2022 ജനുവരിയോടെ സംസ്ഥാനത്ത് ആയിരം ഹരിത ഗ്രാമങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും ഓരോ കൃഷിഭവന്റെ കീഴിലും ഒരു മാതൃക കൃഷിത്തോട്ടം ഉണ്ടായിരിക്കുമെന്നും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഉന്നത കൃഷി ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വിലത്തകര്‍ച്ചയെ ശക്തമായി നേരിടുമെന്നും കര്‍ഷകന്റെ സമഗ്രമായ സാമ്പത്തിക ഉന്നതിയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തദ്ദേശ സ്വയംഭരണസ്ഥാനങ്ങളിലെ ഓരോ വാര്‍ഡിലും കുറഞ്ഞത് 10 പേര് വീതമുള്ള കര്‍ഷക സംഘങ്ങള്‍ രൂപീകരിക്കും. കര്‍ഷകരുടെ സംഘത്തെ മുതല്‍ക്കൂട്ടാക്കി അവരില്‍ നിന്നും ആശയങ്ങള്‍ സ്വീകരിച്ച് വകുപ്പിന്റെ പുതിയ പദ്ധതികള്‍ രൂപീകരിക്കും. പഞ്ചായത്ത്തലത്തില്‍ കര്‍ഷകരുമായി ചേര്‍ന്ന് ഓരോ പ്രദേശത്തെയും കാര്‍ഷിക മേഖലയുടെയും കര്‍ഷകരുടേയും ആവശ്യങ്ങള്‍ സംബന്ധിച്ച പ്രൊജക്ട് തയ്യാറാക്കി ആവശ്യമായ നടപടികള്‍ കൃഷിഭവനുകളില്‍ തന്നെ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് പൂര്‍ണ്ണമായും ജൈവ ജില്ലയും തരിശുരഹിത ജില്ലയുമായി മാറണം. എല്ലാ കുടുംബങ്ങളെയും കൃഷിയിലേക്ക് ആകര്‍ഷിക്കണം പച്ചക്കറികൃഷിയില്‍ കേരളം സ്വയംപര്യാപ്തത കൈവരിക്കണം. ശാസ്ത്രീയമായ കൃഷിരീതികളും കേരളത്തിന്റെ മണ്ണിന് അനുയോജ്യമായ യന്ത്രവല്‍ക്കരണവും അനിവാര്യമാണ്.
കാലാവസ്ഥ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിച്ചത് കൃഷിക്കാരനെയാണ്. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളുംകൃത്യമായും സമയബന്ധിതമായും കര്‍ഷകരിലേക്ക് എത്തിക്കാന്‍ കൃഷി ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് മന്ത്രി പറഞ്ഞു. 2022 ജനുവരി മുതല്‍ കൃഷി വകുപ്പില്‍ സോഷ്യല്‍ ഓഡിറ്റിങ് നിലവില്‍ വരും. ഇതിന്റെ അടിസ്ഥാനത്തിലുള്ള ഗ്രേഡിങ് അനുസരിച്ചു മാത്രമേ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, സ്ഥാനക്കയറ്റം എന്നിവ ഉണ്ടാവുകയുള്ളൂ. കര്‍ഷകനെ ആദരിക്കുന്നതില്‍ അലംഭാവം പാടില്ല. കൃഷിഭവന്റെ എല്ലാ പരിപാടികളിലും ഒരു മുതിര്‍ന്ന കര്‍ഷകന്റെ സാന്നിധ്യം വേദിയില്‍ ഉണ്ടാവുകയും നോട്ടീസില്‍ പേര് നല്‍കുകയും വേണം.
പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരിക്കുന്നത് കര്‍ഷകരുടെ അഭിപ്രായങ്ങള്‍ കൂടി ആരാഞ്ഞതിനു ശേഷമായിരിക്കും. കൃഷിക്കാരെ കുറിച്ചുള്ള സമഗ്രമായ രേഖ എല്ലാ കൃഷിഭവനുകളിലും ലഭ്യമാക്കണം. കൃഷി വകുപ്പിലെ താഴെ തട്ടുമുതല്‍ മന്ത്രി തലം വരെയുള്ള എല്ലാ ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി കര്‍ഷകരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച് കൃഷി വകുപ്പിനെ ഏറ്റവും നല്ല വകുപ്പാക്കി മാറ്റണം.
മികച്ച ഇനം വിത്തുകള്‍ കൃഷിക്കാരന് ലഭ്യമാക്കണം. കൃഷിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍, അഗ്രോ ഇക്കോളജിക്കല്‍ സോണുകളുടെ അടിസ്ഥാനത്തില്‍ സമഗ്രമായ പഠനം നടത്തണം. യോജിച്ച കൃഷി, കൃഷി രീതി, ജല ലഭ്യത, പ്രകൃതി ക്ഷോഭ സാധ്യത തുടങ്ങി എല്ലാം പരിഗണിച്ചുകൊണ്ടുള്ള ഒരു ശാസ്ത്രീയ കൃഷി രീതി കൊണ്ടുവരണം. ജില്ലയിലെ ഭാവി പദ്ധതികളെ കുറിച്ചുള്ള രൂപ രേഖ മന്ത്രി കൃഷി ഡയറക്ടര്‍ ടിവി സുഭാഷിന് കൈമാറി.
അവലോകനയോഗത്തില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ ടി. വി. സുഭാഷ്,അഡീഷണല്‍ സെക്രട്ടറി സാബിര്‍ ഹുസൈന്, കൃഷി അഡിഷണല്‍ ഡയറക്ടര്‍മാരായ ജോര്‍ജ് അലക്സാണ്ടര്‍, എസ്. സുഷമ, ജോയിന്റ് ഡയറക്ടര്‍ വാട്ടര്‍ മാനേജ്മെന്റ് ആര്. സുനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ വീണാറാണി, ആത്മ ജോയിന്റ് ഡയറക്ടര്‍ ടി സുശീല ജില്ലയിലെ മറ്റു കൃഷി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.