പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രമോ കാസര്‍കോട് പ്രദേശമോ നാളിതുവരെ കണ്ടിട്ടില്ലാത്ത തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല സ്വദേശിയുമായ ഗള്‍ഫ് പ്രവാസി പ്രശാന്ത് ഹരിദാസ് ഭജന നേര്ച്ചാസമര്പ്പണം നടത്തി. ഈ ക്ഷേത്രത്തില്‍ ഒരു നേര്‍ച്ച സമര്‍പ്പിക്കണമെന്ന തന്റെ ഏറെ നാളത്തെ ആഗ്രഹം പൂര്‍ത്തിയായ സന്തോഷത്തിലാണിപ്പോള്‍ അദ്ദേഹം. കലംകനിപ്പ് അടക്കം വൈവിധ്യങ്ങളായ ആചാരാനുഷ്ഠാനങ്ങളും ഉത്സവങ്ങളും ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ കണ്ടും വായിച്ചുമറിഞ്ഞപ്പോള് തുടങ്ങിയതാണ് കാസര്‍കോട് ജില്ലയിലെ ഈ ക്ഷേത്രത്തോടുള്ള അദ്ദേഹത്തിന്റെ വൈകാരികമായ അടുപ്പം.
ക്ഷേത്ര ഭാരവാഹികളുമായി ബന്ധപ്പെട്ടപ്പോള്‍ ശനിയാഴ്ച നാളിലെ ഭജന നേര്‍ച്ചക്ക് ഉടന്‍ തന്നെ സൗകര്യമൊരുക്കി നല്കി. നേരിട്ടെത്താന്‍ സാധിക്കാത്തതിനാല്‍ സുഹൃത്തായ ബാബു ദിവാകരനെ അതിനായി ചുമതലപ്പെടുത്തി. ഭണ്ഡാര വീട്ടിലെ പടിഞ്ഞാറ്റയുടെ തിരുമുന്പില് നടക്കുന്ന പ്രതിവാര ഭജനനേര്ച്ച സമര്‍പ്പണത്തിന് മുന്‍കൂട്ടി ബുക്കിംഗ് ചെയ്ത് കാത്തിരിക്കണമെങ്കിലും വര്‍ക്കലക്കാരനായ പ്രശാന്തിനുവേണ്ടി ശനിയാഴ്ച തന്നെ അവസരമൊരുക്കുകയായിരുന്നു.
സന്ധ്യാദീപത്തിന് ശേഷം 7 മുതല്‍ 9 വരെ പൂജാരിയുടെ സാന്നിധ്യത്തിലാണ് ഭജന.തുടര്‍ന്ന് സന്നിഹിതരായവര്‍ക്കെല്ലാം അഗ്രശാലയില്‍ പായസം വിളമ്പിയ ശേഷം ‘എല്ലാവരും തുല്യര്‍’ എന്നര്‍ഥം വരുന്ന കൂട്ട പ്രാര്‍ഥനയും നടത്തും.അര നൂറ്റാണ്ട് മുന്‍പ് ആരംഭിച്ചതാണിത്. എല്ലാ ശനിയാഴ്ചകളിലും ഇവിടെ ഭജന നടക്കുന്നു. കോവിഡ് നിയന്ത്രണം മൂലം നേര്‍ച്ചയായി ഭജന സമര്‍പ്പണം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ നിബന്ധനകള്‍ പാലിച്ചാണ് വിശ്വാസികള്‍ക്ക് അതിനായി സൗകര്യമൊരുക്കുന്നത്. ക്ഷേത്ര ഭരണ സമിതിയുടെ കീഴില്‍
കെ.ഷൈജു പ്രസിഡന്റ്റും കാശി മുരളി സെക്രട്ടറിയുമായ പ്രത്യേക ഭജന സമിതിയുമുണ്ടിവിടെ.