CLOSE

മലബാര്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് 2021′-ലെ വിജയികള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു; കാപ്പുകോലിന് മികച്ച അംഗീകാരം

Share

അവിചാരിതമായെത്തിയ കൊവിഡ് കാലവും അതുമൂലണ്ടായ അച്ചുപൂട്ടലിലെ അധികസമയവും ആളുകളെ ആശങ്കയിലേക്കും വിരസതയിലേക്കും നയിക്കുന്നതിനിടെ അവര്‍ക്ക് ആസ്വാദനത്തിന്റെ പുതിയതലം സമ്മാനിക്കാനും അതോടൊപ്പം തന്നെ അനേകം വരുന്ന കലാകാരന്‍മാര്‍ക്ക് ആശ്വാസവും അവസരവും നല്‍കാനും ലക്ഷ്യം വെച്ചാണ് കാസര്‍ഗോഡ് വിഷന്‍ എയ്‌ട്ടെക്കുമായി കൈകോര്‍ത്ത് മലബാര്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ഒരുക്കിയത്. പ്രതിസന്ധികളും പ്രയാസങ്ങളും മലപോലെ മുന്നിലുണ്ടായിട്ടും കേരളത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നായി 160 ലേറെ ഷോര്‍ട്ട് ഫിലിമുകള്‍ ഫെസ്റ്റിന്റെ ഭാഗമായി. ഇതില്‍ നിന്നും തെരഞ്ഞെടുത്ത 36 ചിത്രങ്ങള്‍ കഴിഞ്ഞ മൂന്ന് മാസക്കാലമായി കാസര്‍ഗോഡ് വിഷനില്‍ സംപ്രേഷണം ചെയ്തിരുന്നു. ഇവയില്‍ നിന്നും പ്രേക്ഷകരുടെ കൂടി അഭിപ്രായത്തോടെ അവസാനഘട്ടത്തിലെത്തിയ 15 ചിത്രങ്ങളില്‍ നിന്നുമാണ് പുരസ്‌കാരത്തിനുള്ള ചിത്രങ്ങളേയും കാലാകാരന്‍മാരേയും തെരഞ്ഞെടുത്തത്. മലയാള ചലച്ചിത്ര രംഗത്ത് പതിറ്റാണ്ടുകളായി ചുവടുറപ്പിച്ച് നില്‍ക്കുന്ന ഛായാഗ്രഹകന്‍ ഉത്പല്‍ വി നായനാര്‍, സംവിധായകരായ ശ്രീജിത്ത് പലേരി, ബഷീര്‍ കാഞ്ഞങ്ങാട്, എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. ചട്ടഞ്ചാല്‍ അര്‍ബണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടന്ന ചടങ്ങില്‍ കലാ, സാംസ്‌കാരിക, സാമൂഹ്യ സംഘടനാ രംഗത്തെ പ്രമുഖരാണ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചതും സമ്മാനിച്ചതും. കലാവിരുന്നോട് കൂടി നടന്ന പരിപാടി കാഴ്ചയുടെ വിസ്മയമായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, സംഗീതരത്‌നം ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രന്‍, സംവിധായകന്‍ എം.ടി അന്നൂര്‍, കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ പരീക്ഷാ കണ്‍ട്രോളര്‍ പ്രഫ: കെ.പി ജയരാജന്‍, കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡണ്ട് പി.പ്രവീണ്‍ കുമാര്‍, കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എം.മനോജ് കുമാര്‍, സെക്രട്ടറി എം.ആര്‍ അജയന്‍, സിസിഎന്‍ ചെയര്‍മാന്‍ കെ.പ്രദീപ് കുമാര്‍, കാസര്‍ഗോഡ് വിഷന്‍ എംഡി സതീഷ് കെ.പാക്കം, സിഒഎയുടെ വിവിധ മേഖലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പുരസ്‌കാര സമര്‍പ്പണം നിര്‍വ്വഹിച്ചു. മികച്ച ചിത്രമായി ചാലക്കുടിയിലെ കലാകാരന്‍മാര്‍ അണിയിച്ചൊരുക്കിയ ‘കറുവറയിന്‍ കനവുകളും, മികച്ച രണ്ടാമത്തെ ചിത്രമായി ബന്തടുക്കയിലെ കലാകാരന്‍മാര്‍ അണിയിച്ചൊരുക്കിയ കാപ്പുകോലും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനുള്ള പുരസ്‌കാരം ശരത് സുന്ദറും, ക്യമറാമാനുള്ള പുരസ്‌കാരം എബിന്‍ വര്‍ഗീസും, എഡിറ്റര്‍ക്കുള്ള പുരസ്‌കാരം അഭിജിത്ത് മോഹനനും സ്വന്തമാക്കി. ഇവര്‍ മൂന്നുപേരും കറുവറയിന്‍ കനവുകളുടെ അണിയറ പ്രവര്‍ത്തകരാണ്. മികച്ച തിരക്കഥാകൃത്തായി ഗോമതി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് തൃശ്ശൂരിലെ രഞ്ജിത് ശിവയും, മികച്ച നടനായി കാപ്പുകോല്‍ സിനിമയിലെ സുരഭി ഈയ്യക്കാടും, നടിയായി തടം സിനിമയിലെ ഭാനുമതി പയ്യന്നൂരും തെരഞ്ഞെടുക്കപ്പെട്ടു. പാലക്കാടന്‍ ടീം അണിയിച്ചൊരുക്കിയ ഓറ്റമൈന എന്ന ചിത്രം ജൂറിയുടെ പ്രത്യേക പുരസ്‌ക്കാരത്തിന് അര്‍ഹമായി. പ്രതിസന്ധികളുടെ കാലത്തും ഇങ്ങനെയൊരു ഫിലിം ഫെസ്റ്റിന് അരങ്ങൊരുക്കിയ കാസര്‍ഗോഡ് വിഷനെ പുരസ്‌കാര ജേതാക്കള്‍ അകമഴിഞ്ഞ് അഭിനന്ദിച്ചു. പ്രാദേശിക ചാനല്‍ ചരിത്തത്തിലെ തന്നെ പുതിയ ചുവടുവെപ്പായി മാറിയ കാസര്‍ഗോഡ് വിഷന്‍ എയ്‌ട്ടെക്ക് മലബാര്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിന്റെ നേര്‍ക്കാഴ്ചകള്‍ അധികം വൈകാതെ തന്നെ കാസര്‍ഗോഡ് വിഷനില്‍ സംപ്രേഷണം ചെയ്യും.

Leave a Reply

Your email address will not be published.