പാലക്കുന്ന് : വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നു വിമാനത്തില്‍ യാത്രചെയ്യണമെന്നത്. മഞ്ഞള്‍ കൃഷിയില്‍ വര്‍ഷങ്ങളായി നൂറുമേനി വിളവെടുപ്പ് നടത്തി നാട്ടിലെ താരങ്ങളായ വീട്ടമ്മമാര്‍ക്ക് അവരുടെ ഏറെ നാളത്തെ ആഗ്രഹം നിറവേറ്റാനുള്ള സാഹചര്യമൊരുക്കിയതും അവരുടെ തന്നെ കൂട്ടായ്മയായ ഉദുമ പള്ളത്തിലെ മിഡില്‍ ഫ്രണ്ട്സ് വനിത കര്‍ഷക വേദിയും.കേരളത്തിലെ വടക്കേ അറ്റത്തെ എയര്‍പോര്‍ട്ടില്‍ നിന്ന് തെക്കേ അറ്റത്തേക്കുള്ള യാത്രയില്‍ നാട്ടിലെ ഒരു കൂട്ടം വനിതകളും പങ്കാളികളായത് ഇതിന് ഒരു ഉല്ലാസയാത്രയുടെ പരിവേഷവുമുണ്ടാക്കിയെന്ന് ഈ അമ്മമാര്‍ പറയുന്നു. പി.വി. ജാനകി, ബി .പദ്മിനി, എ. ജാനകി, ഷീബ നാരായണന്, ശാലിനി ബാബു, എ. വാസന്തിയും അടങ്ങിയ വീട്ടമ്മമാരുടെ കൂട്ടായ്മയ്ക്ക് ഹോസ്ദുര്‍ഗ് ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ് 2 വിദ്യാര്‍ഥിയായ രസ്ന നാരായണനായിരുന്നു കോര്‍ഡിനേറ്ററും ലീഡറും. അമ്മ ഷീബയോടൊപ്പം മഞ്ഞള്‍ കൃഷിചെയ്യാന്‍ രസ്ന പാടത്തിറങ്ങിയത് കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തായിരുന്നു. തിരുവന്തപുരം യാത്രയില്‍ പദ്മനാഭസ്വാമി ക്ഷേത്രവും നിയമസഭ മന്ദിരവും കാണാന്‍ അവസരമുണ്ടായത് പുത്തന്‍ അനുഭവമായെന്ന് അപൂര്‍വ യാത്രചെയ്ത അമ്മമാരുടെ സാക്ഷ്യവും. മൂന്ന് ദിവസത്തെ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഈ അമ്മമാര്‍ അടുത്ത വിളവെടുപ്പിനായി കൃഷിപ്പാടത്തിറങ്ങാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ .