CLOSE

കേരളം വികസനത്തിന്റെയല്ല വിവാദങ്ങളുടെയും വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും വിളനിലം: പികെ കൃഷ്ണദാസ്

Share

കാസര്‍ഗോഡ് : കേരളം വികസനത്തിന്റെയല്ല വിവാദങ്ങളുടെയും വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും വിളനിലമാണെന്നും ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ടാണ് പിണറായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പികെ കൃഷ്ണദാസ് പറഞ്ഞു. ബിജെപി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജൈവ കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെറിയൊരു വിഭാഗം കര്‍ഷകരുടെ എതിര്‍പ്പ് കണക്കിലെടുത്ത് പുതുതായി രൂപീകരിച്ച കാര്‍ഷികനിയമങ്ങള്‍ പിന്‍വലിച്ചത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധതയ്ക്ക് തെളിവാണ്. മുഴുവന്‍ കര്‍ഷകരെയും വിശ്വാസത്തിലെടുക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഒട്ടനവധി ചര്‍ച്ചകള്‍ നടത്തി. എന്നിട്ടും ഒരു വിഭാഗം കര്‍ഷകര്‍ എതിര്‍പ്പ് തുടര്‍ന്നതോടെ രാഷ്ട്രതാല്‍പ്പര്യം മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാവുകയായിരുന്നു. ഈ നിയമങ്ങള്‍ പിന്‍വലിച്ചത് നരേന്ദ്രമോദിക്കും ബിജെപിക്കും വലിയ തിരിച്ചടി ആണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ അവകാശപ്പെട്ടത്. അതേ സമയം ത്രിപുര പോലെയുള്ള കാര്‍ഷിക സംസ്ഥാനങ്ങളിലെ പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ നേട്ടം ഇവര്‍ വിസ്മരിക്കുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതോടെ കുത്തകകളും ഇടനിലക്കാരും വീണ്ടും വലിയ നേട്ടം കൊയ്യാന്‍ തുടങ്ങിയിരിക്കുന്നു. കുതിച്ചുയരുന്ന പച്ചക്കറി വില അതിനു തെളിവാണ്. ഇടത് വലത് മുന്നണികള്‍ ഭരിച്ച് മുടിച്ച കേരളം ഇന്ന് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഒരു ലോറി സമരം വന്നാല്‍ പിണറായി വിജയന്റെ ‘ സ്വാശ്രയ കേരളം’ എന്നത് പൊള്ളയാണെന്ന് തെളിയും. കേരളം തീവ്രവാദത്തെ കയറ്റുമതി ചെയ്യുന്ന സംസ്ഥാനമായി മാറിയിരിക്കുന്നു.
കെ – റെയില്‍ പദ്ധതിക്കായി ജനങ്ങളെ നിര്‍ബന്ധിച്ച് കുടിയൊഴിപ്പിക്കുകയും അവരുടെ പ്രതിഷേധത്തെ അടിച്ചമര്‍ത്തുകയുമാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. കടക്കയത്തില്‍ മുങ്ങിയിരിക്കുന്ന സര്‍ക്കാര്‍ ആരുടെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് ഈ അതിവേഗപാത പണിയുന്നതെന്ന് ന്യായമായും സംശയിക്കണം.
വീരമൃത്യു വരിക്കുന്ന സൈനികര്‍ക്ക് ആദരവ് ലഭിച്ചു തുടങ്ങിയത് അടല്‍ ബിഹാരി വാജ്‌പേയ് സര്‍ക്കാരിന്റെ കാലം മുതല്‍ക്കാണ്. ഇന്ന് അത്തരം സൈനികരുടെ കുടുംബങ്ങളുടെ പൂര്‍ണ്ണസംരക്ഷണം സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.
കാര്‍ഷിക വായ്പകള്‍, സബ്‌സിഡികള്‍, ഇന്‍ഷുറന്‍സുകള്‍, കൃഷി ഇറക്കാനും വിളവെടുക്കാനുമുള്ള സാമ്പത്തിക സഹായം എന്നിങ്ങനെ പലതും നേരിട്ട് കര്‍ഷകന്റെ അക്കൗണ്ടില്‍ എത്തുന്നത് നരേന്ദ്രമോദി സര്‍ക്കാരിന്റെ നേട്ടങ്ങളാണ്. കോവിഡ് വ്യാപനകാലത്തും തുടര്‍ന്നും പട്ടിണിമരണങ്ങള്‍ സംഭവിക്കാത്തതിന് മലയാളികള്‍ നന്ദി പറയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനോടല്ല മറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണെന്നും പികെ കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ അദ്ധ്യക്ഷത വഹിച്ചു.
ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത്, ദേശീയ കൗണ്‍സില്‍ അംഗം പ്രമീള സി നായിക്, സഞ്ജീവ ഷെട്ടി,സംസ്ഥാന സമിതിയംഗം സവിത ഭട്ട്, സതീഷ് ചന്ദ്ര ഭണ്ഡാരി, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി വിജയ് കുമാര്‍ റൈ എന്നിവര്‍ സംസാരിച്ചു.
കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ ബളാല്‍ സ്വാഗതവും ബിജെപി ജില്ലാ സെക്രട്ടറി മനുലാല്‍ മേലത്ത് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ഗുജറാത്തിലെ ആനന്ദില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ജൈവ കര്‍ഷക സംഗമത്തിന്റെ തത്സമയ സംപ്രേക്ഷണവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *