CLOSE

മാപ്പിളപ്പാട്ട് ഗായകന്‍ വി എം കുട്ടി അന്തരിച്ചു

മാപ്പിളപ്പാട്ട് ഗായകന്‍ വിഎം കുട്ടി (86) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മാപ്പിളപ്പാട്ടില്‍ പുതിയ പരിക്ഷണങ്ങള്‍ കൊണ്ട് വന്ന് ജനകീയമാക്കിയ കലാകാരനാണ് അദ്ദേഹം. 7 സിനിമകളില്‍ പാടിയിട്ടുണ്ട്. സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവാണ്.

1935 ഏപ്രില്‍ 16നായിരുന്നു ജനനം. മലപ്പുറം ജില്ലയിലെ പുളിക്കലാണ് സ്വദേശം. പ്രാഥമിക വിദ്യാഭ്യാസത്തിനും അധ്യാപക പരിശീലന കോഴ്‌സിനും ശേഷം 1985 വരെ അധ്യാപനായി ജോലി ചെയ്തു. പിന്നീട് സ്വമേധയാ വിരമിച്ച് മാപ്പിളപ്പാട്ട് രംഗത്ത് സജീവമായി.

ആകാശവാണിയില്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ച് 20ാം വയസില്‍ കലാജീവിതം തുടങ്ങി. 1965 മുതല്‍ ഗള്‍ഫ് നാടുകളിലെ വേദികളില്‍ വിഎം കുട്ടിയുടെ ഗാനവിരുന്നുകള്‍ ധാരാളമായി അരങ്ങേറിയിരുന്നു. 1987ല്‍ കവറത്തി സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് മുന്നില്‍ മാപ്പിളപ്പാട്ടും ഒപ്പനയും അവതരിപ്പിച്ചും വിഎം കുട്ടി ശ്രദ്ധ നേടി.

ആയിരക്കണക്കിന് മാപ്പിളപ്പാട്ടുകള്‍ക്ക് ശബ്ദവും സംഗീതവും നല്‍കിയ വിഎം കുട്ടി മികച്ച ഗാനരചയിതാവ് കൂടിയാണ്. 1921 അടക്കം നിരവധി സിനിമകളിലും അദ്ദേഹം ഗാനങ്ങള്‍ എഴുതി. മാപ്പിളപ്പാട്ടിന്റെ ലോകം, ബഷീര്‍ മാല, ഭക്തി ഗീതങ്ങള്‍, മാനവമൈത്രി ഗാനങ്ങള്‍, കുരുതികുഞ്ഞ് എന്നിവയാണ് പ്രധാന കൃതികള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *