പാലക്കുന്ന് : മരണാനന്തര ചടങ്ങിന് ചെലവാകുമായിരുന്ന
പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പ്രാദേശിക കൂട്ടായ്മകളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കി കൊപ്പലിലെ കുടുംബം.അധ്യാപകര്‍ക്കുള്ള ദേശീയ പുരസ്‌കാര ജേതാവ് കണ്ടത്ത് വളപ്പില്‍ കെ.വി കരുണാകരന്‍ മാസ്റ്ററുടെ കുടുംബത്തില്‍ ആര് മരണപ്പെട്ടാലും മരണാനന്തര ചടങ്ങും തുടര്‍ന്നുള്ള ഊട്ടും നടത്തുന്ന പതിവില്ല. ശവ സംസ്‌ക്കാരം കഴിയുന്നതോടെ അനുശോചനം രേഖപ്പെടുത്തി പിരിയുന്നതാണ് രീതി. ഈയിടെ സഹോദരി മരണപ്പെട്ടപ്പോഴും പതിവ് രീതിയില്‍ മാറ്റമുണ്ടായില്ല. സഞ്ചയനവും തുടര്‍ന്നുള്ള ചടങ്ങുകളും ഒഴിവാക്കി. ഏതാനും വര്‍ഷം മുന്‍പ് മരുമകനും പതിറ്റാണ്ട് മുമ്പ് ജേഷ്ഠ്യനും മരണപ്പെട്ടപ്പോള്‍ ഇതേ രീതിയായിരുന്നു. സെപ്റ്റംബറില്‍ മരിച്ച കെ.വി ചിരുതയുടെ മക്കളും സഹോദരങ്ങളും ചേര്‍ന്ന് സ്വരൂപിച്ച ഒരു ലക്ഷം രൂപയാണ് കൊപ്പല്‍ റെഡ് വേള്‍ഡ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ കൈമാറിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സഹോദരന്‍ കരുണാകരന്‍ മാസ്റ്റര്‍ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എയ്ക്ക് കൈമാറി. കൊപ്പല്‍ റെഡ് വേള്‍ഡ് ക്ലബ്ബിന്റെ ചാരിറ്റി ഫണ്ടിലേക്ക് 20,000 രൂപയും, പടിഞ്ഞാര്‍ക്കര പ്രാദേശിക സമിതിക്ക് 10,000 രൂപയും പരവനടുക്കം വൃദ്ധ സദനത്തിലേക്ക് 5000 രൂപയും പ്രദേശത്തെ മൂന്ന് പേരുടെ ചികിത്സ ചെലവിലേക്ക് 5000 രൂപ വീതവും ഇതേ വേദിയില്‍ വെച്ച് നല്‍കി കണ്ടത്ത് വളപ്പില്‍ കുടുംബം വേറിട്ട ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാതൃകയായി. ഏതാനും വര്‍ഷം മുമ്പ് മരിച്ച മരുമകന്‍ സി.എം രവീന്ദ്രന്റെ ഭാര്യയും 10000 രൂപ ചാരിറ്റി ഫണ്ടിലേക്ക് നല്‍കി. റെഡ് വേള്‍ഡ് ചാരിറ്റി പ്രസിഡന്റ് രമേശന്‍ കൊപ്പല്‍ അധ്യക്ഷനായി. കെ.വി കരുണാകരന്‍, കെ.വി കുമാരന്‍, മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി, വാര്‍ഡ് അംഗം പി.കെ ജലീല്‍, കെ പീതാബരന്‍, ക്ലബ് പ്രസിഡന്റ് കെ കമേഷ്, സെക്രട്ടറി വി.വി സച്ചിന്‍, എം. കെ നാരായണന്‍, ജിജിത് കൊപ്പല്‍ എന്നിവര്‍ പ്രസംഗിച്ചു.