CLOSE

എയിംസ് കേരളത്തില്‍ എവിടെയാണ് സ്ഥാപിക്കേണ്ടത് എന്ന് പഠിക്കാന്‍ വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി

Share

എയിംസ് കേരളത്തില്‍ എവിടെയാണ് സ്ഥാപിക്കേണ്ടത് എന്ന് പഠിക്കാന്‍ വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയക്കണം എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. ചട്ടം 377ഉപയോഗിച്ചാണ് എംപി ആരോഗ്യ രംഗത്തെ കാസര്‍ഗോഡിന്റെ ശോചനീയാവസ്ഥ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

കാസര്‍ഗോഡ് ജില്ലയിലെ പൊതുജന ആരോഗ്യ സംവിധാനം അടിസ്ഥാനസൗകര്യങ്ങളുടെയും, ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണത്തിന്റെയും, ആരോഗ്യ സേവനങ്ങളുടെ നിലവാരത്തിന്റെയും കാര്യത്തില്‍ സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള പ്രകടനത്തേക്കാള്‍ വളരെ പിറകിലാണ്. കോവിഡിന് ശേഷം ഈ അവസ്ഥാവിശേഷം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. കാസര്‍ഗോഡിന് എയിംസ് വേണമെന്ന ആവശ്യം സാമൂഹ്യ മാധ്യമങ്ങളിലെല്ലാം സജീവമാണ്. പൊതു മേഖലയിലോ സ്വകാര്യ മേഖലയിലോ ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ കാസര്‍ഗോഡ് ഇല്ല.
7 വര്‍ഷങ്ങള്‍ക്ക് മുമ്പ് എയിംസ് സ്ഥാപിക്കാനുള്ള അവസരം നഷ്ടമായ കാസര്‍ഗോഡിന് കോഴിക്കോട് ബാലുശേരിയിലുള്ള കിനാലുരിലെ 150 ഏക്കര്‍ വ്യവസായിക എസ്റ്റേറ്റില്‍ എയിംസ് സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തോടെ വീണ്ടും ആ അവസരം നഷ്ടപ്പെട്ടിരിക്കുകയാണ്. പക്ഷെ പല കാരണങ്ങള്‍ കൊണ്ടും എയിംസ് സ്ഥാപിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലം കാസര്‍ഗോഡ് തന്നെയാണ്. കേരളത്തിലെ ഏറ്റവും പഴക്കമേറിയ മെഡിക്കല്‍ കോളേജും സ്വകാര്യ മേഖലയിലും പൊതു മേഖലയിലുമായി അഞ്ച് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളുമുള്ള സ്ഥലമാണ് കോഴിക്കോട്. പക്ഷെ കാസര്‍ഗോഡ് ഒരു സ്ഥാപനം പോലുമില്ല. കാസര്‍ഗോഡ് എയിംസ് വരികയാണെങ്കില്‍ കാസര്‍ഗോഡിന് പുറമെ ദക്ഷിണ കര്‍ണാടകയിലെയും കുടകിലെയും കണ്ണൂര്‍,വയനാട് ജില്ലകളിലെയും ആളുകള്‍ക്ക് ഉപകാരപ്പെടും. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ തരിശ്ശായി കിടക്കുന്ന ധാരാളം ഭൂമി കാസര്‍ഗോഡ് ഉണ്ട്. അതുകൊണ്ട് തന്നെ സ്ഥലലഭ്യതയുമായി ബന്ധപ്പെട്ട യാതൊരു ആശങ്കക്കും വകയില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എന്‍ഡോസള്‍ഫാന്റെ ദുരിതവും പേറിയാണ് കാസര്‍ഗോട്ടെ ജനങ്ങള്‍ ജീവിക്കുന്നത്. 6727 പേര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരാണെന്ന് സുപ്രീം കോടതി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ന്യൂറോളജി വിഭാഗം സ്‌പെഷ്യാലിറ്റിയുള്ള ഒരു സ്ഥാപനം ജില്ലയില്‍ അത്യന്താപേക്ഷിതമാണ്.അതുകൊണ്ട് തന്നെ എയിംസ് സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് ഒരു ഹൈ ലെവല്‍ കമ്മിറ്റിയെ കേരളത്തിലേക്ക് അയക്കണമെന്ന് ചട്ടം 377 ഉപയോഗിച്ച് പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു .

Leave a Reply

Your email address will not be published.