CLOSE

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്ത കൂട്ടുകാരിക്ക് മാതാപിതാക്കളുടെ സഹായത്തോടെ മൊബൈല്‍ വാങ്ങിച്ചു നല്‍കി ആറാം ക്ലാസികാരിയുടെ മാതൃക

നീലേശ്വരം : ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സ്മാര്‍ട് ഫോണ്‍ ഇല്ലാത്ത കൂട്ടുകാരിക്ക് വീട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ പുതിയ മൊബൈല്‍ ഫോണ്‍ എത്തിച്ചു കൊടുത്ത് ആറാം ക്ലാസുകാരി.

നീലേശ്വരം രാജാസ് എച്ച്എസ്എസ് ആറാം തരം എ ഡിവിഷനിലെ വിദ്യാര്‍ഥിനി നീലേശ്വരം തെരു ധന്യ നിവാസിലെ കെ.വി.പാര്‍വതിയുടേതാണ് ഈ മാതൃക. കോവിഡിനെ തുടര്‍ന്നു ക്ലാസുകള്‍ ഓണ്‍ലൈനില്‍ ആയതോടെ വിഷമത്തിലായ പേരോല്‍ സ്വദേശിനിയായ കൂട്ടുകാരിക്ക് പാഠഭാഗങ്ങള്‍ മാതാപിതാക്കളുടെ ഫോണില്‍ നിന്ന് ടെക്സ്റ്റ് മെസേജ് ആയി അടച്ചു കൊടുക്കുമായിരുന്നു പാര്‍വതി. വിശദമായ പഠനം തുടങ്ങിയതോടെ ഓരോ ദിവസത്തെയും നോട്ടുകള്‍ കൃത്യമായി അയച്ചു കൊടുക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് പാര്‍വതി വിഷയം വീട്ടില്‍ അവതരിപ്പിച്ചത്.

ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന പിതാവ് കെ.വി.സതീശനും മാതാവ് ടി.ടി.വി.സീനയും മകളുടെ നന്മമനസിന് പ്രോല്‍സാഹനമേകി. തങ്ങളാലാവുന്ന തുകയെടുത്ത് മരുമകന്‍ കെ.വി.ചിന്തുരാജിനോടു കാര്യം പറഞ്ഞു. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ തെരുവിലെ പി.സി.രോഹിത്, പട്ടേനയിലെ ഉമേഷ്, തട്ടാച്ചേരിയിലെ പ്രകാശന്‍ എന്നിവരുടെ സഹായത്തോടെ ഓണ്‍ലൈന്‍ ക്ലാസിനാവശ്യമായ സാങ്കേതിക സൗകര്യങ്ങളെല്ലാമുള്ള ഒരു ഫോണ്‍ ചിന്തു എത്തിച്ചുകൊടുത്തു. മാതാപിതാക്കള്‍ക്ക് ഒപ്പം കൂട്ടുകാരിയുടെ വീട്ടിലെത്തി പാര്‍വതി മൊബൈല്‍ ഫോണ്‍ കൈമാറുകയും ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *