ഉപ്പള: മാലിന്യ കൂമ്പാരമായ മംഗല്പാടി ഗ്രാമ പഞ്ചായത്ത് പരിധിയില്‍ ഫ്ലാറ്റുകളിലെ മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന പ്രശ്നങ്ങള്‍ക്ക് അറുതി വരുത്താന്‍ ജില്ലാ കളക്ടര്‍ ഭണ്ടാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ മിന്നല്‍ പരിശോധന. ഇന്ന് രാവിലെ മഞ്ചേശ്വരം താലൂക് ഓഫിസില്‍ എത്തിയ കളക്ടര്‍ പെട്ടെന്നാണ് ഉപ്പളയിലെ വ്യാപാര – വാണിജ്യ -താമസ കെട്ടിടങ്ങളിലേക്ക് സന്ദര്‍ശനം നടത്തിയത്.
ഒരൊറ്റ ഫ്ലാറ്റുകളിലും മാലിന്യം സംസ്കരിക്കാനുള്ള പ്രാഥമിക കാര്യങ്ങള്‍ ചെയ്തിട്ടില്ല. വാണിജ്യ സ്ഥാപനങ്ങളിലും സ്ഥിതി വളരെ മോശം. മത്സ്യ മാര്‍ക്കറ്റിന് സമീപമുള്ള കെട്ടിടങ്ങളിലും, ഓടകളിലും പുഴുവരിച്ച് ദുര്‍ഗന്ധം വമിക്കുന്നു. പഞ്ചായത്ത് പരിധിയില്‍ നിയമം ലംഘിച്ചും, മനപ്പൂര്‍വം പൊതു സ്ഥലം വൃത്തിഹീനമാക്കുന്നവര്ക്കുമെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും. ഇതിന്റെ മുന്നോടിയായി നിയമം ലംഘിച്ച നൂറോളം കെട്ടിടങ്ങള്‍ക്ക് 25000 രൂപ പിഴ ചുമത്തി. കെട്ടിട ഉടമ പിഴ അടച്ച് മാലിന്യ സംസ്കരണ യുണിറ്റ് നിര്‍മ്മിച്ച കാര്യം പഞ്ചായത്തിനെ രേഖാ മൂലം ഒരു മാസത്തിനുള്ളില്‍ അറിയിക്കണം.അല്ലാത്ത പക്ഷം കെട്ടിടത്തിന്റെ ലൈസന്‍സ് കട്ട് ചെയ്യാനും, വൈദ്യുതി ബന്ധം വിച്ഛേദിക്കാനും ഇലക്ട്രിസിറ്റി ബോര്‍ഡിന് നിര്‍ദേശം നല്‍കും.മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുന്നവര്‍ക്ക് ആയിരം രൂപ പാരിതോഷികവും കളക്ടര്‍ പ്രഖ്യാപിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രിസാന സാബിര്‍, വൈസ് പ്രസിഡന്റ് യൂസഫ് ഹേരൂര്‍, ആരോഗ്യ വിഭാഗം ചെയര്‍പേഴ്സണ്‍ ഇര്‍ഫാന ഇഖ്ബാല്‍, ക്ഷേമ കാര്യ വിഭാഗം ചെയര്മാന് ഹുസൈന് ബൂണ്‍, ഉപ്പള ടൗണ്‍ മെമ്പര്‍ ശരീഫ് ടി എ, പഞ്ചായത്ത് സെക്രട്ടറി സന്തോഷ് വര്‍ഗീസ്, ജില്ലാ ശുചിത്വ മിഷന് കോര്‍ഡിനേറ്റര്‍ പ്രേമരാജന്‍, മഞ്ചേശ്വരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സന്തോഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ദിലീപ് തുടങ്ങിയവര്‍ കളക്ടറെ അനുഗമിച്ചു.