ന്യൂഡല്‍ഹി: സണ്ണി ലിയോണിയുടെ പുതിയ മ്യൂസിക് ആല്‍ബത്തിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി മന്ത്രി.
‘മധുബന്‍ മേം രാധിക നാച്ചെ’ എന്ന ആല്‍ബത്തിനെതിരെയാണ് മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയും ബി.ജെ.പി നേതാവുമായ നരോത്തം മിശ്ര വിമര്‍ശനമുന്നയിച്ചത്.
മൂന്നു ദിവസത്തിനുള്ളില്‍ ആല്‍ബം പിന്‍വലിക്കണമെന്നും അണിയറപ്രവര്‍ത്തകര്‍ മാപ്പു പറയണമെന്നും അദ്ദേഹം അറിയിച്ചു. അല്ലാത്ത പക്ഷം ഇതിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് മിശ്ര വ്യക്തമാക്കി.
‘മാ രാധയെ’ ആരാധിക്കുന്നവരുടെ മതവികാരം വ്രണപ്പെടുത്തുകയാണ് ഈ ആല്‍ബത്തിലൂടെ ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വീഡിയോയിലെ നൃത്തരംഗങ്ങള്‍ അശ്ലീലമാണെന്ന് ചൂണ്ടിക്കാട്ടി മധുരയിലെ പുരോഹിതന്മാരും പരാതി നല്‍കിയിരുന്നു.
വീഡിയോയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി നടിക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാറിനോട് അവര്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍, ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് കോടതിയെ സമീപിക്കുമെന്നും പുരോഹിതന്മാര് പറഞ്ഞു. മാപ്പ് പറഞ്ഞില്ലെങ്കില്‍ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ലെന്ന ഭീഷണിയും നടിക്കെതിരെ ഉയര്‍ന്നിട്ടുണ്ട്.