പാലക്കുന്ന് : തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നവനീതം ട്രസ്റ്റിന്റെ 2020 ലെ ‘ഭരത് കലാഭാസ്ക്കര്‍’ പുരസ്ക്കാരം കളിങ്ങോത്ത് മുകുന്ദന് ഇളംകുറ്റി പെരുമലയന് സമ്മാനിച്ചു. കേരളസംഗീത നാടക അക്കാദമി ഹാളില്‍ നടന്ന നവനീതം ഫെസ്റ്റില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജനില്‍ നിന്നാണ് പുരസ്ക്കാരം ഏറ്റുവാങ്ങിയത്.
തൃശൂര്‍ എം എല്‍ എ പി. ബാലചന്ദ്രന്, കലാ നിരൂപകന് ജോര്‍ജ് പോള്‍, നവനീതം ചെയര്മാന് ടി. ആര് വിജയകുമാര്‍, ഡയറക്ടര്‍ ബല്‍രാജ് സോണി, അഡ്മിനിസ്ട്രേറ്റര്‍ ഡോ. ദില്‍ന ബി ശ്രീധര്‍, എന്‍. സന്തോഷ്, ഇ. ബി. ബിപിന്‍ എന്നിവര്‍ പ്രസംഗിച്ചു. അരലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്ക്കാരം. പതിറ്റാണ്ടുകളായി ഉത്തരമലബാറില്‍ തെയ്യം മേഖലയില്‍ നല്കിയ സമഗ്ര സംഭവനയ്ക്ക് അനുഷ്ഠാന സപര്യ വിഭാഗത്തിലാണ് മുകുന്ദന് പെരുമലയനെ തേടി കലാഭാസ്കര്‍ അവാര്‍ഡ് വടക്കന്റെ മണ്ണിലെത്തിയത്. ആദ്യമായാണ് ഒരു തെയ്യക്കാരന് ഈ അവാര്‍ഡിനര്‍ഹനാവുന്നത്.