പെരിയ: കോവിഡ് കാലത്തെ അനിശ്ചിതത്വത്തിന് ശേഷം ക്യാംപസിലെത്തിയ വിദ്യാര്‍ത്ഥികളെ വരവേറ്റ് കേരള കേന്ദ്ര സര്‍വ്വകലാശാല. വിദ്യാര്‍ത്ഥികളെ ചെണ്ട മേളത്തോടെ വരവേറ്റ് അധികൃതര്‍ സ്വീകരണമൊരുക്കി. സബര്‍മതി ഹാളില്‍ നടന്ന ക്യാംപസ് റീ ഓപ്പണിംഗ് പരിപാടി വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ അഭിമാനമായി മാറാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ പിന്തുണയും സര്‍വ്വകലാശാല നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. മികച്ച അധ്യാപകരുടെ സേവനം സര്‍വ്വകലാശാലയില്‍ ലഭ്യമാകും. അവരുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കണം. പഠനത്തിലും ഗവേഷണത്തിലും മുന്നേറണം. നൊബേല്‍ ജേതാക്കള്‍ ഉള്‍പ്പെടെയുള്ള ലോകപ്രശസ്തരായ ശാസ്ത്രജ്ഞരുടെ പ്രഭാഷണം സര്‍വ്വകലാശാല സംഘടിപ്പിക്കുന്നുണ്ട്. അവരില്‍നിന്നും ഊര്‍ജ്ജമുള്‍ക്കൊള്ളാനും വലിയ സ്വപ്നങ്ങള്‍ പ്രാവര്‍ത്തികമാക്കാനും സാധിക്കണം. അദ്ദേഹം ചൂണ്ടിക്കാട്ടി.
രജിസ്ട്രാര്‍ ഡോ.എന്‍.സന്തോഷ് കുമാര്‍, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍ ഡോ.എം.മുരളീധരന്‍ നമ്പ്യാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.ആരതി നായര്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റുഡന്റ് വെല്‍ഫെയര്‍ ഡീന്‍ ഡോ.കെ.അരുണ്‍ കുമാര്‍ സ്വാഗതവും എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ ഡോ.രഞ്ജിത്ത് കുമാവത്ത് നന്ദിയും പറഞ്ഞു. വകുപ്പ് അധ്യക്ഷന്മാരും അധ്യാപകരും പരിപാടിയില്‍ സംബന്ധിച്ചു. രണ്ടാം വര്‍ഷ സയന്‍സ് വിഭാഗം വിദ്യാര്‍ത്ഥികളാണ് നിലവില്‍ ക്യാംപസിലെത്തിയത്. മറ്റ് ഡിപ്പാര്‍ട്ട്മെന്റുകളിലെ വിദ്യാര്‍ത്ഥികള്‍ നാളെ (നവംബര്‍ 18) ക്യാംപസിലെത്തും. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് സര്‍വ്വകലാശാലയില്‍ റഗുലര്‍ ഓഫ്ലൈന്‍ ക്ലാസ്സുകള്‍ നിലച്ചത്. ഒന്നര വര്‍ഷത്തിന് ശേഷമാണ് ക്യാംപസില്‍ വിദ്യാര്‍ത്ഥികളെത്തിയത്.