CLOSE

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സ്ഥിരം അധ്യാപകരുടെ കുറവ് പരിഹരിക്കാന്‍ നടപടിയുണ്ടാകും- ആര്‍.ബിന്ദു

Share

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സ്ഥിരം അധ്യാപകരുടെ കുറവുമൂലം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു പറഞ്ഞു. കണ്ണൂര്‍ സര്‍വ്വകലാശാല മഞ്ചേശ്വരം ക്യാമ്പസിലെ ഉദ്ഘാടന ചടങ്ങില്‍ ഓണ്‍െലെനായി അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. കാസര്‍കോട് ജില്ലയില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിന് മികച്ച വിദ്യാഭ്യാസ സൗകര്യമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. 72 സ്ഥിരം അധ്യാപകരാണ് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഉള്ളത.് അത് 113 അധ്യാപകര്‍ കരാര്‍ വേതനത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യമായ അധ്യാപക തസ്തിക സൃഷ്ടിച്ച് നിലവിലെ പരിമിതികള്‍ മറികടക്കുന്നതിന് ആവശ്യമായ പരിഗണന ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു

കഴിഞ്ഞ അഞ്ചു വര്‍ഷം കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമായിരുന്നു. സര്‍വ്വകലാശാലാ ആസ്ഥാനത്ത് 11 കോടി രൂപ മുതല്‍മുടക്കി ആധുനിക സൗകര്യങ്ങളോടെ വിദ്യാര്‍ത്ഥി കേന്ദ്രം സ്ഥാപിച്ചു. മങ്ങാട്ടുപറമ്പിലെ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, ധര്‍മശാലയില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍, മാനന്തവാടിയില്‍ ആണ്‍കുട്ടികളുടെ ട്രൈബല്‍ ഹോസ്റ്റല്‍, പൂര്‍ണമായും സോളാര്‍ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ കമ്പ്യൂട്ടര്‍ ലാബ് എന്നിവയും ആ കാലഘട്ടത്തിലാണ് സ്ഥാപിച്ചത്. ഇതിനൊക്കെപുറമെ സെമിനാര്‍ ഹാളുകള്‍, സിന്തറ്റിക് ട്രാക്ക്, വാമിംഗ് അപ്പ് ഏരിയ അടക്കമുള്ള നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുകയും ചെയ്യുന്നുണ്ട്.

കേവലം ഒരു ക്യാമ്പസും രണ്ട് ഡിപ്പാര്‍ട്ടുമെന്റുകളും അഫിലിയേറ്റ് ചെയ്ത 22 കോളേജുകളും മാത്രമായി പ്രവര്‍ത്തനം ആരംഭിച്ച സര്‍വ്വകലാശാലയ്ക്ക് ഇപ്പോള്‍ ഏഴ് ക്യാമ്പസുകളിലായി 27 പഠന വകുപ്പുകളും 6 സ്റ്റഡി സെന്ററുകളും ഉണ്ട്. വിവിധ പഠന വകുപ്പുകളിലും അഫിലിയേറ്റ് ചെയ്ത 108 കോളേജുകളിലുമായി 70,000 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലയ്ക്കു കീഴില്‍ പഠനം നടത്തുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കു മെച്ചപ്പെട്ട പഠന, പഠനാനുബന്ധ സൗകര്യങ്ങളാണ് സര്‍വ്വകലാശാലയില്‍ ഒരുക്കിയിട്ടുള്ളത്.

കേരളത്തിലെ മറ്റു സര്‍വ്വകലാശാലകളില്‍ നിന്നും വിഭിന്നമായി വികേന്ദ്രീകൃത രീതിയിലുള്ള മള്‍ട്ടി-ക്യാമ്പസ് സംവിധാനമാണ് കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പ്രത്യേകത. സര്‍വ്വകലാശാലയുടെ പ്രവര്‍ത്തന പരിധിയില്‍ റസിഡന്‍ഷ്യല്‍ ക്യാമ്പസുകള്‍ സ്ഥാപിക്കുക എന്നതും സര്‍വ്വകലാശാലയുടെ സ്ഥാപിത ലക്ഷ്യങ്ങളില്‍ ഒന്നാണ്. ഇതിന്റെ ഭാഗമായാണ് കാസര്‍കോട്, നീലേശ്വരം, പയ്യന്നൂര്‍, മാങ്ങാട്ടുപറമ്പ്, കണ്ണൂര്‍, തലശ്ശേരി, മാനന്തവാടി എന്നീ സ്ഥലങ്ങളില്‍ ക്യാമ്പസുകള്‍ സ്ഥാപിച്ചിട്ടുള്ളത്. മഞ്ചേശ്വരത്ത് ആരംഭിക്കുന്നത് സര്‍വ്വകലാശാലയുടെ എട്ടാമത്തെ ക്യാമ്പസാണ്.

പരിപാടിയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു അധ്യക്ഷത വഹിച്ചു. എ കെ എം അഷറഫ് എം എല്‍ എ ഉദ്ഘാടന ശിലാഫലകം അനാഛാദനം ചെയ്തു. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ.ഗോപിനാഥ് രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, സബ് ജഡ്ജ് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി എം. ഷുഹൈബ്, എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സിണ്ടിക്കേറ്റ് മെമ്പര്‍ ഡോ.എ.അശോകന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ അഡ്വ.സരിത, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീല ടീച്ചര്‍, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജീന്‍ ലവീന്‍ മോന്താരോ, ജില്ലാ പഞ്ചായത്തംഗം കെ കമലാക്ഷി, സ്ഥിരംസമിതി അധ്യക്ഷന്‍ എന്‍.അബ്ദുള്‍ ഹമീദ്, മഞ്ചേശ്വരം പഞ്ചായത്തംഗം യാദവ ബഡാജെ, ക്യാമ്പസ് ഡയറക്ടര്‍ ഡോ ഷീനാ ഷുക്കൂര്‍, യൂണിവേഴ്സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ വി ശില്‍പ, സിന്‍ഡിക്കേറ്റ് അംഗം രാഖി രാഘവന്‍, രാഷ്ട്ര കവി ഗോവിന്ദപൈ സ്മാരക സമിതി സെക്രട്ടറി കെ ആര്‍ ജയാനന്ദ, കണ്ണഝക്ത സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. പ്രോ. വൈസ് ചാന്‍സിലര്‍ എ.സാബു നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *