CLOSE

മരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് കാസര്‍കോടേക്ക് വരുമ്പോള്‍…

Share

പാലക്കുന്നില്‍ കുട്ടി
(പ്രസിഡന്റ്, മെര്‍ച്ചന്റ് നേവി ക്ലബ് കോട്ടിക്കുളം)

കേരളത്തിലെ മൂന്നാമത്തെ മരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് (Maritime Institute) ഏറെ വൈകാതെ തന്നെ ജില്ലയില്‍ ആരംഭിക്കുമെന്ന സൂചനയാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാന തുറമുഖ വകുപ്പിന്റെ കീഴില്‍ മൂന്നാമത്തെ മരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടാണിത്. സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്ത് നീണ്ടകരയിലും മധ്യഭാഗത്ത് കൊടുങ്ങല്ലൂരിലുമാണ് കേരള മരിടൈം ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ നിലവില്‍ മരിടൈം സ്ഥാപനങ്ങള്‍ ഉള്ളത്. ഇപ്പോള്‍ വടക്കേ അറ്റത്തും അത് വരാനിരിക്കുന്നു.

മരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് എന്തിന്?

മരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് എന്തിനാണെന്ന സംശയം പലരും ചോദിക്കുന്നുണ്ട്. ആദ്യമേ പറയട്ടെ മര്‍ച്ചന്റ് നേവി ജീവനക്കാരുമായോ അവരുടെ ജോലിയുമായോ കപ്പലുകളുമയോ ഈ സ്ഥാപനത്തിന് ഒരു ബന്ധവുമില്ല. മര്‍ച്ചന്റ് നേവിയില്‍ ജോലിനേടാനുള്ള പ്രീ-സി ട്രെയിനിങ് നല്‍കുന്ന സ്ഥാപനമാണോ ഇതെന്ന് പലര്‍ക്കും സംശയമുണ്ട്.
കപ്പലോട്ടക്കാര്‍ക്കുള്ള എസ്.ടി.സി. ഡബ്ല്യൂ (STCW) കോഴ്‌സുകളോ പഠനാനന്തര പരിശീലനമോ (Refresher
Course) ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിലവില്‍ ലഭ്യമല്ല.ബോട്ടുകളിലെ ജീവനക്കാര്‍(Crew) ഡ്രൈവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ജോലിചെയ്യാന്‍ താല്പര്യമുള്ളവരെ പ്രാപ്തരാക്കാനുള്ള കോഴ്‌സുകളും അനുബന്ധ സുരക്ഷാ പരിശീലനങ്ങളുമാണ് മരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പ്രധാനമായും നടത്തുന്നത്. കേരളത്തില്‍ കൂടുതല്‍ മര്‍ച്ചെന്റ് നേവി ജീവനക്കാരുള്ള നമ്മുടെ ജില്ലയില്‍ ഈ സ്ഥാപനം വരുമ്പോള്‍ നമുക്കിത് എങ്ങിനെ ഉപകാരപ്പെടും എന്ന അവരുടെ സംശയം സ്വാഭാവികവുമാണ്.
കേന്ദ്ര സര്‍ക്കാരിന്റെ ഷിപ്പിങ് വകുപ്പിന്റെ കീഴില്‍ മുംബൈ ആസ്ഥാനമായുള്ള ഡി.ജി. ഷിപ്പിങ്ങാണ് (Director General of Shipping) മര്‍ച്ചന്റ് നേവിയുമായി ബന്ധപ്പെട്ട സര്‍വ്വതും നിയന്ത്രിക്കുന്നത്. സംസ്ഥാന മരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് ഡിജി ഷിപ്പിങ്‌നോട് നേരിട്ട് യാതൊരു വിധേയത്വവുമില്ലെന്ന് ചുരുക്കം.

അല്പം കാസര്‍കോടന്‍ ചരിത്രം

സി. എച്ച്. കുഞ്ഞമ്പു 2006ല്‍ മഞ്ചേശ്വരം എം.എല്‍. എ. ആയപ്പോഴാണ് കാസര്‍കോട് ജില്ലയില്‍ മരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് വേണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത് . മഞ്ചേശ്വരത്തിനടുത്ത മീഞ്ചയില്‍ മരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാമെന്ന് 2007 ഡിസംബറില്‍ തത്വത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു . കടല്‍ ജോലിയോട് കൂടുതല്‍ ആകൃഷ്ടരായ
ഒട്ടനേകം പേരുടെ വാസസ്ഥലം എന്ന പരിഗണന കാസര്‍കോടിന് അന്ന് അനുകൂല ഘടകമായി. പക്ഷേ മഞ്ചേശ്വരത്തിനടുത്ത് മീഞ്ചയില്‍ അതിനായി കണ്ടെത്തിയ ഇടം പല കാരണങ്ങള്‍ നിരത്തി അനുയോജ്യമല്ലെന്നു കണ്ടെത്തി അന്നത് വേണ്ടെന്നുവെക്കുകയായിരുന്നു. കാസര്‍കോടേക്ക് നിര്‍ദേശിച്ച മരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് അങ്ങിനെയാണ് കൊല്ലം ജില്ലയിലെ നീണ്ടകരയിലെത്തിയത്. ( എയിംസ് അടക്കം നമുക്കനുവദിച്ചു കിട്ടേണ്ട പലതും മറ്റു ജില്ലകളിലേക്ക് ചേക്കേറി പോകുന്നത് കണ്ട് ശീലമാക്കിയവരാണല്ലോ കാസര്‍കോട്ടുകാര്‍.)

ഒന്നര പതിറ്റാണ്ടിനു ശേഷം പുനര്‍ജനി

സി.എച്ച്. കുഞ്ഞമ്പു വീണ്ടും എം. എല്‍.എ. ആയപ്പോള്‍ അദ്ദേഹത്തിന്റെ പഴയ ആവശ്യത്തിന് ഇപ്പോള്‍ പുനര്‍ജനി കൈവന്നു. സംസ്ഥാനത്ത് മൂന്നാമത്തെ മരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് കാസര്‍കോട് ജില്ലക്ക് ഇപ്പോള്‍ അനുവദിച്ചു കിട്ടിയിരിക്കുകയാണല്ലോ. ‘ബേക്കല്‍ മരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് ‘ എന്ന പേരിലായിരിക്കും ഇത് അറിയപ്പെടുക.ഈ അധ്യയന വര്‍ഷം തന്നെ അവിടെ ഹ്രസ്വ കാല അനുബന്ധ കോഴ്‌സുകള്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. ബിരുദ യോഗ്യതക്ക് സമാനമായ കോഴ്‌സുകള്‍ അടുത്ത അധ്യയനവര്‍ഷം തുടങ്ങുമെന്ന പ്രത്യാശയിലാണ് എം.എല്‍.എ.
സംസ്ഥാനത്ത് കൂടുതല്‍ കപ്പലോട്ടക്കാര്‍ ഉള്ള ജില്ലയാണല്ലോ നമ്മുടേത്. ജില്ലയില്‍ ഉദുമ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ മര്‍ച്ചന്റ് നേവി ജീവനക്കാരുള്ളതും.അതുകൊണ്ട് തന്നെയാവാം നിര്‍ദിഷ്ട മരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് ഇവിടെ തന്നെ ആരംഭിക്കാന്‍ സി. എച്ച്. കുഞ്ഞമ്പു എം.എല്‍. എ. മുന്‍കൈയെടുത്തതും.

അനിവാര്യമായി വേണ്ടത്

മൂന്നാമത്തെ മരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് ജില്ലയില്‍ എത്തുമ്പോള്‍ അതിന്റെ ഗുണം മര്‍ച്ചന്റ് നേവി ജീവനക്കാര്‍ക്കും പ്രയോജനകരമാകണം. ഇതൊരു പ്രീ സീ ട്രെയിനിങ് കേന്ദ്രമാക്കണമെന്നൊന്നും അവര്‍ ആവശ്യപ്പെടുന്നുമില്ല.സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കപ്പല്‍ ജീവനക്കാരുള്ള ജില്ലയില്‍ മരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് വരുമ്പോള്‍ അതിന്റെ യഥാര്‍ഥ ഗുണഭോക്താക്കളില്‍ അവരും ഉള്‍പ്പെടണമെന്നത് ന്യായമായ ആവശ്യം തന്നെ.മര്‍ച്ചന്റ്‌നേവി ജീവനക്കാര്‍ക്ക് എസ്.ടി.സി.ഡബ്ല്യൂ. അനുബന്ധ കോഴ്‌സുകള്‍ ചെയ്യാനും അവ സമയബന്ധിതമായി പുതുക്കാനും മറ്റുമായി ഇപ്പോള്‍ മട്ടിടങ്ങള്‍ തേടി പോകേണ്ടിവരുന്നു. ബേക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അതിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കാന്‍ മുംബൈയിലെ ഡി. ജി. ഷിപ്പിങ്ങിന്റെ അനുവാദം അനിവാര്യമാണ്. ഉന്നതതല ഇടപെടലുകള്‍ ഉണ്ടായാല്‍ മാത്രമേ അത് സാധ്യമാകൂ. ജില്ല മര്‍ച്ചന്റ് നേവി
അസോസിയേഷനും ഓഫീസര്‍സ്-എഞ്ചിനീയേര്‍സ് അസോസിയേഷനും സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ.ക്ക് ഇത്‌നി സംബന്ധിച്ച് നിവേദനം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിനും ഏറെ താല്പര്യമുള്ള വിഷയമായത് കൊണ്ട് ജില്ലയിലെ കപ്പലോട്ടക്കാരുടെ ആവശ്യം അംഗീകരിച്ചുകിട്ടാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമങ്ങള്‍ ഉണ്ടാകുമെന്ന പ്രത്യാശയിലാണ് ജില്ലയിലെ മര്‍ച്ചന്റ് നേവി ജീവനക്കാര്‍.

Leave a Reply

Your email address will not be published. Required fields are marked *