ഉപ്പള: നിക്ഷേപകരായ വ്യാപാരികളുടെ നാലര കോടി തട്ടിയെടുത്ത സംഭവത്തില്‍ സേവ് വ്യാപാരി ഫോറം പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടിയ ഉപ്പളയിലെ വ്യാപാരി ഭവന് ഇന്നലെ നടത്തിയ സമവായ ചര്‍ച്ചയില്‍ പ്രതിഷേധക്കാര്‍ തുറന്ന് കൊടുത്തു.വ്യാഴാഴ്ച ചേരുന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ സേവ് വ്യാപാരി ഫോറം നേതാക്കള്‍ പങ്കെടുക്കും. തൊട്ടടുത്ത ദിവസങ്ങളില്‍ ജില്ലാ- സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് ജനറല്‍ ബോഡി വിളിക്കാനും സമവായ ചര്‍ച്ചയില്‍ ധാരണയായി. 750 ഓളം വ്യാപാരികള്‍ അംഗങ്ങളായ ഉപ്പള വ്യാപാര ഭവന് ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ സാമ്പത്തിക നേട്ടമുള്ള യൂണിറ്റാണ്.നിലവില്‍
യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റഫീക്കും, സഹപ്രവര്‍ത്തകരും വരുത്തിയ ബാധ്യതക്ക് പകരമായ പണമോ അവരുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ വ്യാപാരി നേതാക്കള്‍ കൈപ്പറ്റി അത് വില്പന നടത്താനും, വ്യാപാരി ആസ്ഥാനം വില്പന നടത്താതെ ദീര്‍ഘനാളില്‍ ലീസിനു നല്കിയാല് കിട്ടുന്ന തുകയും ബാധ്യത തീര്‍ക്കാന്‍ ഉപയോഗിക്കും. ഒപ്പം, കിട്ടാ കടമായ രണ്ടര കോടി പോലീസ് സഹായത്തോടെ പിരിച്ചെടുക്കും. ഈ തീരുമാനങ്ങള്‍ ഏക സ്വരത്തില്‍ പാസാക്കി എടുക്കാന്‍ കഴിയുമെന്നാണ് നേതാക്കളുടെ പ്രത്യാശ.
എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഇതേ പല്ലവി ആവര്‍ത്തിക്കുന്ന വ്യാപാരി നേതാക്കളെ വിശ്വസിക്കുക പ്രയാസമാണെന്നും ജനറല്‍ ബോഡി യോഗ തീരുമാനം യുദ്ധകാല അടിസ്ഥാനത്തില്‍ നടപ്പില്‍ വരുത്താത്ത പക്ഷം സേവ് വ്യാപാരി ഫോറം ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ചെയര്മാന് കെ എഫ് ഇഖ്ബാല്‍ മുന്നറിയിപ്പ് നല്കി.