പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സംസ്ഥാന നികുതി കുറയ്ക്കാതെ സംസ്ഥാന സര്‍ക്കാരും ധനമന്ത്രിയും ന്യായീകരണങ്ങള്‍ നിരത്തുമ്പോള്‍ സിപിഐഎം അണികള്‍ ക്യാപ്സ്യൂളുകള് വിതരണം ചെയ്യുന്ന തിരക്കിലാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ മാതൃകയില്‍ ഇന്ധനനികുതി കുറയ്ക്കാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് താലൂക്ക് ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റു സംസ്ഥാനങ്ങള്‍ ഒക്കെ തന്നെയും കേന്ദ്രസര്‍ക്കാര്‍ മാതൃകയില്‍ ഇന്ധന നികുതി കുറച്ചപ്പോള്‍ ന്യായീകരണ ക്യാപ്സ്യൂളുകള് വിതരണം ചെയ്യുന്ന തിരക്കിലായിരുന്നു കേരളത്തിലെ ഭരണകക്ഷി പാര്‍ട്ടിയും അതിന്റെ അണികളും. കോവിഡ് കാലത്ത് വലിയ വരുമാന ചോര്‍ച്ച ഉണ്ടായിട്ടും ഒരു വികസന, സാമൂഹ്യ ക്ഷേമ പദ്ധതി പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. പെട്രോളിയം ഉല്പന്നങ്ങളുടെ ഇന്ധന നികുതി പൂര്‍ണ്ണമായും ജനങ്ങളിലേക്ക് തന്നെ എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. പട്ടിണി മരണങ്ങള് ഒഴിവാക്കാന്‍ സാധിച്ചത് കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തത് കൊണ്ടാണ്. അത് പോലും സംസ്ഥാന സര്‍ക്കാരിന്റെ കിറ്റെന്നാണ് പ്രചരണം നടത്തിയത്.
പാലക്കാട് സഞ്ജിത്തിന്റെ കൊലപാതകം ഇടത് – ജിഹാദി സംഘടനകളുടെ കൂട്ടുകെട്ടിന് ഉത്തമ ഉദാഹരണമാണ്. കൊലയാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം എന്നും സ്വീകരിച്ചിട്ടുള്ളത്. പെരിയ കൊലപാതക കേസില്‍ സിപിഎമ്മിന്റെ മുന്‍ എംഎല്‍എ സിബിഐ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടതോടെ ഇനി സിപിഎം ഇരവാദത്തിനിറങ്ങുമെന്നും ബക്കറ്റ് പിരിവ് തുടങ്ങുമെന്നും അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു.