കാസര്‍കോട്: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്മരണയില്‍ ശിശുദിനാഘോഷം. ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല ശിശുദിനാഘോഷം കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കുട്ടികളുടെ പ്രധാനമന്ത്രി കൂട്ടക്കനി ഗവണ്മെന്റ് യുപി സ്കൂളിലെ ദേവതീര്‍ത്ഥ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്പീക്കര്‍ കലിയൂര്‍ യുപി സ്കൂളിലെ കെ പി പൂജാലക്ഷ്മി അധ്യക്ഷത വഹിച്ചു. കുട്ടികളുടെ പ്രസിഡണ്ട് ഉദിനൂര്‍ എയുപി സ്കൂളിലെ ഫാത്തിമത്ത് നബീല മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് ശിശുദിന സന്ദേശം നല്കി.
വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള ഉപഹാരങ്ങളും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വിതരണം ചെയ്തു. ശിശുദിന സ്റ്റാമ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മധുസൂദനന് എം കുട്ടികളുടെ പ്രധാനമന്ത്രിക്ക് നല്കി പ്രകാശനം ചെയ്തു. സംസ്ഥാന ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് അംഗം ഒ.എം ബാലകൃഷ്ണന് മാസ്റ്റര്‍, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ടി എം എ കരീം, സി വി ഗിരീശന് എന്നിവര്‍ സംസാരിച്ചു. കുറ്റിക്കോല്‍ യു പി സ്കൂളിലെ എസ്സ എലിസബത്ത് സ്വാഗതവും ബദിയടുക്ക ശ്രീ ഭാരതീ വിദ്യാലയത്തിലെ സാത്വിക് പൈ നന്ദിയും പറഞ്ഞു.