CLOSE

പ്രകൃതിയെ സംരക്ഷിച്ച് പഠിക്കാന്‍ നാലിലാംകണ്ടംജൈവ വൈവിധ്യ പഠനകേന്ദ്രം

Share

നാലിലാംകണ്ടം ഗവ.യു.പി സ്‌ക്കൂളിന്റെ 4.65 ഏക്കര്‍ സ്ഥലത്തെ സ്വാഭാവിക ജൈവസമ്പത്ത് സംരക്ഷിച്ചുകൊണ്ട് ജില്ലാ പഞ്ചായത്തും കയ്യൂര്‍ ചീമേനി പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്നതാണ് നാലിലാംകണ്ടം ജൈവ വൈവിധ്യ പഠനകേന്ദ്രം. ഹരിതകേരള മിഷന്‍, ജൈവ വൈവിധ്യ കേന്ദ്രം, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഔഷധി വനഗവേഷണ കേന്ദ്രം, വനം വകുപ്പ്, സോഷ്യല്‍ ഫോറസ്ട്രി, മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജീവനം നീലേശ്വരം, സന്നദ്ധ പ്രവര്‍ത്തകര്‍, സ്‌കൂള്‍ പി.ടി.എ എന്നിവരുടെ സഹകരണത്തോടെ മണ്ണ് സംരക്ഷണ വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്.
വിവിധയിനത്തില്‍പ്പെട്ട അപൂര്‍വ്വ സസ്യങ്ങളും മരങ്ങളും തണലുവിരിക്കുന്ന സ്‌കൂള്‍ പരിസരം അപൂര്‍വ്വ പക്ഷികളുടേയും ശലഭങ്ങളുടേയും കേന്ദ്രമാണ്. താന്നി, നീര്‍മരുത്, തേക്ക്, മാവ്, വീട്ടി, കുമ്പിള്‍ , ഇലിപ്പ, കരിനൊച്ചി, അശോകം ,ആര്യവേപ്പ്, പേര, പുളി, മുള്ളുവേങ്ങ, നെല്ലി, പശ്ചിമഘട്ടത്തിലെ സ്ഥാനിക സസ്യമായ 7 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന പൂമാല കുറിഞ്ഞി എന്നിവ ഇവിടെ സ്വാഭാവികമായി വളര്‍ന്നു നില്‍ക്കുന്നു. കൂടാതെ ചേരു, കൂനന്‍പാല, കരിയിലാഞ്ചി , ചെറിയ കൊട്ടം, വന്‍തുടലി, ചെറുതുടലി, കുരീല്‍, വെങ്കണ, കാട്ടുകുവ, പുല്ലാനി, വെണ്‍മരുത്, കരിമരുത്, മോതിരവള്ളി, ചേരികൊട്ട, മലതാങ്ങി, ചെത്തിക്കൊടുവേലി, വെട്ടടക്, നന്നാറി, വിഷ്ണുക്രാന്തി, പ്രസാരണി, കൂരാന്‍പ്, കാഞ്ഞിരം, കുടകപ്പാല, ആനപ്പന, എരിക്ക്, മഞ്ചാടി, ഞാവല്‍, ഇടംപിരി, വലംപിരി, ഏഴിലംപാല എന്നിവയും കാണപ്പെടുന്നു. ബുദ്ധമയൂരി ശലഭത്തിന്റെ ലാര്‍വ്വയുടെ ഭക്ഷണമായ മിറ്റിമരവും ഇവിടെ ധാരാളമുണ്ട്.

നിലവിലെ ജൈവവൈവിധ്യത്തെ സംരക്ഷിച്ചുകൊണ്ട് കൂടുതല്‍ നാട്ടു സസ്യങ്ങളും ഔഷധ സസ്യങ്ങളും ഫലവൃക്ഷ തൈകളും വെച്ചുപിടിപ്പിച്ച് നാലിലാംകണ്ടത്തെ ജില്ലയിലെ മികച്ച ജൈവ വൈവിധ്യ പഠനകേന്ദ്രമാക്കി മാറ്റാനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. ഇതോടൊപ്പം തന്നെ ചിത്രശലഭ ഉദ്യാനവും ലക്ഷ്യമിടുന്നു. പദ്ധതിക്കായി ആറ് ലക്ഷം രൂപയുടെ പ്രവൃത്തികളാണ് ഏറ്റെടുത്ത് നടത്തുന്നത്.

ജൈവവേലി, നടപ്പാത, പക്ഷികള്‍ക്കും ജീവികള്‍ക്കും കുടിക്കാനുളള ജല ശേഖരണകുളം, സര്‍വ്വെ, വൃക്ഷങ്ങള്‍ക്കുളള നാമഫലകം, ഡോക്യുമെന്റേഷന്‍ തുടങ്ങി വിവിധങ്ങളായ പ്രവൃത്തികളാണ് പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ആണ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഓഫീസര്‍. പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും കയ്യൂര്‍-ചീമേനി പഞ്ചായത്ത് ഒരു ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്. ജില്ല, ഗ്രാമ പഞ്ചായത്ത്, പി.ടി.എ, കൃഷി അനുബന്ധ മേഖലയുടെ മേധാവികള്‍ ഉള്‍പ്പെടുന്ന വര്‍ക്കിംഗ് ഗ്രൂപ്പ് പദ്ധതിയെ യഥാസമയം മേല്‍നോട്ടം നടത്തി നിര്‍ദ്ദേശം നല്‍കും. ജില്ലയില്‍ നശിച്ചുപോകുന്ന ജൈവസമ്പത്തിനെ സംരക്ഷിച്ചു നിര്‍ത്തി ജൈവവൈവിധ്യത്തിന്റെ പ്രാധാന്യത്തെപ്പറ്റി വരും തലമുറയ്ക്ക് അവബോധമുണ്ടാക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു.

Leave a Reply

Your email address will not be published.