CLOSE

സന്ദേശ് ജിങ്കാനെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാമ്ബില്‍ നിന്നും ഒഴിവാക്കിയേക്കും

അടുത്ത മാസം നടക്കാനിരിക്കുന്ന അന്തരാഷ്ട്ര സൗഹൃദ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ക്യാമ്ബില്‍ നിന്നും സന്ദേശ് ജിങ്കാനെ ഒഴിവാക്കിയേക്കുമെന്ന സൂചനകള്‍. ഇന്ത്യയുടെ പ്രതിരോധനിര താരത്തെ ടീമില്‍ നിന്നും ഒഴിവാക്കുന്നത് പരിഗണനയിലാണെന്ന് ഇന്ത്യയുടെ ദേശീയ ടീമിന്റെ പരിശീലകനായ ഇഗോര്‍ സ്റ്റിമാച്ചാണ് വ്യക്തമാക്കിയത്. ക്രൊയേഷ്യയിലെ ഒന്നാം ഡിവിഷന്‍ ക്ലബില്‍ കളിക്കാന്‍ അവസരം ലഭിച്ചതിനാലാണ് താരത്തെ ഇന്ത്യയുടെ പരിശീലന ക്യാമ്ബില്‍ നിന്നും ഒഴിവാക്കുന്നത്.

ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാന്റെ താരമായിരുന്ന ജിങ്കാന്‍ ഈ സീസണിലാണ് ക്രൊയേഷ്യയിലെ എച്ച് എന്‍ കെ സിബെനിക്കുമായി കരാറിലെത്തിയത്. അതിനാല്‍ അവിടത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഇന്ത്യന്‍ താരത്തെ സഹായിക്കുന്നതിനാണ് ഇന്ത്യന്‍ ക്യാമ്ബില്‍ നിന്നും താരത്തെ ഒഴിവാക്കുന്ന കാര്യം പരിഗണിക്കുന്നതെന്നാണ് സ്റ്റിമാച്ച് പറഞ്ഞത്. ക്രൊയേഷ്യന്‍ ക്ലബുമായി കരാറിലെത്തിയ ജിങ്കാന്‍ നിലവില്‍ ക്രൊയേഷ്യയില്‍ തന്നെയുണ്ട്. നിലവില്‍ ക്രൊയേഷ്യന്‍ ലീഗ് അതിന്റെ പാതിവഴിയിലാണ്. ഇതിനോടകം അഞ്ച് റൗണ്ട് മല്‍സരങ്ങള്‍ ലീഗില്‍ പൂര്‍ത്തിയായി. ക്ലബിലെ കളിക്കാരെല്ലാം ഫിറ്റാണ്, ടീമിന്റെ ആദ്യ ഇലവനില്‍ അവസരം ലഭിക്കണമെങ്കില്‍ ജിങ്കാന്‍ അവിടെ തന്നെ തുടര്‍ന്ന് അവിടത്തെ സാഹചര്യങ്ങളുമായി ഇണങ്ങി ചേരേണ്ടതുണ്ട്. ജിങ്കാന് ലഭിച്ച അവസരത്തിന് മികച്ച പിന്തുണ നല്‍കാനാണ് ടീമിന്റെ ലക്ഷ്യമെന്നും താരത്തിന് തന്റെ ഫോം കണ്ടെത്താന്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റ് തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യുമെന്നും സ്റ്റിമാച്ച് വ്യക്തമാക്കി.

അടുത്ത മാസം നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ രണ്ട് സൗഹൃദ മത്സരങ്ങള്‍. നേരത്തെ ലിബിയ, ജോര്‍ദാന്‍ എന്നീ ടീമുകളുമായാണ് മത്സരങ്ങള്‍ നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച ക്വാറന്റൈന്‍ നിയമങ്ങള്‍ കാരണം ഈ മത്സരങ്ങള്‍ അനിശ്ചിത്വതത്തിലായി. ഇതിനെ തുടര്‍ന്നാണ് നേപ്പാളുമായി മത്സരം കളിക്കാന്‍ ധാരണയായത്.

അതേസമയം ക്രൊയേഷ്യന്‍ ക്ലബിന് വേണ്ടി ബൂട്ടുകെട്ടാന്‍ പോകുന്ന ജിങ്കാന്‍, എ ടി കെ മോഹന്‍ ബഗാനുമായുള്ള കരാര്‍ പാതിവഴിയില്‍ ഉപേക്ഷിച്ചാണ് ക്രൊയേഷ്യയിലേക്ക് പോകുന്നത്. മോഹന്‍ ബഗാനുമായി താരത്തിന് ഇനിയും നാല് വര്‍ഷത്തെ കരാര്‍ കൂടി ബാക്കിയുണ്ട്. പക്ഷെ ജിങ്കാന്‍ കഴിഞ്ഞ സീസണില്‍ മോഹന്‍ ബഗാനുമായി കരാറില്‍ ഒപ്പിടുമ്‌ബോള്‍ അതില്‍ യൂറോപ്പില്‍ നിന്നും ഓഫറുകള്‍ വന്നാല്‍ തനിക്ക് ക്ലബ് വിടാം എന്ന വ്യവസ്ഥ ചേര്‍ത്തിരുന്നു. ഈ വ്യവസ്ഥ പ്രകാരമാണ് താരം ഇപ്പോള്‍ യൂറോപ്പിലേക്ക് പോകുന്നത്.

കഴിഞ്ഞ സീസണിലെ ഇന്ത്യയിലെ മികച്ച ഫുട്‌ബോള്‍ താരമായി തിരഞ്ഞെടുക്കപ്പെട്ട ജിങ്കാന്‍ ഐ എസ് എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിലൂടെയാണ് വരവറിയിച്ചത്. ടീമിന്റെ നെടുംതൂണായി മാറിയ താരം കഴിഞ്ഞ സീസണിലാണ് ബ്ലാസ്റ്റേഴ്സ് വിട്ട് മോഹന്‍ ബഗാനൊപ്പം ചേര്‍ന്നത്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഐഎസ്എല്ലില്‍ കൂടുതല്‍ മത്സരം കളിച്ച താരം കൂടിയാണ് ജിങ്കാന്‍. കഴിഞ്ഞ സീസണില്‍ ബഗാനെ ഫൈനലില്‍ എത്തിക്കുന്നതില്‍ ജിങ്കാന്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഇന്ത്യന്‍ ജേഴ്സിയില്‍ താരം 40 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *