സംസ്ഥാന സര്‍ക്കാരിന്റെ ദീര്‍ഘകാല വീക്ഷണമുള്ള പദ്ധതികളിലൂടെ ജില്ല മുന്നേറ്റത്തിന്റെ പാതയിലാണ്. ആരോഗ്യ, കാര്‍ഷിക, വിദ്യാഭ്യാസ,കായിക മേഖലകളിലുള്‍പ്പെടെ പ്രാദേശികതലം മുതല്‍ വലിയ നേട്ടങ്ങളാണ് കഴിഞ്ഞ ആറുമാസക്കാലയളവില്‍ ജില്ലയിലുണ്ടായിട്ടുള്ളത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളും നാടിന്റെ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള വികസനവും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ നടപ്പിലാക്കിയ പദ്ധതികളും നേട്ടങ്ങളും:
അവഗണനകള്‍ മാറി, ആരോഗ്യമുള്ള ആതുരാലയങ്ങള്‍
കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജില്‍ ഒപി ഡിസംബറോടെ ആരംഭിക്കുമെന്നും ന്യൂറോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞത് ജില്ലയുടെ ആരോഗ്യ മേഖലയ്ക്ക് വലിയ ഉണര്‍വ്വാണ് പകര്‍ന്നത്. കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസം ആരംഭിക്കണമെന്ന തരത്തില്‍ പ്രവര്‍ത്തനം മുന്നോട്ട് പോകുകയാണ്. ടാറ്റ ഗവ. കോവിഡ് ആശുപത്രി സ്വീവേജ് ട്രീറ്റ് മെന്റ് പ്ലാന്റിന് 1.10 കോടി രൂപയുടെ പദ്ധതിക്കും ഭരണാനുമതി ലഭിച്ചത് ഈ കാലയളവിലാണ്. കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി മാര്‍ച്ച് മാസത്തോടെ പ്രവര്‍ത്തനമാരംഭിക്കും. ജില്ലാ ആശുപത്രിയിലെ കാത്ത് ലാബ് രുമാസത്തിനകം പ്രവര്‍ത്തനമാരംഭിക്കും.
പുത്തന്‍ ഉണര്‍വിലേക്ക് കോവിഡ് അനന്തര ടൂറിസം
പ്രാദേശിക വൈവിധ്യം കൊണ്ട് സമ്പന്നമായ കാസര്‍കോടിനെ ദേശീയ അന്തര്‍ദേശിയ തലത്തില്‍ ടൂറിസം സ്പോര്‍ട്ടായി മാറ്റാന്‍ ലക്ഷ്യമിട്ട് ലിറ്റില്‍ ഇന്ത്യാ കാസര്‍കോട് പദ്ധതിയ്ക്ക് തുടക്കമിട്ടത് ഇക്കഴിഞ്ഞ കാലയാളവിലാണ്. 12 ഓളം ഭാഷകള്‍ ഉള്‍പ്പെടെ 30 ഓളം പ്രാദേശിക ഭാഷകളും വ്യത്യസ്തങ്ങളായ സംസ്കാരങ്ങളും ഇഴചേര്‍ന്ന കാസര്‍കോടിന് വലിയൊരു ടൂറിസം ഹബ്ബാക്കി മാറ്റുകയാണ് ലിറ്റില്‍ ഇന്ത്യാ കാസര്‍കോട് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിലെ പ്രകൃതിരമണീയമായ സ്ഥലങ്ങളെ അത്യാകര്‍ഷകമാക്കി മാറ്റാന്‍ പൊതുജനങ്ങളെകൂടി ഉള്‍പ്പെടുത്തിയുള്ള പദ്ധതികളാണ് ഡി ടി പി സിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്നത്. തദ്ദേശ സ്ഥാപനതലത്തില്‍ ടൂറിസം സ്പോട്ടുകള്‍ കണ്ടെത്തി വികസിപ്പിക്കാനും ഉത്തരവാദിത്വ ടൂറിസം മിഷനിലൂടെ കൂടുതല്‍ സാധ്യതകള്‍ ജില്ലയില്‍ കണ്ടെത്താനും പദ്ധതികള്‍ ആവഷ്കരിച്ച് നടപ്പാക്കി വരികയാണ്. എല്ലാ പഞ്ചായത്തുകളിലും ടൂറിസം കേന്ദ്രങ്ങള്എന്ന സര്‍ക്കാരിന്റെ ലക്ഷ്യം ജില്ല കൈവരിക്കുകയാണ്.
സമസ്ത മേഖലകളിലും വികസനം
കാസര്‍കോട് ബെദ്രടുക്കയിലെ നവരത്ന കമ്പനിയായ ഭെല്‍ ഇ.എം.എല്ലിന്റെ യൂണിറ്റ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭെല്ലിന്റെ 51 ശതമാനം ഓഹരിയാണ് സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയത്. കോടികളുടെ നഷ്ടത്തിലായ സ്ഥാപനത്തില്‍ തൊഴിലാളികള്‍ക്ക് മാസങ്ങളോളം ശമ്പളം മുടങ്ങുകയും സ്ഥാപനം പൂട്ടിപ്പോകുകയും ചെയ്ത ഘട്ടത്തിലാണ് സ്ഥാപനം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്.
പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്സ് ആന്റ് സിറാമിക്സിന്റെ കരിന്തളം യുണിറ്റില്‍ ആരംഭിച്ച മത്സ്യകുഞ്ഞുങ്ങളുടെ ഉല്‍പ്പാദന കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും നൂറുദിന പദ്ധതിയുടെ ഭാഗമായി തുടക്കമായി. കരിന്തളത്ത് പെട്രോള്‍ പമ്പ് പ്രവര്‍ത്തനമാരംഭിക്കും. ഉല്‍പ്പാദന കേന്ദ്രത്തിന്റെ ശിലാസ്ഥാപനവും പച്ചത്തുരുത്തിന്റെയും മത്സ്യകൃഷി ഇറക്കലിന്റെയും ഉദ്ഘാടനവും നടന്നു. മഞ്ചേശ്വരത്ത് ഫോറസ്റ്റ് ചെക് പോസ്റ്റ് പ്രവര്‍ത്തനമാരംഭിച്ചു. ഉദുമ വടക്കുംതൊട്ടിയില് മെറ്റിരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററും തുറന്നു.
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ പെരുമ്പട്ട പാലം തുറന്നു കൊടുത്തതും ഇക്കാലയളവിലാണ്. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 9.90 കോടി ചെലവിലാണ് പാലം നിര്‍മ്മിച്ചത്. വെസ്റ്റ് എളേരി, കയ്യൂര്‍ ചീമേനി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തേജസ്വിനി പുഴയ്ക്ക് കുറുകെ 25.32 മീറ്റര്‍ നീളത്തിലും 11.05 മീറ്റര്‍ വീതിയിലുമായി നാല് സ്പാനോടുകൂടിയാണ് പെരുമ്പട്ട പാലം നിര്‍മ്മിച്ചത്.
കാസര്‍കോട് ജില്ലയിലെ ഏറ്റവും നീളം കൂടിയ ചന്ദ്രഗിരി പുഴയുടെ അഴിമുഖം, തീരപ്രദേശങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് വിനോദ സഞ്ചാര വകുപ്പ് തയ്യാറാക്കിയ 10.74 കോടി രൂപയുടെ പദ്ധതി തുറമുഖ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തുറമുഖ വകുപ്പിന്റെ ഫണ്ട് ഉയോഗിച്ച് തയ്യാറാക്കുന്നു. ഒരു കാലത്ത് കാസര്‍കോട്ടെ പ്രധാന കച്ചവട കേന്ദ്രമായിരുന്ന തളങ്കരയുടെ ചരിത്രം പറയുന്ന ഉരുവിന്റേയും പ്രവേശന കവാടത്തിന്റെയും മാതൃകയിലുള്ള മെമ്മോറിയല്‍ ഗാര്‍ഡനും പഴയ ഹാര്‍ബറിന്റെ ഭാഗമായിരുന്ന പാലത്തിന്റെയും കെട്ടിടത്തിന്റെയും നവീകരണവുമാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണം.
സംസ്ഥാന ലീഗല്‍ മെട്രോളജി വകുപ്പിന് കീഴില്‍ ജില്ലയില്‍ സ്ഥാപിക്കുന്ന ഉത്തര മലബാറിലെ ആദ്യത്തെ സെക്കന്‍ഡറി സ്റ്റാന്റേര്‍ഡ് ലബോറട്ടറി, ടാങ്കര്‍ ലോറി, കാലിബ്രേഷന്‍ യൂണിറ്റ് നിര്‍മ്മാണ പ്രവൃത്തി പനയാല്‍ വില്ലേജിലെ ബട്ടത്തൂരില്‍ ആരംഭിച്ചു. മഞ്ചേശ്വരത്ത് ഫോറസ്റ്റ് ചെക് പോസ്റ്റ് പ്രവര്‍ത്തനമാരംഭിച്ചു.
ഉദുമയില്‍ മാരിടൈം അക്കാദമി തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനായി ഉദുമയിലെ ബി.ആര്.ഡി.സിയുടെ കെട്ടിടം ലഭ്യമാക്കുന്നത് സംബന്ധിച്ചുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്.
കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി കള്ളാര്‍ പഞ്ചായത്തിലെ പാണത്തൂര്‍ പുഴയ്ക്ക് കുറുകെ കാപ്പുങ്കരയില്‍ ചെക്ക് ഡാം കം ബ്രിഡ്ജ് പദ്ധതിയുള്‍പ്പെടെ പ്രവൃത്തി പൂര്‍ത്തീകരിച്ച 11.47 കോടി രൂപയുടെ ജലസേചന-കുടിവെള്ള പദ്ധതികള്‍ ജില്ലയില്‍ ഉദ്ഘാടനത്തിന് ഒരുങ്ങി. ആരോഗ്യ മേഖലയില്‍ പൂര്‍ത്തീകരിച്ചത് 7.13 കോടി രൂപയുടെ പദ്ധതികളാണ്.
ജില്ലയിലെ കുമ്പള, വിദ്യാനഗര്‍, അമ്പലത്തറ, ബേഡകം, ബേക്കല്‍ എന്നീ പോലീസ്റ്റേഷനുകളില്‍ ശിശുസൗഹൃദ ഇടങ്ങള്‍ തുറന്നതും ജില്ലയില്‍ കാസര്‍കോട്, ചീമേനി, ബദിയടുക്ക, വിദ്യാനഗര്‍ പോലീസ് സ്റ്റേഷനുകളിലും കാസര്‍കോട് ഡിവൈ.എസ്.പി ഓഫീസിലും സന്ദര്‍ശക മുറികള്‍ തുറന്നതും പിങ്ക് പോലീസ് ജില്ലയിലെ മൂന്ന് സബ് ഡിവിഷനുകളില്‍ ആരംഭിച്ചതും പോലീസിനെ കൂടുതല്‍ ജനകീയമാക്കി.
കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ സ്വപ്ന പദ്ധതിയായ പാലായി ഷട്ടര്‍ കം ബ്രിഡ്ജിന്റെ ട്രയല്‍ റണ്‍ നടന്നു. ജലസേചന വകുപ്പ് നബാര്ഡിന്റെയ സഹായത്തോടെ 65 കോടി രൂപ ചിലവിലാണ് ബ്രിഡ്ജ് നിര്‍മ്മിച്ചത്.
ദേശീയപാത 66 ന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. തലപ്പാടി-ചെങ്കള, ചെങ്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് എന്നീ മൂന്നു റീച്ചുകളിലാണ് വികസനം.
പിലിക്കോട് ആയുര്‍വ്വേദ ആശുപത്രി കെട്ടിടം, എളേരിത്തട്ട് കോളേജ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് കെട്ടിടം, അഞ്ചു കോടി രൂപ ചില വില്‍ വെള്ളച്ചാല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന് പണിത പുതിയ ബ്ലോക്ക് തുടങ്ങിയ പദ്ധതികള്‍ യാഥാര്‍ഥ്യമായതും കുമ്പളയിലെ മഞ്ചേശ്വരം ഐ.എച്ച്.ആര്.ഡി.കോളേജ് കാമ്പസില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചതും മഞ്ചേശ്വരത്ത് കണ്ണൂര്‍ യൂണിവേഴ്സിറ്റി ക്യാമ്പസ് ഉദ്ഘാടനത്തിനെരുങ്ങിയതും കഴിഞ്ഞ ആറുമാസക്കാലയളവിലെ വലിയ നേട്ടങ്ങളാണ്. കോവിഡ് വാക്സിനേഷനും പരിശോധനയും വര്‍ധിപ്പിച്ച് കോവിഡിനെ നിയന്ത്രണവിധോയമാക്കാനായതും സംസ്ഥാനത്തെ ആദ്യ പിങ്ക് സ്റ്റേഡിയം കാസര്‍കോട് നഗരത്തോട് ചേര്‍ന്നുള്ള താളിപ്പടുപ്പ് മൈതാനത്ത് ഒരുക്കമെന്ന കായിക വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനവും സമാനതകളില്ലാത്ത മാതൃകയാണ്.