനു മാലിക് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

അജ്നബി, അശോക, മേം പ്രേം കി ദീവാനി ഹൂ, ടാങ്കോ ചാര്‍ലി, മേം ഖിലാഡി തു അനാരി എന്നീ ചിത്രങ്ങളിലേതടക്കം ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്ന അനു മാലിക് നിരവധി അവാര്‍ഡുകളും സ്വന്തമാക്കി.

ദില്‍ മേര ചുരായ കോന്‍ (1995) എന്ന ഗാനം വാമിന്റെ ലാസ്റ്റ് ക്രിസ്മസ് എന്ന ഗാനത്തിന്റെ അടിച്ചുമാറ്റിയതാണെന്നായിരുന്നു വിമര്‍ശനം. ഇതേപോലെ ഇഷ്ഖിലെ ‘നീന്ദ് ചുരായി മേരി’ എന്ന ഗാനം ലീനിയറിന്റെ ‘സെന്‍ഡിങ് ആള്‍ മൈ ലവ്’ എന്ന ഗാനവും ‘നഷ യേ പ്യാര്‍ കാ നഷ’ ടോടോ കുടുഗ്നോയുടെ ലില്‍ടാലിയാനോയുടെയും പകര്‍പാണെന്നും ആരോപണങ്ങള്‍ നേരിട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *