CLOSE

ഭരണത്തലവനെ പോലും വെല്ലുവിളിച്ച് എല്ലാ മേഖലകളിലും മേധാവിത്തം ഉറപ്പിക്കാന്‍ സിപിഎം ശ്രമം: എന്‍.എന്‍. രാധാകൃഷ്ണന്‍

Share

കാഞ്ഞങ്ങാട് : ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലും പിഎസ്സിയുള്‍പ്പെടെ എല്ലാ മേഖലകളിലും കമ്മ്യൂണിസ്റ്റ് മേധാവിത്തം സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും ഭരണത്തലവനായ ഗവര്‍ണ്ണര്‍ പോലും ചോദ്യംചെയ്യപ്പെടുകയാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ബിജെപിയുടെ സമുന്നത നേതാവായിരുന്ന മടിക്കൈ കമ്മാരന്റെ നാലാം ചരമവാര്‍ഷിക ദിനത്തില്‍ ബിജെപി മടിക്കൈ പഞ്ചായത്ത് കമ്മിറ്റി സ്മൃതിമണ്ഡപത്തില്‍ സംഘടിപ്പിച്ച അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എതിരാളികളുടെ മനസില്‍ പോലും ചിരപ്രതിഷ്ഠ നേടിയ മടിക്കൈ കമ്മാരനെ പോലെ മറ്റൊരു നേതാവ് കേരളത്തില്‍ ഇല്ലെന്നും കാഞ്ഞങ്ങാട് മേഖലയില്‍ ബിജെപി വലിയ വളര്‍ച്ച നേടിയത് കമ്മാരന്റെ പ്രവര്‍ത്തനത്താലാണെന്നും എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. പിണറായി ഭരണത്തിന്റെ തണലില്‍ മതഭീകരവാദ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ അഴിഞ്ഞാടുകയാണ്. എസ്ഡിപിഐ പോലുള്ള പ്രസ്ഥാനങ്ങള്‍ കമ്മ്യൂണിസ്റ്റ് ഗ്രാമങ്ങളില്‍ പോലും വേരുറപ്പിക്കുമ്പോള്‍ പ്രത്യയശാസ്ത്ര അടിത്തറ പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് സിപിഎം. ജിഹാദിസംഘടനകള്‍ സി.പി.എമ്മിനു മേല്‍ പിടിമുറുക്കിയിരിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സൈ്വര്യജീവിതം ആഗ്രഹിക്കുന്നവര്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് ബിജെപിയിലാണ്. പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും സമാജസേവനത്തിനുമായി സ്വജീവിതം തന്നെ സമര്‍പ്പിച്ച മടിക്കൈ കമ്മാരേട്ടന്‍ ആവേശവും മാര്‍ഗ്ഗദര്‍ശനവുമായി ജനഹൃദയങ്ങളില്‍ എക്കാലവും ജീവിക്കുമെന്നും എ.എന്‍. രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപി സംസ്ഥാന കൗണ്‍സിലംഗം ഇ. കൃഷ്ണന്‍ അധ്യക്ഷനായി. ബിജെപി ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍, വൈസ് പ്രസിഡന്റ് എം. ബല്‍രാജ്, ജില്ലാ സെക്രട്ടറി മനുലാല്‍ മേലത്ത്, മണ്ഡലം പ്രസിഡന്റ് പ്രശാന്ത് സൗത്ത്, അഡ്വക്കറ്റ് കെ.കെ. രാജഗോപാല്‍, പി. ദാമോദര പണിക്കര്‍ എന്നിവര്‍ സംസാരിച്ചു. ബിജെപി മടിക്കൈ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി. മനോജ് കുമാര്‍ സ്വാഗതവും സെക്രട്ടറി എം. പ്രകാശന്‍ നന്ദിയും പറഞ്ഞു. സ്മൃതിമണ്ഡപത്തില്‍ മടിക്കൈ കമ്മാരന്‍ സഹോദരി ഗൗരി ഭദ്രദീപം കൊളുത്തി.

തമിഴ്നാട്ടിലെ നീലഗിരി മലകളിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിനും സഹപ്രവര്‍ത്തകര്‍ക്കും ആദരവര്‍പ്പിച്ച് പുഷ്പ്പാര്‍ച്ചനയും നടന്നു.

Leave a Reply

Your email address will not be published.