നീലേശ്വരം : മാലിന്യ സംസ്‌കരണ രംഗത്ത് കുട്ടികള്‍ക്ക്
തരം തിരിവിന്റെ പുതിയ പാഠങ്ങള്‍ പകര്‍ന്നു നല്‍കിക്കൊണ്ട് ഹരിത കര്‍മ്മ സേന.
നീലേശ്വരം നഗരസഭയുടെ ആഭിമുഖ്യത്തില്‍ ചിറപ്പുറം വായനശാലയില്‍ നടന്ന ടീച്ചറും കുട്ട്യോളും പരിപാടിയിലാണ് 20 കുട്ടികളെ പ്ലാസ്റ്റിക് ഗ്രേഡ് അനുസരിച്ച് വേര്‍തിരിക്കാന്‍ ഹരിത കര്‍മ്മസേനാംഗങ്ങള്‍ പഠിപ്പിച്ചത്. ഒരോ തരം പ്ലാസ്റ്റിക്കിന്റെയും സവിശേഷതകളും വേര്‍തിരിക്കേണ്ടതിന്റെ ആവശ്യകതയും അവര്‍ പറഞ്ഞു കൊടുത്തു.
പരിപാടി നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ടി.പി ലത സ്വാഗതം പറഞ്ഞു.
ടീച്ചറും കുട്ട്യോളും പരിപാടി സംബന്ധിച്ച് ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സുബ്രഹ്മണ്യന്‍ മാസ്റ്റര്‍ ക്ലാസെടുത്തു. ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ദേവരാജന്‍ മാസ്റ്റര്‍, കുടുംബശ്രീ ഇഉട ചെയര്‍ പേഴ്‌സണ്‍ ഗീത, ഹരിത കര്‍മ്മസേന സെക്രട്ടറി സിന്ധു പി.വി, വായനശാല സെക്രട്ടറി വിജയന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ഹരിത കര്‍മ്മസേന പ്രസിഡന്റ് പി ലീല നന്ദി പറഞ്ഞു.