കാസര്‍ഗോഡ് : കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് വാഗ്ദാനം ചെയ്ത എയിംസ് ജില്ലയില്‍ അനുവദിക്കണം എന്ന ആവശ്യത്തിന് ബിജെപിയുടെ പൂര്‍ണ്ണപിന്തുണ വാഗ്ദാനം ചെയ്യുന്നതായും എയിംസ് കാസര്‍ഗോഡ് ജനകീയ കൂട്ടായ്മ നവംബര്‍ 17 ന് നടത്തുന്ന ബഹുജന റാലിയുമായി സഹകരിക്കുമെന്നും ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ രവീശ തന്ത്രി കുണ്ടാര്‍ പറഞ്ഞു.
ചികിത്സാ രംഗത്ത് ജില്ലയുടെ പിന്നോക്കാവസ്ഥ രാജ്യം മുഴുക്കെ ശ്രദ്ധിക്കപ്പെട്ട വിഷയമാണ്. ഗവ: മെഡിക്കല്‍ കോളേജ് നിര്‍മ്മാണം പൂര്‍ത്തിയായാലും ജില്ലയുടെ ചികിത്സാ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇത് പര്യാപ്തമല്ല. ആയിരക്കണക്കിന് എന്‍ഡോള്‍ഫാന്‍ രോഗികള്‍ ഉള്ള ജില്ലയില്‍ ചികിത്സാ രംഗത്തെ വിദഗ്ധരുടെയും അപര്യാപ്ത പ്രകടമാണ്. ജില്ലയ്ക്ക് എയിംസ് എന്ന ആവശ്യവുമായി സഹകരിക്കുന്നതിലൂടെ ജില്ലയുടെ വികസന ആവശ്യങ്ങളോട് ഇത്രയും നാള്‍ മുഖം തിരിച്ചിരുന്ന ഇടത് വലത് മുന്നണികള്‍ക്ക് തെറ്റ് തിരുത്താനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. വിയോജിപ്പുകള്‍ മാറ്റിവെച്ച് എല്ലാ രാഷ്ട്രീയ കക്ഷികളും ജില്ലയുടെ വികസനത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം എന്നും രവീശ തന്ത്രി അഭ്യര്‍ത്ഥിച്ചു.