CLOSE

പ്രിന്‍സിപ്പാളിന് നേരെയുള്ള അതിക്രമം; കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണം : ബിജെപി

Share

കാസര്‍ഗോഡ് : ഗവ. കോളജ് പ്രിന്‍സിപ്പാളിന് നേരെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമം അപലപനീയമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ ആവശ്യപ്പെട്ടു.

കലാലയ പരിസരത്ത് മാസ്‌ക് ധരിക്കാതെ കൂട്ടം കൂടിയിരുന്നതിനെ പ്രിന്‍സിപ്പാള്‍ ഡോ. എം. രമ ചോദ്യം ചെയ്തതാണ് എംഎസ്എഫ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചതെന്നു പറയപ്പെടുന്നുവെങ്കിലും ക്യാംപസില്‍ ലഹരിമരുന്ന് മാഫിയക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ചതാണ് യഥാര്‍ത്ഥ കാരണമെന്നു സംശയിക്കേണ്ടതുണ്ട്. കേരളത്തിലെ കലാലയങ്ങളിലെ തങ്ങളുടെ എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് മുസ്ലിംലീഗിന്റെയും സിപിഎമ്മിന്റെയും വിദ്യാര്‍ത്ഥി സംഘടനകളും നിരന്തരം ശ്രമിക്കുന്നത്. റാഗിംഗ് ലോബികള്‍ക്ക് പിന്തുണ നല്‍കുന്നതും ഇതേ വിദ്യാര്‍ത്ഥി സംഘടനകള്‍ തന്നെ. ഈ സംഘടനകള്‍ക്ക് വേരോട്ടമുള്ള ക്യാമ്പസുകളില്‍ മറ്റു വിദ്യാര്‍ത്ഥി സംഘടനകളിലെ അംഗങ്ങള്‍ക്ക് മാത്രമല്ല അധ്യാപകര്‍ക്കും പ്രിന്‍സിപ്പാള്‍മാര്‍ക്കും രക്ഷയില്ലാത്ത സാഹചര്യമാണ്. തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത അദ്ധ്യാപകരെ പോലും ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ സമ്പൂര്‍ണ്ണ സാക്ഷരത നേടിയ സംസ്ഥാനമെന്നു അഹങ്കരിക്കുന്ന കേരളത്തില്‍ വര്‍ദ്ധിക്കുകയാണ്.

എറണാകുളം മഹാരാജാസ് കോളേജിലെ പ്രിന്‍സിപ്പല്‍ എന്‍.എല്‍ ബീനയുടെ കസേര കത്തിച്ചതും പാലക്കാട് ഗവ: വിക്ടോറിയ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍. സരസുവിന് കലാലയ മൈതാനത്ത് പ്രതീകാത്മക കുഴിമാടം തീര്‍ത്തതും ജില്ലയിലെ തന്നെ മറ്റൊരു പ്രധാന കലാലയമായ കാഞ്ഞങ്ങാട് ഗവ. നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ പ്രിന്‍സിപ്പല്‍ ഡോ. പിവി പുഷ്പ്പജയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് പോസ്റ്റര്‍ പതിച്ചതും അവരുടെ വസതിക്ക് നേരെ ബോംബെറിഞ്ഞതുമായ സംഭവങ്ങള്‍ക്ക് സമാനമാണ് കാസര്‍ഗോഡ് ഗവ. കോളജില്‍ അരങ്ങേറുന്നത്.
കോളജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുമായി മത്സരിക്കുകയാണ് എം.എസ്.എഫ് പ്രവര്‍ത്തകര്‍. സ്ത്രീകളായ അധ്യാപികമാരാണ് വിദ്യാര്‍ത്ഥി എം.എസ്.എഫ്, എസ്.എഫ്.ഐയുടെ അതിക്രമങ്ങള്‍ക്ക് കൂടുതല്‍ ഇരയാകുന്നതെന്ന യാഥാര്‍ത്ഥ്യം സ്ത്രീസുരക്ഷയെപറ്റി വാചാലാകുന്ന സംസ്ഥാന സര്‍ക്കാരിനുള്ള പ്രഹരമാണ്. വിദ്യാര്‍ത്ഥി സംഘടനകളെ നിലയ്ക്ക് നിര്‍ത്താന്‍ അവയുടെ മാതൃ രാഷ്ട്രീയ സംഘടനകളും സര്‍ക്കാരും തയ്യാറാകാത്ത പക്ഷം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഇനിയും അധഃപതിക്കുമെന്നും രവീശ തന്ത്രി കുണ്ടാര്‍ മുന്നറിയിപ്പ് നല്‍കി.

ലഹരിമരുന്ന് ഉപയോഗം ഉള്‍പ്പെടെ കലാലയത്തില്‍ നടക്കുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്ന അധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും എല്ലാ പിന്തുണയും ബിജെപി വാഗ്ദാനം ചെയ്യുന്നതായും രവീശ തന്ത്രി കുണ്ടാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.