കാസര്‍ഗോഡ് : കേന്ദ്ര ഗവണ്മെന്റും ഭൂരിപക്ഷം സംസ്ഥാനങ്ങളും ഇന്ധന നികുതി കുറച്ചപ്പോള്‍ കേരളത്തില്‍ ആനുപാതികമായി കുറച്ച് ജനവികാരം മാനിക്കുന്നതിന് പകരം ജനങ്ങളെ വിഡ്ഢികളാക്കുന്ന സമീപനമാണ് ധനമന്ത്രിയുടേതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു കുറ്റപ്പെടുത്തി. ഈ വിഷയത്തില്‍ സിപിഎമ്മിന്റെ വിശദീകരണം നേതാക്കളുടെ നിലവാരമാണ് കാണിക്കുന്നതെന്നും അണികളായ സിപിഎം പ്രവര്‍ത്തകര്‍ പോലും ഈ ന്യായീകരണങ്ങള്‍ മുഖവിലക്ക് എടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കാസര്‍ഗോഡ് കളക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിസമ്മതിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പകരം സിപിഎം പാര്‍ട്ടി ഓഫീസുകള്‍ക്ക് മുന്നിലാണ് ഇടത് ട്രേഡ് യൂണിയനുകള്‍ പ്രതിഷേധം സംഘടിപ്പിക്കേണ്ടതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ലോകരാജ്യങ്ങള്‍ കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങിയപ്പോള്‍ ഒന്നരലക്ഷം കോടി രൂപ വകയിരുത്തി 80 കോടി ആളുകള്‍ക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്തതും മൂന്നരലക്ഷം കോടി മുടക്കി രാജ്യത്തെ മുഴുവന്‍ ഗ്രാമീണ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതും നാലുമാസത്തെ ഇടവേളകളില്‍ 10,500 കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് കൈമാറുന്നതും ലക്ഷക്കണക്കിന് കോടി മുടക്കി റോഡ് വികസനം നടത്തുന്നതല്ലാം ലോകം അദ്ഭുതത്തോടെയാണ് നോക്കിക്കണ്ടതെന്നും കേരളത്തില്‍ കോവിഡ് കാലത്ത് പ്രതിരോധ പ്രവര്‍ത്തനവും റവന്യു കമ്മി നികത്തലുമടക്കം കേന്ദ്ര സഹായത്താലാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് വരുമാനത്തില്‍ വലിയ കുറവുണ്ടായപ്പോഴും വികസനപദ്ധതികള്‍ ഉപേക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. കേന്ദ്രം പിരിച്ചെടുക്കുന്ന നികുതിപ്പണം വികസന പദ്ധതികള്‍ക്കും ജനക്ഷേമ പദ്ധതികള്‍ക്കുമായി വിനിയോഗിക്കുകയാണ്. എന്നാല്‍ സംസ്ഥാന നികുതി വിഹിതമുപയോഗിച്ച് ഒരു ക്രിയാത്മക പ്രവര്‍ത്തനവും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നില്ല. 100 കോടിയിലധികം ഡോസ് വാക്സിനുകള്‍ വിതരണം ചെയ്ത് ലോകത്തിലെ സമ്പന്നരാജ്യങ്ങളെ പോലും ഭാരതം അതിശയപ്പെടുത്തി. വിതരണം ചെയ്ത വാക്സിനില്‍ 90 ശതമാനം തികച്ചും സൗജന്യമായിരുന്നു.
പെട്രോള്‍, ഡീസല്‍ ഉല്പന്നങ്ങളുടെ കേന്ദ്രനികുതി കുറഞ്ഞതിന് ആനുപാതികമായുണ്ടായ വിലക്കുറവിനെ സ്വന്തം നേട്ടമായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടാന്‍ സംസ്ഥാന സര്‍ക്കാരിനെ അനുവദിക്കില്ലെന്നും നികുതി കുറയ്ക്കാന്‍ തയ്യാറാകാത്ത പക്ഷം സംസ്ഥാന സര്‍ക്കാരിനെതിരെ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രകാശ് ബാബു കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന് സ്വാഗതവും ജില്ലാ സെക്രട്ടറി വിജയ റൈ നന്ദിയും പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സദാനന്ദ റൈ, എം. ബല്‍രാജ്, രാമപ്പ മഞ്ചേശ്വരം, ജില്ലാ സെക്രട്ടറിമാരായ പുഷ്പ അമേക്കള, എന്‍. സതീശന്, മനുലാല്‍ മേലത്ത്, ട്രഷറര്‍ ജി. ചന്ദ്രന്, ഉത്തരമേഖല വൈസ് പ്രസിഡന്റ് സതീശ് ചന്ദ്ര ഭണ്ഡാരി, സംസ്ഥാന സമിതി അംഗം പി. രമേശ്, എസ് സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.കെ കയ്യാര്‍, ജില്ലാ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്തു.