പാലക്കുന്ന്: ഭൗതിക സാഹചര്യങ്ങള്‍ മെച്ചപെടുത്തുന്നതിനായി ബേക്കല്‍ ഗവ. ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂളിന് പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം സി.എച്ച് കുഞ്ഞമ്പു എം എല്‍ എ നിര്‍വ്വഹിച്ചു. കിഫ്ബി ഫണ്ടുപയോഗിച്ച് ഒരു കോടി രൂപ ചെലവില്‍ 4 ക്ലാസ് മുറികളും 6 ശൗചാലയങ്ങളുമുള്ള ഇരുനില കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷയായി. 1994-95 എസ്.എസ്.എല്‍.സി ബാച്ചിലെ സഹപാഠികള്‍ സ്‌കൂളിലേക്ക് നല്‍കിയ പ്രസംഗപീഠത്തിന്റെ ഉദ്ഘാടനവും എം.എല്‍.എ നിര്‍വഹിച്ചു . കഴിഞ്ഞ എസ്.എസ്എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ 21 കുട്ടികള്‍ക്ക് സഹപാഠി കൂട്ടായ്മയും പ്ലസ്ടു വില്‍ മുഴുവന്‍ എ പ്ലസ് നേടിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ സെക്കന്ററി അധ്യാപകരും നല്‍കുന്ന ഉപഹാരങ്ങള്‍ വിതരണം ചെയ്തു. കണ്ണൂര്‍ യൂണിവേഴ്സിറ്റി കബഡി ടീമില്‍ ഇടം നേടിയ വിനീത, യൂണിവേഴ്സിറ്റി റസ്ലിംഗ് മത്സരത്തില്‍ സ്വര്‍ണമെഡലോടെ ഒന്നാം സ്ഥാനം നേടിയ വിപിന്‍ വിജയന്‍, ജില്ലാതല സ്‌കൂള്‍ ഫുട്ബോള്‍ ടീം അംഗമായ പി. വിസ്മയ, കീഴൂര്‍ തോണിയപകടത്തില്‍ രക്ഷകനായ ബബീഷ് എന്നിവരെ അനുമോദിച്ചു. പ്രിന്‍സിപ്പല്‍ എം. കെ. മുരളി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഗീതാ കൃഷ്ണന്‍, ഉദുമ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.സുധാകരന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം പുഷ്പ ശ്രീധരന്‍, ഗ്രാമ പഞ്ചായത്തംഗം ഷൈനിമോള്‍, വിദ്യാലയ വികസന സമിതി ചെയര്‍മാന്‍ സി.എച്ച് നാരായണന്‍ , പ്രഥമാധ്യാപിക വി. തങ്കമണി , മധു മുതിയക്കാല്‍ പി.ടി.എ. പ്രസിഡന്റ് കെ.വി. ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.