ദോഹ: പ്രവാസികള്‍ കുടുംബവിസയ്ക്കായി അപേക്ഷിക്കണമെങ്കില്‍ മിനിമം ശമ്പളം 5,000 റിയാല്‍ ഉണ്ടായിരിക്കണമെന്ന് വ്യക്തമാക്കി ഖത്തര്‍. രക്ഷിതാക്കള്‍, സഹോദരങ്ങള്‍, ഭാര്യയുടെ ബന്ധുക്കള്‍ തുടങ്ങി മറ്റ് കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ സന്ദര്‍ശക വിസയില്‍ കൊണ്ടു വരണമെങ്കില്‍ മിനിമം ശമ്പളം 10,000 റിയാല്‍ ആയിരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
ഏകീകൃത സര്‍വീസ് വകുപ്പിന്റെയും (യുഎസ്ഡി) ഹ്യൂമാനിറ്റേറിയന്‍ സര്‍വീസ് ഓഫിസിന്റെയും സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍ വകുപ്പ്, നടത്തിയ വെര്‍ച്വല്‍ ബോധവല്‍ക്കരണ സെമിനാറിലാണ് ഇക്കാര്യം അറിയിച്ചത്. യുഎസ്ഡി സര്‍വീസ് ഓഫിസ് വകുപ്പ് മേധാവി ലഫ.കേണല്‍ ഡോ.സാദ് ഔവെയ്ദ അല്‍ അഹ്ബാബിയാണ് കുടുംബ സന്ദര്‍ശക വീസകള്‍ക്കുള്ള മാനദണ്ഡങ്ങളും ആവശ്യമായ രേഖകളും സംബന്ധിച്ചുള്ള വിവരങ്ങള്‍ വിശദമാക്കിയത്. കുടുംബ സന്ദര്‍ശക വിസയ്ക്കായി ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്പായ മെട്രാഷ് 2 വിലൂടെ അപേക്ഷ നല്‍കാം.
സന്ദര്‍ശക വിസയ്ക്കുള്ള അപേക്ഷ, തൊഴിലുടമയുടെ നോ ഒബ്ജക്ഷന് ലെറ്റര്‍, കമ്ബനി കാര്‍ഡിന്റെ പകര്‍പ്പ്, സന്ദര്‍ശകരുടെ പാസ്പോര്‍ട്ട് പകര്‍പ്പുകള്‍, അപേക്ഷകന്റെ ഖത്തര്‍ ഐഡി പകര്‍പ്പ്, ഖത്തറിലേക്കും തിരിച്ചുമുള്ള വിമാനടിക്കറ്റ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ബന്ധം തെളിയിക്കുന്ന രേഖ (ഭാര്യയാണെങ്കില്‍ സാക്ഷ്യപ്പെടുത്തിയ അംഗീകൃത വിവാഹ സര്‍ട്ടിഫിക്കറ്റ്, കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ്), തൊഴില്‍ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ തൊഴില്‍ കരാര്‍ തുടങ്ങിയ രേഖകളാണ് ഭാര്യയ്ക്കും മക്കള്‍ക്കുമുള്ള സന്ദര്‍ശക വിസയ്ക്ക് ആവശ്യമുള്ളത്.